ചുണ്ടൻ വള്ളങ്ങളുടെ ഭീഷ്മാചാര്യൻ വിസ്മൃതിയിൽ

Web Desk
Posted on November 02, 2019, 10:21 pm

ആർ ബാലചന്ദ്രൻ

ആലപ്പുഴ: വള്ളംകളിയുടെ പെരുമ ലോകമെമ്പാടും പടർത്തിയ ആലപ്പുഴക്ക് മറക്കാനാകാത്ത നാമമാണ് നടുഭാഗം ചുണ്ടൻ എന്ന ജലരാജാവിന്റേത്. ഒരു ചരിത്ര സാക്ഷ്യം തന്നെ മുന്നിൽ ഉണ്ടായിട്ടും ആരും സംരക്ഷിക്കാനില്ലാതെ പതുക്കെ നിശ്ശബ്ദമായി ഒടുങ്ങുകയാണ് ഒരു കാലത്ത് ഉഗ്രപ്രതാപിയായിരുന്ന ഈ കരിനാഗം. വള്ളം കളിക്ക് അർഹമായ സ്ഥാനം നേടിതന്നത് നടുഭാഗം ചുണ്ടനാണെന്നത് ഒരു ചരിത്ര സാക്ഷ്യമാണ്. ഇതിന് ശേഷം ആദ്യ നടുഭാഗം ചുണ്ടൻ പിന്നീട് വിസ്മൃതിയിലേക്ക് മറഞ്ഞു. സമയാസമയങ്ങളിൽ വള്ളത്തിന്റെ ഉടമകൾക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ വന്നതോടെ ഇതിന്റെ കഷ്ടകാലം ആരംഭിച്ചു. 10 ലക്ഷം രൂപ നവീകരണത്തിനായി കണ്ടെത്തുക എന്നത് ഉടമകൾക്കും കരക്കാർക്കും ഒരുപോലെ ഭാരിച്ച ഉദ്യമമായി. പിന്നീട് മത്സരങ്ങൾ കുറഞ്ഞതോടെ വള്ളം വാടകയ്ക്ക് നൽകിയെങ്കിലും അതും പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല. ഇതോടെ വള്ളത്തെ തഴഞ്ഞ് പൂർണ്ണ വിശ്രമം നൽകാൻ ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. 67 വർഷമായി ഒരു ചരിത്ര ശേഷിപ്പായി പുപ്പള്ളി ജംഗ്ഷന് സമീപം കാടുപിടിച്ച് തകർന്ന വള്ളപ്പുരയിൽ കഴിയുകയാണ് ഇന്നും ആ ജലരാജൻ. മഴയും വെയിലുമേറ്റ് വള്ളപ്പുര പൂർണ്ണമായും നശിച്ചു കഴിഞ്ഞു.

ചുണ്ടൻ നശിക്കരുതെന്ന നിർബന്ധമുള്ള ആരോ ഇതിന്റെ കുറച്ചുഭാഗം ചെറിയ പ്ലാസ്റ്റിക്ക് കൊണ്ട് ചെറിയ മറ നൽകിയിട്ടുണ്ട്. വൈകാതെ ഈ ജലരാജൻ ഓർമ്മയാകാനാണ് സാധ്യത. പ്രധാനമന്ത്രി നെഹ്രു ആലപ്പുഴയിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനുള്ള നിയോഗം നടുഭാഗം ചുണ്ടനായിരുന്നു. ഇതോടെ വള്ളം കളിക്ക് പുതിയ മാനങ്ങൾ കൈവരുകയും ചെയ്തു. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. കാലം മാറിയതോടെ വള്ളംകളി കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടു. വിദേശികൾക്കും സ്വദേശികൾക്കും കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനായി വള്ളംകളി പുതിയ തലത്തിലേക്ക് ഉയർന്നു. പുന്നമടയിൽ നടക്കുന്ന നെഹ്രുട്രോഫിയിൽ തുടങ്ങി കൊല്ലം പ്രസിഡൻഷ്യൽ ട്രോഫിവരെ നീളുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വന്നതോടെ ടൂറിസത്തിനും പ്രാധാന്യം കൈവന്നു.

പുതിയ ചുണ്ടനുമായി (നടുഭാഗം) പള്ളാത്തുരുത്തി ബോട്ട്ക്ലബ് ഇറങ്ങിയെങ്കിലും 2015ൽ നെഹ്രുട്രോഫിയിൽ നിരാശയായിരുന്നു ഫലം. എന്നാൽ മാന്നാർ മഹാത്മാ ജലോത്സവം ജയിച്ചുകൊണ്ട് പുത്തൻ ചുണ്ടൻ വരവറിയിച്ചു. 2016ലും 2017ലും മാന്നാറിൽ വിജയികളായി ഹാട്രിക് തികച്ചു. 2016ൽ മൂലം ജലോത്സവവും ജയിച്ചു. 2018ൽ വീണ്ടും ചമ്പക്കുളം മൂലം ജലോത്സവം വിജയിച്ചു. ഇതിനിടയിൽ 2016,2017,2018 എന്നീ വർഷങ്ങളിൽ താഴത്തങ്ങാടിയിൽ വിജയിച്ച് രണ്ടാമത്തെ ഹാട്രിക്ക് തികച്ചു. ഇവകൂടാതെ 2017ൽ കന്നേറ്റിയിലും 2018ൽ നീരേറ്റുപുറത്തും വിജയികളായി. പുത്തൻ ചുണ്ടൻ നാലു വർഷത്തിനുള്ളിൽ രണ്ടു ഹാട്രിക്കുകൾ ഉൾപ്പെടെ 10 ട്രോഫികൾ ആണു വാരിക്കൂട്ടിയത്. ഇപ്പോഴിതാ പ്രഥമ ചാംപ്യൻ ലീഗിലെ ആദ്യ നെഹ്രു ട്രോഫി തന്നെ സ്വന്തമാക്കി കരുത്ത് തെളിയിച്ചു. പുതിയതായി തുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഡിൻെറ ഒമ്പതാം പാദ മത്സരം നടക്കാനിരിക്കെ ഒന്നാം സ്ഥാനത്ത് തന്നെയാണ് നടുഭാഗമുള്ളത്. അതേസമയം, ചുണ്ടൻ വള്ളങ്ങളുടെ പിതാമഹനായി വിശേഷിപ്പിക്കാവുന്ന നടുഭാഗനെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും സംരക്ഷിക്കണമെന്ന് സാംസ്ക്കാരിക പ്രവർത്തകൻ ഹരികുമാർ ഡി വാലേത്ത് ആവശ്യപ്പെട്ടു. വിനോദസഞ്ചാരത്തിന്റെ പുനർജനിയാണ് വള്ളങ്ങൾ. ടൂറിസം വകുപ്പ് നടുഭാഗം ചുണ്ടനെ സംരക്ഷിക്കുന്നതിന് മ്യുസിയം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. കുട്ടനാട് സന്ദർശിക്കുന്ന വേളയിൽ വീണു കിടക്കുന്ന പഴയ ജലരാജനെ കാണാൻ നിരവധി പേരാണ് എത്തുന്നത്.