Web Desk

കാഞ്ഞങ്ങാട്

June 26, 2020, 10:46 pm

പ്ലാവിൽ നിന്ന് വീണു പരിക്കേറ്റ് കോവിഡ് ചികിത്സയിലായ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Janayugom Online

പ്ലാവിൽ നിന്ന് വീണ് പരിക്കേറ്റ് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെവച്ച് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാവുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ഏഴാം മൈല്‍ അയ്യങ്കാവ് കരിയത്തെ കോട്ടൂർ റോബിന്‍ തോമസ് ( 44) ആണ് മരിച്ചത്. മെയ് 19ന് രാവിലെ വീട്ടുപറമ്പിലെ പ്ലാവിൽ കയറി തോട്ടി ഉപയോഗിച്ച് ചക്ക പറിക്കവെയാണ് അപകടമുണ്ടായത്.

ചക്ക തലയിൽ വീണതോടെ പ്ലാവിൽ നിന്നും റോബിൻ തെറിച്ച് നിലത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ റോബി നെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കോവിഡ് ബാധയുണ്ടായിരുന്ന പ്രദേശങ്ങളുമായോ വ്യക്തികളുമായോ റോബിന് യാതൊരുവിധ സമ്പര്‍ക്കവും കണ്ടെത്താനായിരുന്നില്ല.

ഇതോടെ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കാനിടയായ സാഹചര്യം വിശദീകരിക്കാനായിരുന്നില്ല. ഇദ്ദേഹവുമായി വളരെയടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളും ആശുപത്രിയിലേക്ക് കൊണ്ടുപോയവരുമുള്‍പ്പെടെ മറ്റാര്‍ക്കും രോഗബാധ കണ്ടെത്താനും ആയിരുന്നില്ല. പിന്നീട് കോവിഡ് മുക്തനായെങ്കിലും ശസ്ത്രക്രിയ നടത്താൻ പോലും കഴിയാത്ത വിധം ആരോഗ്യനില മോശമായിരുന്നു റോബിന്റെ ആരോഗ്യനിലയെന്ന് ഡോക്ടർമാർ പറഞ്ഞു.

വെന്റിലേറ്ററിൽ കൈയും കാലും തളർന്ന നിലയിൽ കഴിഞ്ഞ റോബിന് രണ്ടുതവണ ഹൃദയാഘാതമുണ്ടായി.ഇന്നലെ വൈകുന്നേരത്തോടെ മൂന്നാമത്തെ ഹൃദയാഘാതത്തോടെയാണ് റോബിൻ മരണപ്പെടുന്നത്. പരേതനായ തോമസിന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ:ബിന്ദു (അടുക്കളക്കണ്ടം).  മക്കൾ:റിയ, റോണ്‍ (ഇരിയ മഹാത്മ പബ്ലിക്ക് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങള്‍: ജോണ്‍, റോയി, റീന.

you may also like this video;