ഓഹരിവിപണിയിൽ വൻ തകർച്ച

സ്വന്തം ലേഖകൻ

മുംബൈ

Posted on March 23, 2020, 10:32 pm

അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു. യാത്രാവിലക്കുകള്‍ ശക്തമായതോടെയാണ് ഓഹരി വിപണി ഇന്നലെ ഏറ്റവും വലിയ പ്രതിദിന നഷ്ടത്തിലേക്കാണ് നീങ്ങിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഇന്നലെ 13 ശതമാനം ഇടിഞ്ഞു. 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിൽ എത്തിയതിനെ തുടർന്ന് സെൻസെക്സ്, നിഫ്റ്റി എന്നീ സൂചികകൾ രാവിലെ വ്യാപാരം 45 മിനിട്ട് നിർത്തിവച്ചിരുന്നുവെങ്കിലും വ്യാപാരം പുനരാരംഭിച്ചതിനുശേഷവും ഇടിവ് തുടരുകയായിരുന്നു. സെന്‍സെക്‌സ് 3,935 പോയിന്റ് താഴ്‌ന്ന് 25,981 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1,135 പോയിന്റ് താഴ്‌ന്ന് 7,610 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം നിർത്തിയത്. ബി‌എസ്‌ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 1,05 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഇതോടെ നിക്ഷേപകർക്ക് ഇന്നലെ ഓഹരി വിപണിയിൽ നിന്ന് 10.17 ലക്ഷം കോടി രൂപ നഷ്ടമായി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 14.5 ശതമാനവും 13 ശതമാനവും ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ. നിഫ്റ്റി ബാങ്ക് സൂചികയിൽ 16 ശതമാനം ഇടിവാണുണ്ടായത്. നിഫ്റ്റി ഫിൻ സർവീസസ് 15.5 ശതമാനവും നിഫ്റ്റി ഓട്ടോ 14 ശതമാനവും തകർന്നു. നിഫ്റ്റി മെറ്റൽ 11.2 ശതമാനവും നിഫ്റ്റി എഫ്എംസിജി 10.4 ശതമാനവും ഇടിഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയതാണ് വിപണിയിൽ ദൃശ്യമായത്. ഏഷ്യൻ വിപണികളിലെല്ലാം നഷ്ടം രേഖപ്പെടുത്തി. ന്യൂസിലാൻഡ് വിപണി റെക്കോർഡ് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഷാങ്ഹായ് ബ്ലൂ ചിപ്പ് സൂചിക 1.9 ശതമാനം ഇടിഞ്ഞു. എന്നാൽ ജപ്പാനിലെ നിക്കി അപ്രതീക്ഷിതമായി 2.2 ശതമാനം ഉയർന്നു. ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് (ബോഫാം) ഇന്ത്യയുടെ വളർച്ചാ പ്രവചനം 90 ബേസിസ് പോയിന്റ് കുറച്ച് 3.1 ശതമാനമാക്കി. മാർച്ച് പാദത്തിൽ നാലുശതമാനത്തിൽ നിന്ന് 3.1 ശതമാനമായാണ് വളർച്ച നിരക്ക് കുറച്ചത്. ഒരു മാസത്തെ ലോക്ക്ഡൗണിന് വാർഷിക ജിഡിപിയുടെ 50 ബേസിസ് പോയിന്റ് ചെലവ് വരുമെന്ന് കണക്കാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Eng­lish Sum­ma­ry: The biggest down­turn in the stock mar­ket

You may also like this video