മോഡി സർക്കാർ ലക്ഷ്യമിടുന്ന അസം മാതൃകയിലുള്ള ദേശീയ പൗരത്വ പട്ടിക (പാൻ എൻആർസി) നടപ്പാക്കിയാൽ രാജ്യത്തെ പത്ത് കോടി ജനങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ച പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ, അസമിലെ പൗരത്വ രജിസ്റ്റർ സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
പൗരത്വം ലഭിക്കുന്നതിനായി അസമിൽ 3.3 കോടി ജനങ്ങളാണ് അപേക്ഷ നൽകിയത്. ആദ്യകരട് പട്ടികയിൽ 40 ലക്ഷം പേർ പുറത്തായി. തുടർന്നുള്ള അപ്പീലുകളിൽ 22 ലക്ഷം പേർ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടു. 18 ലക്ഷം പേരുടെ അപേക്ഷകൾ നിരസിച്ചു. വീണ്ടും നടന്ന പരിശോധനയിൽ ഒരു ലക്ഷം പേർ കൂടി പുറത്തായി. അതോടെ 19 ലക്ഷം പേരാണ് ഇപ്പോൾ പൗരത്വ പട്ടികയിൽ നിന്നും പുറത്തായി തടങ്കൽ പാളയങ്ങളിലേയ്ക്കുള്ള യാത്രയും കാത്ത് കഴിയുന്നത്. ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് അസമിൽ ഉയർന്ന പ്രതിസന്ധികൾ ദേശീയ തലത്തിലും ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
രണ്ട് കാര്യങ്ങളാണ് പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് അസമിൽ പ്രതിസന്ധി സൃഷ്ടിച്ചത്- ഫാൾസ് പോസിറ്റീവ്സ്, ഫാൾസ് നെഗറ്റീവ്സ്. ഒരു രാജ്യത്തെ പൗരന് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പൗരത്വം നഷ്ടപ്പെടുന്നതാണ് ഫാൾസ് പോസിറ്റീവ്. കുടിയേറ്റക്കാർക്ക് പൗരത്വം നിർണയിക്കുന്നതിലുണ്ടാകുന്ന വീഴ്ച്ചയുടെ ഭാഗമായി പൗരത്വം ലഭിക്കുന്നതാണ് ഫാൾസ് നെഗറ്റീവ്. അർഹരായവർക്ക് പൗരത്വം നഷ്ടപ്പെടുന്ന ഫാൾസ് പോസിറ്റീവാണ് അക്രമത്തിനും ലഹളകൾക്കും കാരണമാകുന്നത്. അസമിലെ പൗരത്വ പട്ടികയിൽ 6.8 ശതമാനം ഫാൾസ് പോസിറ്റീവും 0.3 ശതമാനം ഫാൾസ് നെഗറ്റീവുമാണ്. ഇതാണ് അസമിലെ ഇപ്പോഴും തുടരുന്ന സംഘർഷങ്ങളുടേയും പ്രതിഷേധങ്ങളുടേയും കാരണം. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമ്പേൾ അർഹരായ പത്ത് കോടി പേർക്ക് പൗരത്വം നഷ്ടപ്പെടും. ഇത് ഗുരുതരമായ പ്രതിസന്ധിയാകും സാമൂഹ്യഘടനയിൽ സൃഷ്ടിക്കുകയെന്നും വിദഗ്ധർ പറയുന്നു.
ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമ്പോൾ 11കോടി ജനങ്ങൾക്ക് ആദ്യഘട്ടത്തിൽ പൗരത്വം നഷ്ടപ്പെടും. ഈ ഘട്ടത്തിൽ ഫാൾസ് പോസിറ്റീവിസിന്റേയും ( 8.8 ശതമാനം) ഫാൾസ് നെഗറ്റീവിസിന്റേയും (2 ശതമാനം) എണ്ണം തുല്യമായിരിക്കും. ചിലപ്പോൾ പൗരത്വം ലഭിക്കുന്നതിന് അർഹതയുള്ള 9.75 കോടി പേർ പട്ടികയിൽ നിന്നും പുറത്താകും. ചിലഘട്ടത്തിൽ പുറത്താകുന്ന അർഹരായവരുടെ എണ്ണം 12.25 കോടിയായി വർധിക്കും. ദേശീയതലത്തിൽ കുറഞ്ഞത് 53 കോടി ജനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ നൽകണം. ഇത്രയധികം അപേക്ഷകൾ പരിഗണിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്.
അസമിലെ പൗരത്വ നിർണയവുമായി ബന്ധപ്പെട്ട 3.3 കോടി അപേക്ഷകൾ പരിഗണിക്കുന്നതിന് 52,000 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനമാണ് ആവശ്യമായി വന്നത്. 35 മാസത്തെ ജോലികളാണ് ഇതിന് ആവശ്യമായി വന്നത്. എതിർപ്പുകൾ ഉണ്ടായ 38 ലക്ഷം അപേക്ഷകൾ തീർപ്പാക്കുന്നതിന് 13 മാസം വീണ്ടും ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ 125 കോടി ജനങ്ങളുടെ പൗരത്വ നിർണയം, ഒമ്പത് കോടി അപേക്ഷകൾ, 75 ലക്ഷം എതിർപ്പുകൾ എന്നിവ തികച്ചും ഭയാനകമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്. കൂടാതെ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനായി സഹസ്രകോടികൾ ചെലവിടേണ്ടി വരുന്നത് യുക്തിസഹജമല്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.