ചിദംബരത്തിന്റെ അറസ്റ്റ് നീട്ടി

Web Desk
Posted on July 03, 2018, 11:01 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് ഒന്നു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ചിദംബരത്തിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികരണമറിയിക്കാന്‍ സിബിഐ കൂടുതല്‍ സമയം തേടി. കേസില്‍ ചിദംബരത്തിന്റെ മകനും ഐഎന്‍എക്‌സ് മീഡിയ കേസിലെ പ്രതിയുമായ കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ ജൂണ്‍ 25 ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഫെബ്രുവരിയില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ചിലാണ് ജാമ്യം ലഭിക്കുന്നത്. 2007ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവം. ഐഎന്‍എക്‌സ് മീഡിയ ലിമിറ്റഡിന് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി സ്വാധീനമുപയോഗിച്ച് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ(എഫ്‌ഐബിപി) അനുമതി ലഭ്യമാക്കി നല്‍കുന്നതിന് പ്രതിഫലമായി പണം കൈപ്പറ്റിയെന്നാണ് കേസ്.