വ്യാജന്മാരെ നിറച്ചിട്ടും ബിജെപിയുടെ അംഗത്വപട്ടികയില്‍ ആളു തികയുന്നില്ല

Web Desk
Posted on August 20, 2019, 10:42 pm

സ്വന്തം ലേഖകന്‍

കൊച്ചി: അംഗത്വ പട്ടികയില്‍ വ്യാജന്മാരെ കുത്തി നിറച്ചിട്ടും കേന്ദ്ര നേതൃത്വത്തിന്റെ കണക്കൊപ്പിക്കാനാവാതെ സംസ്ഥാന ബിജെപി നേതൃത്വം നെട്ടോട്ടമോടുന്നു. 15 ലക്ഷമാണ് ബിജെപിയുടെ സംസ്ഥാനത്തെ നിലവിലുള്ള അംഗബലമായി അവര്‍ വിലയിരുത്തുന്നത്. ഇത് 30 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അംഗത്വ കാമ്പയിന്‍ കഴിഞ്ഞപ്പോഴും വെറും ഒന്നരലക്ഷം പേരെ മാത്രമേ പുതുതായി ചേര്‍ക്കാനായിട്ടുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ കണക്കു പറഞ്ഞ് കേന്ദ്രനേതാക്കള്‍ക്ക് മുന്നില്‍ വീരവാദം മുഴക്കിയ ബിജെപി സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ഇതിനകം ചേര്‍ത്തെന്ന് അവകാശപ്പെടുന്ന ഒന്നരലക്ഷത്തില്‍ തന്നെ വ്യാജന്മാര്‍ നിരവധിയുണ്ടെന്ന് കേന്ദ്ര നേതൃത്വത്തിന് പരാതികളും ലഭിച്ചിട്ടുണ്ട്.

21ന് അംഗത്വ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം ഇന്നലെ നടന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തില്‍ തുറന്നുസമ്മതിച്ചു.അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. നേതൃത്വം 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താന്‍ കഴിയില്ലെന്നും ചില നേതാക്കള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളാക്കുമെന്ന തരത്തില്‍ അപ്രായോഗികമായ കാര്യങ്ങള്‍ പറയുന്നത് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കും. മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോള്‍ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു ഫോണില്‍നിന്ന് ഒരാളുടെ ചിത്രം മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം കാര്യങ്ങള്‍ ചെയ്‌തെടുക്കാനുള്ള സംഘടന സംവിധാനം നിലവില്‍ പാര്‍ട്ടിക്കില്ല.

അതേസമയം ന്യൂനപക്ഷങ്ങളെ കൂടുതല്‍ പ്രീണിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലമായിരിക്കില്ല നല്‍കുന്നതെന്ന് ഒരു വിഭാഗം വാദിച്ചു .എന്നാല്‍ ന്യൂനപക്ഷത്തെ കൂടുതല്‍ അടുപ്പിക്കണമെന്നും അതിനായി , പ്രത്യേക ചടങ്ങുകള്‍ തന്നെ സംഘടിപ്പിച്ചാലും കുഴപ്പമില്ലായെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് . ഇത്തരം നിലപാട് തിരുവനന്തപുരം മണ്ഡലത്തിലടക്കം ഗുണം നല്‍കിയില്ല, തീവ്ര ഹിന്ദു നിലപാടാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമാക്കണമെന്നാവശ്യവും ഉയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തെരഞ്ഞെടുപ്പുകളും ഒക്ടോബറില്‍ മണ്ഡലം തെരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ലസംസ്ഥാന തെരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.