Web Desk

February 12, 2020, 3:10 am

എഎപി വിജയത്തെക്കാള്‍ ഉപരി ബിജെപിയുടെ പരാജയം ശ്രദ്ധേയം

Janayugom Online

രാഷ്ട്രം ഉറ്റുനോക്കിയിരുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുഫലം മോഡി സര്‍ക്കാരിനും ബിജെപിയുടെ അത്യന്തം അപകടകരമായ വിദ്വേഷ രാഷ്ട്രീയത്തിനും വിഭജനവാദത്തിനും എതിരായ സുദൃഢമായ ജനവിധിയാണ്. അത് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തേക്കാള്‍ ഉപരി ബിജെപി പിന്തുടരുന്ന വര്‍ഗീയ‑പ്രതിലോമ നയങ്ങളുടെ പരാജയമാണ്. തെര‍ഞ്ഞെടുപ്പു പ്രചാരണത്തില്‍ ഒരിക്കലും പൗരത്വ ഭേദഗതി നിയമമടക്കം രാജ്യത്തെയാകെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാനോ അതിനെതിരെ പൊരുതുന്ന വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം ജനസമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ എഎപിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും‍ തയാറായിരുന്നില്ല. അവരുടെ പ്രചാരണം ആദ്യന്തം തങ്ങളുടെ ഭരണനേട്ടങ്ങളിലും പ്രാദേശിക വിഷയങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു. എന്നിട്ടും തികച്ചും പ്രക്ഷുബ്ധവും കലുഷിതവുമായ അന്തരീക്ഷത്തില്‍പോലും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തയാറായി. ഏതാണ്ട് എണ്‍പത് ശതമാനം വരുന്ന ഹിന്ദുവോട്ടര്‍മാരിൽ ഭൂരിപക്ഷവും മുസ്‌ലിങ്ങള്‍ അടക്കം മത ന്യൂനപക്ഷങ്ങളും എഎപിയെ പിന്തുണച്ചുവെന്നുവേണം കരുതാന്‍. തുടക്കത്തില്‍ മടിച്ചുനിന്ന ബിജെപി പ്രചാരണ രംഗത്ത് അതിശക്തവും അങ്ങേയറ്റം ധ്രുവീകരണ ലക്ഷ്യത്തോടെയുമുള്ള വന്‍ ഇടപെടലാണ് പിന്നീട് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര മന്ത്രിസഭാംഗങ്ങളും എംപിമാരും ആയിരക്കണക്കിന് ‘സേവകരും’ ഡല്‍ഹിയില്‍ വിഷം വമിപ്പിച്ച് നിറഞ്ഞാടി.

പ്രകടമായി ഭരണകക്ഷി പക്ഷപാതിത്വം പിന്തുടര്‍ന്നുപോന്ന തെരഞ്ഞെടുപ്പു കമ്മിഷനുപോലും നാമമാത്ര അച്ചടക്ക നടപടികള്‍ കൂടാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. എന്നിട്ടും എഎപിയുടെ ഭരണത്തുടര്‍ച്ച തടയാനോ തിളക്കമാര്‍ന്ന വിജയമെങ്കിലും അവര്‍ക്ക് നിഷേധിക്കാനോ ബിജെപിക്ക് ആയില്ല. രണ്ടാം കെജ്‌രിവാള്‍ സര്‍ക്കാരിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തുടക്കം മുതല്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനും ഭരണം അട്ടിമറിക്കാനും മോഡി സര്‍ക്കാര്‍ തങ്ങളുടെ ആവനാഴിയിലെ സമസ്ത ആയുധങ്ങളും പ്രയോഗിച്ചു. ഭരണഘടനയുടെയും അത് ഉറപ്പു നല്‍കുന്ന ജനാധിപത്യ സംവിധാനത്തിന്റെയും പിന്‍ബലം ഒന്നുകൊണ്ടു മാത്രമാണ് കെജ്‌രിവാളിന് കാലാവധി പൂര്‍ത്തിയാക്കാനായത്.

മോഡി സര്‍ക്കാരിന്റെ വൈരനിര്യാതന സാംസ്കാരിക വൈകൃതത്തിന് സ്വയം ഇരകളായ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും നിരന്തരമായ എതിര്‍പ്പിനെ അതിജീവിച്ചാണ് എഎപി സര്‍ക്കാര്‍ നിലനിന്നുപോന്നത്. കെജ്‌രിവാളിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയും ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്ഥാനുമായുള്ള പോരാട്ടമാണെന്ന് പ്രചരിപ്പിച്ചും സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഷഹീന്‍‍ബാഗ് സമരം ഹിന്ദു സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ബലാത്സംഗത്തിലേക്ക് നയിക്കുമെന്നുമുള്ള നിന്ദ്യമായ പ്രചാരണമാണ് ബിജെപി കെട്ടഴിച്ചുവിട്ടത്. മുസ്‌ലിങ്ങള്‍ക്കെതിരായി അക്രമത്തിനും ഹിംസയ്ക്കും കേന്ദ്രമന്ത്രിമാര്‍ തന്നെ ആഹ്വാനം ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. അത്തരം വിഷലിപ്തമായ പ്രചാരണങ്ങള്‍ ഫലശൂന്യമായത് നല്‍കുന്ന സന്ദേശം വ്യക്തമാണ്.

ഹിന്ദുത്വ തീവ്രവാദവും വിദ്വേഷ രാഷ്ട്രീയവും ഭിന്നിപ്പിക്കല്‍ തന്ത്രവും അക്രമത്തിനുള്ള ആഹ്വാനവും എക്കാലത്തും വിജയം ഉറപ്പുനല്‍കുമെന്ന മോഡി-ഷാ പ്രഭൃതികളുടെ വ്യാമോഹത്തിനാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ സാമാന്യ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ചികിത്സാസൗകര്യങ്ങളും മുടങ്ങാത്ത കുടിവെള്ള, വൈദ്യുതി സേവനവും ഹിന്ദുത്വ രാഷ്ട്രീയത്തെക്കാള്‍ എത്രയോ പ്രധാനമാണെന്ന് തെര‍ഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ നിരത്തിയാണത്രെ. ഡല്‍ഹി ജനത ആ അവകാശവാദത്തെ അപ്പാടെ നിരാകരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാഷ്ട്ര തലസ്ഥാനത്ത് പടര്‍ന്നു പിടിച്ച പ്രക്ഷോഭങ്ങളോടും അതിനെതിരെ മോഡിഭരണകൂടം അഴിച്ചുവിട്ട ഭരണകൂട ഭീകരതയോടും അര്‍ഹിക്കുംവിധം രാഷ്ട്രീയമായി പ്രതികരിക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തലസ്ഥാനത്തെ ജനങ്ങളില്‍ നിന്നും എത്രത്തോളം ഒറ്റുപ്പെട്ടിരിക്കുന്നുവെന്നാണ് അവരുടെ ദയനീയ പ്രകടനം തെളിയിക്കുന്നത്. ദേശീയ തലത്തില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷത്തിന്റെ അനൈക്യം ഒരിക്കല്‍ കൂടി തുറന്നു കാട്ടുന്നതായി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.