Web Desk

കൊച്ചി

June 28, 2020, 6:08 pm

മാസ്ക് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്ന് ശിശുരോഗവിദഗ്ദ്ധരുടെ സംഘടന

Janayugom Online

രണ്ടു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ കുട്ടികളേയും നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ശീലിപ്പിക്കണമെന്ന്
ശിശുരോഗവിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. രണ്ടു വയസ്സിനു താഴെയുള്ളവരെ മാസ്ക് ധരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇവരെ മാസ്ക് ഉപയോഗിക്കുന്നതില്‍ നിന്ന്
ഒഴിവാക്കുന്നതാണു അഭികാമ്യമെന്ന് ശിശുരോഗവിദഗ്ദ്ധരുടെ സംഘടന നിര്‍ദ്ദേശിച്ചു.

പോകുന്ന ഇടങ്ങളില്‍ ആറു അടി ശാരീരിക അകലം ഉറപ്പാക്കണം. പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ ഫര്‍ണ്ണിച്ചറുകളിലും മറ്റും സ്പര്‍ശിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാനിറ്റൈസര്‍ ഉപയോഗിച്ചു് കൈകള്‍ ശുചിയാക്കാനും ശ്രദ്ധ വേണമെന്നു IAP സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരായണന്‍ പറഞ്ഞു.

സാധാരണ തുണിയില്‍ ഇലാസ്റ്റിക്കുകള്‍ വള്ളികളുള്ള മാസ്ക് രോഗവ്യാപനം തടയാനുള്ള മികച്ച ഉപാധിയാണ്. പക്ഷേ രോഗബാധ സാധ്യത കൂടുതലുള്ള ഇടങ്ങളില്‍ സര്‍ജിക്കല്‍ മാസ്ക് തന്നെ വേണ്ടിവരും. ഗുരുതരമായ അസുഖങ്ങള്‍ മൂലം രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ക്കു് N95 മാസ്കാണ് നല്ലത്. മാസ്ക് ധരിച്ച് കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസതടസ്സത്തിന് സാധ്യതയുള്ളതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഡോ. നാരായണന്‍ പറഞ്ഞു.

ധരിക്കുമ്പോള്‍ മാസ്കില്‍ സ്പര്‍ശിക്കാതിരിക്കാനും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു് കഴുകാനും പരിശീലിപ്പിക്കണം. ഇത് രോഗപ്രതിരോധത്തിനും ശുചിത്വശീലത്തിനും ഏറെ ഗുണകരമാണ്.

മഴക്കാലത്ത് ദാഹം തോന്നാത്തതു മൂലം വെള്ളം കുടിക്കുന്നത് കുറയാറുണ്ട്. ഇതു പരിഹരിക്കാന്‍ ഇടയ്ക്കിടെ കുട്ടികള്‍ക്ക് നാരങ്ങാവെള്ളം നല്‍കുന്നത് വൈറ്റമിന്‍ സി കൂടുതലായി അവരുടെ ശരീരത്തിലെത്താന്‍ സഹായകമാകും. വൈറ്റമിന്‍ , ധാതു ലവണങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള പോഷകാഹാരങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കോവി‍ഡ് കാലത്ത് പ്രതിരോധകുത്തിവയ്പുകള്‍ ഒരു കാരണവശാലും മുടക്കരുതെന്നും ഡോ. നാരായണന്‍ പറഞ്ഞു.

ENGLISH SUMMARY:The Asso­ci­a­tion of Pedi­a­tri­cians says par­ents should take the ini­tia­tive to use the mask
You may also like this video