Web Desk

അഹമ്മദാബാദ്

February 24, 2021, 9:35 pm

പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന് മോഡി നാമധേയവുമായി ബിജെപി സർക്കാർ

Janayugom Online

സർദാർ വല്ലഭായ് പട്ടേലിന്റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി ബിജെപി സർക്കാർ. സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്റെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ, കേന്ദ്ര കായികമന്ത്രി കിരൺ റിജിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിൽ എത്താൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായതിനാലാണ് ബിസിസിഐ പ്രസിഡന്റുകൂടിയായ സൗരവ് ഗാംഗുലിക്ക് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. 

ഇന്ത്യ‑ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് (ഡേ നൈറ്റ്) ഇവിടെയാണ് നടക്കുന്നത്. ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറിയുള്ള സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്റേഡിയം എന്ന റെക്കോഡുമുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിൽ ടെസ്റ്റ്, ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്. 1983‑ൽ നിർമ്മിക്കപ്പെട്ട സ്റ്റേഡിയത്തിന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ പേരാണ് നൽകിയിരുന്നത്. 1987, 1996, 2011 ലോകകപ്പ് മത്സരങ്ങൾക്ക് മൊട്ടേര സ്റ്റേഡിയം വേദിയായി. 2006‑ൽ പുതുക്കിപ്പണിതപ്പോഴും സ്‌റ്റേഡിയത്തിന്റെ പേര് മാറ്റിയിരുന്നില്ല.

2017–2020 കാലയളവിലായി സ്‌റ്റേഡിയത്തിന്റെ പുനർനിർമ്മാണത്തിനായി 800 കോടിയാണ് ചെലവഴിച്ചത്. ലാർസൻ ആന്റ് ടുബ്രോ ആണ് പുനർനിർമ്മാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചത്.ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക. എന്നാൽ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്ന ബിജെപി ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.‘ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയിരിക്കുന്നു. 

ഇത് പട്ടേലിനെ അപമാനിക്കല്‍ അല്ലാതെ മറ്റെന്താണ്? പട്ടേലിനെ അപമാനിച്ചത് ഗുജറാത്തിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. സർദാർ പട്ടേൽ ആണ് ആർ‌എസ്‌എസിനെ നിരോധിച്ചത്. അതിനാലാണ് സർദാർ പട്ടേലിന്റെ പേര് മായ്ക്കാൻ ആർ‌എസ്‌എസ് ശിഷ്യന്മാർ എല്ലാ ശ്രമങ്ങളും നടത്തുന്നത്. അകത്ത് വെറുപ്പ്, പുറത്ത് സൗഹൃദം എന്നതാണ് പട്ടേലിനോടുള്ള ബിജെപിയുടെ നിലപാട്. സർദാർ പട്ടേലിനെ അപമാനിച്ചത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്ന് ഓര്‍ത്തോളൂ”. പട്ടേല്‍ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്​ മോഡിയുടെ പേര്​ നല്‍കിയതിനെ പരിഹസിച്ച്‌​ ഗുജറാത്തിലെ പ്രമുഖ ദളിത്​ നേതാവും എംഎല്‍എയുമായ​ ജിഗ്​നേഷ്​ മേവാനിയും ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്തെത്തി. ‘ഗുജറാത്തിലെ ജനങ്ങള്‍ക്ക്​ ഞാന്‍ ഉറപ്പുനല്‍കുകയാണ്​. ഒരു ദിവസം നമ്മള്‍ മോട്ടേര സ്​റ്റേഡിയത്തിന്​ സര്‍ദാര്‍ പ​ട്ടേലിന്റെ പേരിടും. കൂടെ കന്‍കാരിയ മൃഗശാലക്ക്​ നരേന്ദ്ര മൃഗ​ശാലയെന്നും പേരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു). മേവാനി കുറിച്ചു.

ENGLISH SUMMARY:The BJP gov­ern­ment named the sta­di­um as modi
You may also like this video