കോവിഡ് രോഗികളുടെ മൃതദേഹം ഇടവക സെമിത്തേരിയിൽ ദഹിപ്പിക്കും; ആലപ്പുഴ ലത്തീൻ രൂപത

Web Desk

ആലപ്പുഴ

Posted on July 28, 2020, 4:19 pm

മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ രൂപത. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെയാണ് ആലപ്പുഴ ലത്തീൻ രൂപതയുടെ മാതൃകാപരമായ തീരുമാനം.

ഇതിന്റെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സഭാ തീരുമാനം. ജില്ലാ കളക്ടറുമായി സഭാ പ്രതിനിധികൾ ഇത് സംബന്ധിച്ച് വിശദമായ ചർച്ചയും നടത്തി.

സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വൈദികരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് ഇവർ സംസ്കാരം നടത്തും. പിന്തുടർന്ന് വന്ന രീതികളിൽ നിന്ന് മാറി കാലഘട്ടം ആവശ്യപ്പെടുന്ന പ്രത്യേക സാഹചര്യം മുൻനിർത്തി തീരുമാനങ്ങൾ എടുത്ത സഭാ നേതൃത്വത്തെ ആലപ്പുഴ കളക്ടർ അഭിനന്ദിച്ചു.

ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ മരിച്ച രണ്ടു പേരുടെ സംസ്കാരം ഇന്ന് പള്ളി സെമിത്തേരികളിൽ നടക്കും