മോഡി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍: 30ന് ദേശീയ തൊഴിലാളി കണ്‍വന്‍ഷന്‍

Web Desk
Posted on September 13, 2019, 10:36 pm

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 30ന് ദേശീയ തൊഴിലാളി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ 218 വര്‍ഷമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറികളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്. പ്രതിരോധ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍, കവചിതവാഹനങ്ങള്‍, വെടിക്കോപ്പുകള്‍, തോക്കുകള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ഓര്‍ഡനന്‍സ് ഫാക്ടറികളിലാണ് നിര്‍മ്മിക്കുന്നത്.
എന്നാല്‍ ഈ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ മോഡി സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടത്തുന്നു.
റയില്‍വേ, പ്രതിരോധം, നാഷണന്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയെ ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനുകളാക്കി മാറ്റുന്നു. ഇതോടെ സ്വകാര്യവല്‍ക്കരണം എളുപ്പമാക്കാനുള്ള തന്ത്രമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ഓര്‍ഡനന്‍സ് ഫാക്ടറികളുടെ ഉടമസ്ഥതയില്‍ മാത്രം 60,000 ഏക്കര്‍ ഭൂമിയാണുള്ളത്. സ്വകാര്യവല്‍ക്കരണത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരത്തെ എസ്മ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിരോധ വകുപ്പ് വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചു. അതിനിടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡില്‍ സ്വീകരിച്ചതായി തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ മാസം 30ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനുള്ള സംയുക്ത തൊഴിലാളി സംഘടനകളുടെ തീരുമാനം.