പെരിയ: മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലവും അപ്രോച്ച് റോഡും ജനസഹസ്രങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മുന്നാംകടവ് പാലത്തിന് ശേഷം കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് സഞ്ചാരം വേഗത്തിലാക്കുന്നതാണ് ആയംകടവ്‌പാലം. നമ്മുടെ നാട് നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക പ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത് അടിസ്ഥാന സൗകര്യ വികസനത്തിന് തടസമാവരുതെന്ന നയമാണ് സംസ്ഥാന സർക്കാരിനുള്ളത്.
മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലമായ ഉദുമ മണ്ഡലത്തിലെ ആയംകടവ് പാലം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികൾ സമയബന്ധിതമായി പുർത്തിയാക്കണം. നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും പൂർത്തിയാകുകയാണ്. 20,000 കോടി രൂപ മുതൽ മുടക്കി പൊതുമരാമത്ത് വകുപ്പ് മുഖേന വിവിധ പദ്ധതികളുടെ നിർമാണം പൂർത്തിയായി. കിഫ്‌ബി മുഖേന പതിനായിരം കോടിയുടെ നിർമാണം പൂർത്തിയാകാൻ പോകുന്നു. ബജറ്റിൽ വകയിരുത്തിയ നിർമാണ പ്രവൃത്തികളും നടപ്പാക്കും. റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവ പുതുക്കി പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
പ്രളയം അടിസ്ഥാന സൗകര്യ മേഖലിയിൽ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പതിനായിരം കിലോമീറ്റർ റോഡുകൾ തകർന്നു. ഇവയുടെ നിർമാണം അതേരൂപത്തിൽ പുന:സ്ഥാപിക്കലല്ല. കാലോചിതമായി മികച്ച നിലക്കുള്ള നിർമാണമാണ് ന്യൂ ബിൽഡ്‌കേരള പദ്ധതിയിൽ നടക്കുന്നത്. പ്രകൃതി ക്ഷോഭങ്ങൾ നേരിടാനുള്ള കരുത്തുള്ള ഡച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിർമാണം.
നിർമിച്ച് കുറച്ച് കഴിഞ്ഞ് പൊളിഞ്ഞ് പോകുന്നതല്ല വേണ്ടത്. ദീർഘകാലത്തേക്ക് നിൽനിൽക്കുന്നവയായിരിക്കണം. ഇതനുസരിച്ചുള്ള പദ്ധതികളാണ് നവകേരളം നിർമിതിയിൽ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ഉദുമ മണ്ഡലത്തിലെ പുല്ലൂർ–- പെരിയ പഞ്ചായത്തിനെയും ബേഡഡുക്ക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആയം കടവ് പാലത്തിൽ സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങിലേക്ക് ആയിരങ്ങളാണ് പ്രവഹിച്ചത്. വനിതകളൂടെ ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ബേഡഡുക്ക, പുല്ലൂർ പെരിയ പഞ്ചായത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്‌കാരത്തിന് സാക്ഷ്യം വഹിക്കാൻ ഇരു പഞ്ചായത്തുകളിലെയും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങളെത്തി. മാലപ്പടക്കം പൊട്ടിച്ചും പായസം നൽകിയും നാട്ടുകാർ ആഘോഷിച്ചു.
എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, കലക്ടർ ഡോ. ഡി സജിത്ത്‌ബാബു കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, കാഞ്ഞങ്ങാട്‌ബ്ലോക്ക് പഞ്ചായത്ത്‌പ്രസിഡന്റ് എം ഗൗരി, ബേഡഡുക്ക പഞ്ചായത്ത്‌പ്രസിഡന്റ് സി രാമചന്ദ്രൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായർ, ജില്ലാ പഞ്ചായത്തംഗം ഡോ. വി പി പി മുസ്‌തഫ, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കർ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹക്കീം കുന്നിൽ, ഉഷാ ചന്ദ്രൻ, എം ശാന്തകുമാരി, വി ദിവാസകരൻ, സി എ സതീശൻ, ജോസഫ് മൈക്കിൾ, അബ്രഹാം തോന്നക്കര, പി പി രാജു, ജോസഫ് വടകര, എം കുഞ്ഞിരാമൻ, എം അനന്തൻ നമ്പ്യാർ, വി കെ രമേശൻ, അസീസ് കടപ്പുറം, എ വി രാമകൃഷ്‌ണൻ, ജോൺ ഐമൺ, പി എം മൈക്കിൾ എന്നിവർ സംസാരിച്ചു. പാലത്തിന്റെ നിർമാണം പുർത്തിയാക്കിയ ജാസ്-മീൻ കൺസ്-ട്രക്ഷൻ കമ്പനി എംഡി അബ്ദുൾറഹ്‌മാനെയലും പാലത്തിനും റോഡിനും സ്ഥലം സൗജന്യമായി നൽകിയവരെയും അനുമോദിച്ചു. ചീഫ് എൻജിനിയർ എസ് മനോ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ സ്വാഗതവും സുപ്രണ്ടിങ് എൻജിനിയർ പി കെ മിനി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.