Web Desk

ഫറോക്ക്

January 24, 2020, 10:07 pm

ബേപ്പൂർ  എം എൽ എ വികസന സംവാദ സദസ്സ് സംഘടിപ്പിച്ചു

Janayugom Online

ബേപ്പൂർ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ  സമൂഹവുമായി ചർച്ച ചെയ്യാൻ വി കെ സി മമ്മദ് കോയ എം എൽ എ വിവിധ മേഖലകളിലുള്ളവരുടെ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഫറോക്ക് നഗരസഭാ തലത്തിൽ നടന്ന പരിപാടിയിൽ  വ്യാപാരികൾ, വ്യവസായികൾ, പ്രൊഫഷനലുകൾ , പൊതു പ്രവർത്തകർ  തുടങ്ങിയവർ  പങ്കെടുത്തു.കഴിഞ്ഞ മൂന്നര വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ  വികസന പദ്ധതികൾ എം എൽ എ വിവരിച്ചു.   കെ മാനുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ചാലിയത്ത് ഫിഷ് ലാൻഡിംഗ് സ്റ്റേഷൻ നിർമ്മിക്കുമെന്നും ഫറോക്കിൽ ചുങ്കത്ത്  റീജിനൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആരംഭിക്കുമെന്നും  ചെറുവണ്ണൂരിലെ കുണ്ടായിത്തോട് കേരള വാട്ടർ അതോരിറ്റിയുടെ  പ്രാദേശിക കേന്ദ്രം  ഉടനെ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം ,  റോഡുവികസനം ‚വ്യവസായ വികസനം തുടങ്ങിയ മേഖലകളിൽ വലിയ  വികസനം ഉണ്ടായതായി യോഗം വിലയിരുത്തി. ഫറോക്കിൽ പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുക, പൊതു സ്മശാനം നിർമ്മിക്കുക,   വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യമൊരുക്കുക, പൊതു മാർക്കറ്റ് തുടങ്ങുക, എളേടത്തുപാലം ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ   യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു. ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല  പങ്കെടുത്തു. എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: The Bey­pore MLA devel­op­men­tal dis­course conference