25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ഈദ്ഗാഹ് മൈതാനത്ത് ആശുപത്രി സ്ഥാപിക്കുമെന്ന് ബിജെപി ഭരണകൂടം

Janayugom Webdesk
ശ്രീനഗര്‍
October 2, 2022 7:20 pm

താഴ്‌വരയിലെ ഏറ്റവും വലിയ മുസ്‍ലിം മതകേന്ദ്രങ്ങളിലൊന്നായ ശ്രീനഗറിലെ ഈദ്ഗാഹ് വിശാലമായ മൈതാനത്ത് കാൻസർ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി ബിജെപി ഭരണകൂടം. ബിജെപി നേതാവ് ദരാക്ഷൻ അന്ദ്രാബിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ വഖഫ് ബോർഡാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. അടുത്തയാഴ്ച താഴ്‍വര സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിക്ക് തറക്കല്ലിടുമെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ സെക്രട്ടറി സുനിൽ ശർമ്മയും പ്രഖ്യാപിച്ചു.
പ്രത്യേക അവസരങ്ങളിൽ ആയിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഈദ്ഗാഹിനെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നതാണ്. ശ്രീനഗറിലെ പഴയ നഗരത്തിലെ ഏറ്റവും വലിയ തുറസായ സ്ഥലമാണ് ഈദ്ഗാഹ്. ഏകദേശം 80 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന അതിന്റെ ഒരു മൂലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുണ്ട്. സുരക്ഷാ സേനയുടെ നടപടിയിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള രക്തസാക്ഷികളുടെ ശ്മശാനവും സ്ഥിതി ചെയ്യുന്നു.
ഈദ്ഗാഹിന്റെ ഒരു ഭാഗത്ത് കുട്ടികൾക്കായി ഒരു വലിയ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. യുവാക്കൾ മറ്റൊരു ഭാഗം കളിസ്ഥലമായി ഉപയോഗിക്കുന്നു. ഇതിനൊന്നും നാട്ടുകാരുടെ എതിർപ്പുണ്ടായില്ല.
എന്നാൽ ആശുപത്രിയെക്കുറിച്ചുള്ള പ്രഖ്യാപനം നാട്ടുകാരില്‍ ആശങ്കയുയര്‍ത്തിയിരിക്കുകയാണ്. പ്രാദേശിക യുവാക്കളുടെ കായിക സൗകര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ കായികതാരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കശ്മീർ ഡിവിഷണൽ കമ്മിഷണർ പി കെ പോൾ സ്ഥലം സന്ദർശിച്ചു. കളിസ്ഥലം വികസിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
എന്നാല്‍ ഈദ്ഗാഹ് വഖഫ് സ്വത്താണെന്നും അവിടെ ആശുപത്രി പണിയാനുള്ള അവകാശം അതിന്റെ ചെയർപേഴ്സണെന്ന നിലയില്‍ തനിക്കാണെന്നും അന്ദ്രാബി പറഞ്ഞതായി ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. പ്രാർത്ഥനകൾക്കായി നീക്കിവച്ചിരിക്കുന്ന ഭൂമി ഞങ്ങൾ തൊടുന്നില്ല. എന്നാൽ കായിക പരിശീലനത്തിനുള്ള സ്ഥലത്തിന്റെ ഒരുഭാഗത്ത് ആശുപത്രി പണിയും. ബാക്കിയുള്ളത് നിലവിലുള്ള രീതിയില്‍ നിലനില്‍ക്കും. പാർക്ക് നിര്‍മ്മിക്കുന്നതില്‍ കാണിക്കാത്ത എതിര്‍പ്പ് ആശുപത്രി പണിയുമ്പോള്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മുസ്‍ലിങ്ങളുടെ പ്രധാന മതകേന്ദ്രം നഷ്ടപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അധികാരികളോട് ആവശ്യപ്പെട്ടു. മതനേതാക്കളുമായി കൂടിയാലോചിക്കാതെ ഈദ്ഗാഹില്‍ കയ്യേറ്റം സംഭവിക്കരുതെന്നും മെഹബൂബ പറഞ്ഞു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ‘ഏറ്റെടുക്കൽ’ഭരണത്തിന്റെ ഭാഗമാണ് നീക്കമെന്ന് ഹുറിയത്ത് കോൺഫറൻസ് വിശേഷിപ്പിച്ചു.

Eng­lish summary;The BJP gov­ern­ment will estab­lish a hos­pi­tal at the Eidgah Maidan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.