18 April 2024, Thursday

Related news

March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023
December 7, 2023

കൂട്ടമണി ഉയര്‍ന്നു; സ്കൂളുകളിലെങ്ങും ആവേശം വാനോളം

Janayugom Webdesk
ആലപ്പുഴ
November 1, 2021 8:27 pm

കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ ആഹ്ളാദം മാസ്കിന്റെ മറയെ തോൽപ്പിച്ച് കുട്ടികളുടെ മുഖങ്ങളിൽ തിളങ്ങി. ബഞ്ചിൽ ഇരുന്നപ്പോൾ പലരും ക്ലാസ് മുറിയിലെ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു. കൂട്ടുകൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ആവേശത്തോടെ അടുത്തവർ കോവിഡ് പ്രതിരോധ പാഠങ്ങളോർത്ത് സ്വയം പിൻവാങ്ങി. പ്രതിരോധം മറന്നവർക്ക് അധ്യാപകർ മുന്നറിയിപ്പു നൽകി.

ഇരുപത് മാസത്തെ നീണ്ട ഇളവേളയ്ക്കുശേഷം ജില്ലയിലെ സ്കൂളുകൾ അത്യപൂർവ്വമായ പ്രവേശനോത്സവത്തിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് പ്രതിരോധം ഉറപ്പാക്കിയാണ് 729 സ്കൂളുകളിലും 121 ഹയർ സെക്കൻഡറി സ്കുളുകളിലും 20 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഇന്നലെ ക്ലാസ് തുടങ്ങിയത്. ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ക്ലാസുകളിലേക്ക് കടത്തിവിട്ടത്. സമ്മാനങ്ങളും പായസവും മിഠായിയുമൊക്കെ നൽകി അധ്യാപകർ അവരെ വരവേറ്റു. കേരളപ്പിറവി ദിനത്തിൽ ഏറെ അധ്യാപകരും വിദ്യാർഥികളും കേരളീയ വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.

ജില്ലാതല പ്രവേശനോത്സവം അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിപിൻ സി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കവിത, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി ആർ ഷൈല, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ്, ഗ്രാമ പഞ്ചായത്തംഗം കെ മനോജ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ റോസ്, പ്രിൻസിപ്പൽ സൈനി ഹമീദ്, പ്രഥമാധ്യാപിക എൽ അനുപമ, പി ടി എ പ്രസിഡന്റ് ബിന്ദു ബൈജു, പി ലിഷ തുടങ്ങിയവർ പങ്കെടുത്തു. പുന്നപ്ര ഗവണ്മെന്റ് ജെ ബി സ്കൂളിൽ നടന്ന ഉപജില്ലാതല പ്രവേശനോത്സവം ജില്ലാ കളക്ടർ എ അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

അധ്യാപകരും വിദ്യാർഥികളും കോവിഡ് പ്രതിരോധം ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. എം എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ ടി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, സ്കൂൾ എച്ച് എം മുഹമ്മദ് കബീർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി ആർ ഷൈല, ഉപജില്ലാ ഓഫീസർ കെ മധുസൂദനൻ, തുടങ്ങിയവർ സന്നിഹിതരായി. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നതിനായി രണ്ടു ബാച്ചുകളാണ് ക്ലാസ് നടത്തുന്നത്. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് സ്കൂളുകളിൽ പ്രത്യേക ഹെൽപ്പ് ഡസ്കുകൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നുതന്നെ ഉച്ചഭക്ഷണം നൽകിത്തുടങ്ങി. കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററുകൾ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.