Saturday
23 Mar 2019

ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു: ജനാധിപത്യ ധ്വംസനം

By: Web Desk | Wednesday 16 May 2018 10:55 PM IST


ഗവര്‍ണറുടെ വസതിക്കുമുന്നില്‍ കോണ്‍ഗ്രസ് -ജെഡിഎസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയപ്പോള്‍
  • കുതിരക്കച്ചവടത്തിന് വഴിയൊരുക്കി ഗവര്‍ണര്‍
  • ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം

സ്വന്തം ലേഖകന്‍

ബംഗളൂരു: ജനവിധി ധ്വംസിച്ചും ഗവര്‍ണറെ ചട്ടുകമാക്കിയും കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേയ്ക്ക്. അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഒടുവില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ ബിജെപിയെ ക്ഷണിച്ചുകൊണ്ട് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഗവര്‍ണറും വഴിയൊരുക്കുകയായിരുന്നു. ഇന്ന് 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയതിന് പിറകേയാണ് 104 അംഗങ്ങള്‍ മാത്രമുള്ള ബിജെപിയെ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ആയുധമാക്കി നടത്തിയ ജനാധിപത്യ ധ്വംസനത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇവിടെയും ഉണ്ടാകുന്നത്.

ഉന്നതമായൊരു പദവിയെ ബിജെപിയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന പദവിയാക്കുന്ന കാഴ്ചയാണ് ഗവര്‍ണര്‍ ഈ നടപടിയിലൂടെ രാജ്യത്തിന് നല്‍കുന്നത്.
സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നറിയുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന വ്യവസ്ഥയിലാണ് ബിജെപിയെ ക്ഷണിച്ചത്.
ഇന്നലെ രാവിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തെരഞ്ഞെടുത്തിരുന്നു. യെദ്യൂരപ്പയാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യവുമായി ആദ്യം ഗവര്‍ണറെ കണ്ടത്. ഇതിന് മുമ്പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ ഒരു സംഘം ഗവര്‍ണറെ കാണുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ എംഎല്‍എമാരെ ഹാജരാക്കി ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനുമുന്നിലെത്തിയത് അല്‍പ്പനേരം സംഘര്‍ഷത്തിന് വഴിവച്ചു. ജെഡിഎസ് എംഎല്‍എമാരുടെ പിന്തുണക്കത്തുമായി 77 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവന് മുന്നില്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചില്ല. ഇത് പ്രതിഷേധത്തിന് വഴിവച്ചു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കുമാണ് രാജ്ഭവനുള്ളില്‍ പ്രവേശനാനുമതി നല്‍കിയത്.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കുന്നതിനായി ജനതാദള്‍ എസ് എംഎല്‍എമാര്‍ക്ക് ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വരുന്നു. പാവങ്ങളെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ഇന്ന് 100 കോടി വാഗ്ദാനം ചെയ്യുന്നത് എങ്ങനെയാണെന്നും കുമാരസ്വാമി ചോദിച്ചു.

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് ഗവര്‍ണറുടെ ഏറ്റവും വലിയ ചുമതല. എന്നാല്‍ അത് ഇല്ലാതാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഗവര്‍ണറുടെ നടപടി. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. തെരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ കുതിരക്കച്ചവടത്തിലൂടെ ഇത് നേടാനുള്ള ശ്രമത്തിലായിരിക്കും ബിജെപി.

Related News