Sunday
20 Oct 2019

ബാങ്കേഴ്‌സ് സമിതിനിലപാട് ശത്രുതാപരം

By: Web Desk | Monday 24 June 2019 10:59 PM IST


ഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷകര്‍ക്കു നേരെ മറ്റൊരു കനത്ത ഭീഷണിയാണ് സംസ്ഥാന ബാങ്കേഴ്‌സ് സമിതി ഉയര്‍ത്തിയിരിക്കുന്നത്. കര്‍ഷകരുടെ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ പത്രപരസ്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ജൂലൈ 31 വരെയുള്ള മൊറട്ടോറിയം പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ബാങ്കുകള്‍ ജപ്തി നടപടിയുമായി മുന്നോട്ടുപോകുമെന്ന് പരസ്യം നല്‍കിയിരിക്കുന്നത്. മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടി നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലെന്ന വാദമാണ് ബാങ്കേഴ്‌സ് സമിതി ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരില്‍ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി പരസ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാങ്കുകളുടെ സഹകരണം ലക്ഷ്യമാക്കി ഇന്ന് തിരുവനന്തപുരത്ത് ബാങ്കേഴ്‌സ് സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കെയാണ് ഇത്. യോഗത്തിനു മുന്നോടിയായി പരസ്യം നല്‍കിയത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തന്നെ പ്രതിബന്ധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്ന് കരുതുന്നതിലും തെറ്റില്ല. പ്രളയം സൃഷ്ടിച്ച ദുരിതക്കയത്തില്‍പ്പെട്ട കര്‍ഷകരെയും അവരെ സഹായിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബാങ്കേഴ്‌സ് സമിതി. സംസ്ഥാനത്തെയും കര്‍ഷകരെയും സഹായിക്കാന്‍ ബാങ്കുകള്‍ സന്നദ്ധമായിരുന്നെങ്കില്‍ ഇന്നു നടക്കുന്ന സമിതി യോഗം വരെ കാത്തിരിക്കാനുള്ള സന്‍മനോഭാവമെങ്കിലും അവര്‍ക്ക് കാണിക്കാമായിരുന്നു.
കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടിരൂപയുടെ വായ്പകള്‍ എഴുതിതള്ളുന്നതില്‍ യാതൊരു ലുബ്ധും വൈമുഖ്യവും കാണിക്കാത്തവരാണ് നമ്മുടെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍. ആയിരക്കണക്കിനു കോടി രൂപ വായ്പ ഇനത്തില്‍ തട്ടിയെടുത്ത വിജയ് മല്യമാരും നീരവ് മോഡിമാരും ബാങ്ക് മേധാവികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അറിവോടെയും ഒത്താശയോടെയും നികുതി സ്വര്‍ഗങ്ങളിലേക്ക് രക്ഷപ്പെടാന്‍ അനുവദിക്കുന്ന രാജ്യത്താണ് കര്‍ഷക ദ്രോഹ നടപടികള്‍ അരങ്ങേറുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 36,377 കോടി രൂപയുടെ വായ്പകള്‍ എഴുതി തള്ളുകയുണ്ടായി എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു മറുപടി നല്‍കുകയുണ്ടായി എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളിലായി അഞ്ചുലക്ഷത്തില്‍പരം രൂപയുടെ വായ്പകളാണ് ഇത്തരത്തില്‍ എഴുതിതള്ളിയത്. ഇതിന്റെ ആനുകൂല്യം ലഭിച്ചതാകട്ടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും. അഭൂതപൂര്‍വമായ കാര്‍ഷിക-സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളണമെന്ന കര്‍ഷകരുടെയും അവരുടെ സംഘടനകളുടെയും ആവശ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരും റിസര്‍വ് ബാങ്കും പൊതുമേഖലാ ബാങ്കുകളുമാണ് വായ്പകള്‍ എഴുതിത്തള്ളി കോര്‍പ്പറേറ്റ് പ്രീണനത്തിനു മുതിരുന്നത്. കേരളത്തിന്റെ കാര്യത്തില്‍ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ വേണ്ടിയുള്ള ജപ്തി നടപടികള്‍ക്ക് അഞ്ച് മാസക്കാലത്തെ സാവകാശം കൂടി അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. കര്‍ഷകര്‍ക്ക് അനുവദിക്കുന്ന പുതിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പലിശ വഹിക്കാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചിരിക്കെ ബാങ്കേഴ്‌സ് സമിതിയുടെ നിലപാട് സൗഹൃദരഹിതം മാത്രമല്ല ശത്രുതാപരമെന്നുകൂടി പറയേണ്ടി വരും.
കര്‍ഷകരോടും സാധാരണക്കാരോടും ശത്രുതാപരമായ സമീപനം കൈക്കൊള്ളുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയേയും സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തേയുമാണ് നേരിടുന്നത്. പൊതുമേഖലാ ബാങ്കുകളടക്കം ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണം അവ സാമാന്യ ജനങ്ങളില്‍ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു എന്നതാണ്. പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന പണം കോര്‍പ്പറേറ്റുകള്‍ക്കായി വഴിതിരിച്ചു വിടുന്നതിനുള്ള ഉപകരണങ്ങളായി നമ്മുടെ ബാങ്കുകളെ മാറ്റിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ഏതറ്റം വരെയും പോകാന്‍ വിസമ്മതിക്കുന്നവരുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അന്തരീക്ഷമാണ് റിസര്‍വ് ബാങ്കടക്കം ബാങ്കിംഗ് മേഖലയിലാകെ നിലനില്‍ക്കുന്നത്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ വിസമ്മതിച്ച് രഘുറാം രാജന്‍ പിന്മാറിയതിന്റെയും പിന്‍ഗാമിയായ ഊര്‍ജിത് പട്ടേലും തുടര്‍ന്ന്, ഇന്നലെ, ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ രാജിവച്ചതും അത്തരം സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തെ സഹായിക്കാന്‍ വിസമ്മതിക്കുന്ന മോഡി സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ ബാങ്ക് മേധാവികളെയും സ്വാധീനിച്ചിരിക്കാം എന്നുകരുതുന്നതില്‍ തെറ്റില്ല. കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടും കര്‍ഷകരോടുമുള്ള സമീപനത്തില്‍ മൗലികമായ മാറ്റം കൂടിയേ തീരു. അതുതന്നെയായിരിക്കും ബാങ്കിംഗ് മേഖലയെ അടിസ്ഥാനപരമായി സ്വാധീനിക്കുക. ബാങ്കേഴ്‌സ് സമിതിയുടെ നിലപാടുകളെ വിട്ടുവീഴ്ച കൂടാതെ ചെറുക്കുമെന്ന സന്ദേശമാണ് കേരള സര്‍ക്കാരിന്റേത്. അതിന് സംസ്ഥാനത്തെ ജനങ്ങളുടെയാകെ പിന്തുണ ഉണ്ടാവുമെന്ന കാര്യം അവിതര്‍ക്കിതമാണ്.