September 26, 2022 Monday

Related news

September 10, 2022
July 21, 2022
July 12, 2022
May 26, 2022
April 4, 2022
January 11, 2022
November 2, 2021
October 30, 2021
May 8, 2021
April 26, 2021

തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക അപര്യാപ്തം

Janayugom Webdesk
ന്യൂഡൽഹി
September 13, 2020 9:44 pm

തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് റിപ്പോർട്ട്. 2020 ലെ കേന്ദ്ര ബജറ്റിൽ 60, 000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി സർക്കാർ വകയിരുത്തിയിരുന്നത്. കോവിഡ് മഹാമാരിയും ലോക്ഡൗണും തീർത്ത പ്രതിസന്ധികളെത്തുടർന്ന് പിന്നീട് 40,000 കോടി പദ്ധതിയിലേക്ക് അധികമായി അനുവദിക്കുകയും ചെയ്തു. എന്നാൽ ഈ സാമ്പത്തിക വർഷം പകുതിയായപ്പോൾ തന്നെ 64,000 കോടി രൂപയാണ് വിനിയോഗിച്ചത്. ഇപ്പോൾ തന്നെ പദ്ധതിയിൽ 481 കോടിയുടെ കമ്മിയുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വാദിക്കുകയും ചെയ്യുന്ന പീപ്പിൾസ് ആക്ഷൻ ഫോർ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി (പിഎഇജി) അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അധികമായി അനുവദിച്ച തുക വേഗത്തിൽ തന്നെ നൽകാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ വേതനം നൽകുന്നതിലുള്ള കാലതാമസം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ദുരിതം ഇരട്ടിയാക്കുമെന്നാണ് പിഎഇജിയുടെ മുന്നറിയിപ്പ്.

പദ്ധതി പ്രകാരമുള്ള 100 പ്രവൃത്തിദിനം നൽകുക എന്നത് പല സംസ്ഥാനങ്ങളിലും സാധ്യമാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇത്രയും ദിവസത്തെ തൊഴിൽ പൂർത്തിയാക്കിയവർ തുടർന്നുള്ള ഉപജീവനത്തിന് എന്തു ചെയ്യുമെന്ന ചോദ്യവും ഉയർന്നുവരുന്നു. രാജ്യത്തെ 6.8 ലക്ഷം പേർ ഇതിനോടകംതന്നെ 100 ദിനങ്ങൾ പൂർത്തിയാക്കിവരാണ്. ആകെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ 1.2 ശതമാനമാണിത്. 51 ലക്ഷം 70 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കി. ആന്ധ്രപ്രദേശ് (2.6ലക്ഷം), ഛത്തീസ്ഗഢ് (84,000), പശ്ചിമ ബംഗാൾ (82,000), ഒഡിഷ (52,000) എന്നിങ്ങനെയാണ് നൂറ് പ്രവൃത്തി ദിനങ്ങൾ അനുവദിച്ച സംസ്ഥാനങ്ങളിലെ കണക്കുകൾ.

പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടും ഒരു പ്രവൃത്തി ദിനം പോലും ലഭിക്കാത്ത 1.55 കോടിയാണ് നിലവിലുള്ളത്. ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 27 ശതമാനത്തിന് ഒരു പ്രവൃത്തി ദിനം പോലും നൽകാൻ യുപി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശ് 22 ശതമാനം, ബിഹാർ 20 ശതമാനം എന്നിങ്ങനെയാണ് തൊട്ടു പുറകിലുള്ള സംസ്ഥാനങ്ങൾ.

തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ തുടങ്ങിയ സാങ്കേതിക കാരണങ്ങളാലാണ് 1,200 കോടിയുടെ വേതനം തള്ളിയതായി പിഎഇജി റിപ്പോർട്ടിൽ പറയുന്നത്. 23 ഇടപാടുകളിൽ ഒന്നു വീതമാണ് ഇത്തരത്തിൽ തള്ളി പോകുന്നത്. തൊഴിൽ ചെയ്തിട്ടും വേതനം ലഭിക്കാതെ വരുന്ന ഇത്തരം സംഭവങ്ങൾ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാമാരിക്കു മുമ്പ് തന്നെ ഉയർന്ന തൊഴിലില്ലായ്മയിലൂടെയും വലിയൊരു കാർഷിക ദുരിതത്തിലൂടെയുമാണ് രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങൾ കടന്നുപോയത്. നാല് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന വരുമാനനിരക്കും, തൊഴിലില്ലായ്മയും രാജ്യം നേരിടുന്നു. അതുകൊണ്ടു തന്നെ തൊഴിലുറപ്പ് പദ്ധതിയിലേക്കായി കുറഞ്ഞത് ഒരു ലക്ഷം കോടിയെങ്കിലും അനുവദിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. മഹാമാരിയും ലോക്ഡൗണും തീർത്ത പ്രതിസന്ധികൾക്ക് താങ്ങാവാൻ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

Eng­lish sum­ma­ry: Employ­ment Guar­an­tee Scheme’s fund

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.