മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

Web Desk
Posted on April 21, 2018, 8:50 pm

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലിഗയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തുരുത്തിനുള്ളിലെ വൃക്ഷപ്പടര്‍പ്പില്‍ കുരുങ്ങിക്കിടന്ന മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ലിഗയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ലിഗയുടേതാണെന്ന് സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.

കൊലപാതക സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന് സമീപത്തായി ഒരു മിനറല്‍ വാട്ടറും മൂന്ന് സിഗററ്റിന്‍റെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കാലിന്‍റേയും കൈകളുടേയും മാംസഭാഗങ്ങള്‍ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ കണ്ട ടീ ഷര്‍ട്ടും ലെഗിന്‍സും കാണാതായ സമയത്ത് ലിഗ ധരിച്ചിരുന്നതാണെന്ന് സഹോദരി ഇലീസും ഭര്‍ത്താവ് അന്‍ഡ്രൂസും പൊലീസിനെ അറിയിച്ചു. മുടിയുടെ നിറത്തിലും സാമ്യമുണ്ട്. ലിഗ ഉപയോഗിക്കാറുള്ള സിഗരറ്റ് കൂടും പരിസരത്ത് നിന്ന് കണ്ടെത്തി. മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റും ചെരിപ്പും ലിഗയുടേതല്ലെന്നും സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. അധികമാരും കടന്നുവരാത്ത പ്രദേശത്തേക്ക് ഇവര്‍ തനിച്ച് എത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ കഴിഞ്ഞ മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്‍റിലാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. ആളുകളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഗോവ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പ്രത്യേക സംഘം ലിഗയ്ക്കായി അന്വേഷണം നടത്തിയിരുന്നു. നേവിയുടെ സഹായത്തോടെയും അന്വേഷണം നടത്തി. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ലിഗയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിലൂടെ മരണ കാരണം സ്ഥിരീകരിച്ച ശേഷം ഇത് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുവാനാണ് പൊലീസിന്‍റെ തീരുമാനം.

ബന്ധുക്കള്‍ സ്ഥലത്തെത്തി  മൃതദേഹം തിരിച്ചറിഞ്ഞതെടെയാണ് ലിഗയുടെ തിരേധാനത്തിന് തിരശ്ശീല വീണത്.

സിറ്റി പൊലീസ് കമ്മിഷണര്‍ പി പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണര്‍ ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.