ശക്തമായ കാറ്റില്‍ ബോട്ട് തകര്‍ന്നു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Web Desk
Posted on October 31, 2019, 8:58 pm

കൊച്ചി: ശക്തമായ കാറ്റിലും തിരയിലുംപെട്ട് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേനയും മര്‍ച്ചന്റ് വെസല്‍ എം വി ക്രിംസണ്‍ നൈറ്റും ചേര്‍ന്നു രക്ഷപെടുത്തി. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ അഞ്ച് പേരെയും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎഫ്ബി സമൂല്‍ എന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളായ ജെയിംസ്,തദേവുസ്,ലോറന്‍സ്,ക്രിസ്തുദാസ്,രാജന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആന്റണി ജോണിയെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം.
ശക്തമായ കാറ്റിലും തിരയിലുംപെട്ട് മുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ ഈ സമയം അതുവഴികടന്നു പോകുകയായിരുന്ന എം വി ക്രിംസണ്‍ നൈറ്റ് എന്ന മര്‍ച്ചന്റ് വെസലിലെ ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഇവര്‍ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. പിന്നീട് വിവരമറിയിച്ചതനുസരിച്ചെത്തിയ തീരസംരക്ഷണ സേനയ്ക്ക് ഇവരെ കൈമാറി. വൈകിട്ടോടെ കൊച്ചിയില്‍ എത്തിച്ച് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുകയായിരുന്നു. അവശരായ മത്സ്യത്തൊഴിലാളികള്‍ക്ക് തീരസംക്ഷണ സേനയുടെ നേതൃത്വത്തില്‍ കപ്പലില്‍ വച്ച് പ്രാഥമിക വൈദ്യസഹായം നല്‍കി. ഈ മാസം 28 ന് ചേറ്റുവ തുറമുഖത്ത് നിന്നാണ് സമൂല്‍ എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
നിലവില്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നതിനെ തുടര്‍ന്ന് അറബിക്കടല്‍ ശക്തമായി ക്ഷോഭിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും നാവിക സേന അറിയിച്ചു.കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് മഹാരാഷ്ട്ര,ഗോവ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുപ്പിച്ചിരിക്കുന്ന ബോട്ടുകള്‍ കാലാവസ്ഥ അനൂകൂലമാകാതെ തീരം വിടരുതെന്നും നാവിക സേന മുന്നറിയിപ്പ് നല്‍കി.