ജയ്സൺ ജോസഫ്

കോട്ടയം:

October 27, 2020, 10:48 pm

ഘടകകക്ഷികളുടെ കൂടുമാറലിൽ ബിജെപി ഒറ്റപ്പെടുന്നു

Janayugom Online

ജയ്സൺ ജോസഫ്

പി സി തോമസിന്റെ കേരള കോൺഗ്രസ് മുന്നണി വിട്ടിറങ്ങുകയാണെന്ന് വ്യക്തമാക്കുകയും ബിഡിജെഎസ് പുതിയ ബാന്ധവങ്ങൾ പരസ്യമായി തേടുകയും ചെയ്യുമ്പോൾ ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ)ത്തിൽ ബിജെപിയുടെ ഒറ്റപ്പെടൽ പൂർണ്ണം. ഘടകകക്ഷികളുടെ ഒഴിഞ്ഞുപോക്കിൽ സംസ്ഥാനത്ത് എൻഡിഎയുടെ തകർച്ച പ്രകടം. സി കെ ജാനുവിന്റെ ജെആർഎസ്, ജെഎസ്എസ് (രാജൻബാബു വിഭാഗം), ആർഎസ്‌പി (ബി) തുടങ്ങി പേരിന് കൂടെയുണ്ടായിരുന്ന ഘടകകക്ഷികളൊക്കെ അഞ്ച് വർഷങ്ങൾക്കിടെ എൻഡിഎ മുന്നണിയെ കയ്യൊഴിഞ്ഞ് മറുവഴി തേടി. കേരളത്തിൽ ശക്തമായ മൂന്നാം മുന്നണിയെന്ന അമിത് ഷായുടെ പദ്ധതിയും പൊലിഞ്ഞു.

ബിജെപിയിലെ തമ്മിലടിയും ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കും മൂലം പഞ്ചായത്തു തലങ്ങളിൽപോലും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനാകാത്തത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ തിരിച്ചടിയായി. ബിജെപി കഴിഞ്ഞാൽ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിഡിജെഎസ് കൂടുതൽ ശോഷിച്ചിരിക്കുന്നു. മുൻനിര നേതാക്കളേറെ പാർട്ടി വിട്ടുപോയി. അണികളും വഴിപിരി‍ഞ്ഞു. ഉള്ളവരാകട്ടെ എൻഡിഎ മടുത്ത് വേറെ ചേരിതേടുകയുമാണ്.

ശബരിമല വിഷയത്തിൽ ബിജെപിയുടെ കൂടെ ഉറച്ചുനിന്ന പി സി ജോർജ് എംഎൽഎ നിയമസഭയിൽ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജോർജ്ജിന് വാക്കു മാറാൻ പതിവുപോലെ അധികകാലം വേണ്ടിവന്നില്ല. ലോക്ജനശക്തി, ശിവസേന, നാഷണലിസ്റ്റ് കേരള കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി ഏതാനും നേതാക്കളുള്ള കക്ഷികൾ മാത്രമാണ് ഇനി എൻഡിഎയിലെ ശേഷിപ്പ്.

ENGLISH SUMMARY: The BJP is iso­lat­ed in the con­flu­ence of con­stituent parties

YOU MAY ALSO LIKE THIS VIDEO