തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് സൂചന

Web Desk

തിരുവനന്തപുരം

Posted on April 21, 2018, 12:22 pm

തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടേതെന്ന് സൂചന. ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹം ഇന്നലെ വൈകുന്നേരമാണ് കണ്ടെത്തിയത്. ജീര്‍ണിച്ച അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ചൂണ്ടയിടാനെത്തിയവര്‍ കടുത്തദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന്‍റെ തല ഉടലില്‍നിന്ന് വേര്‍പെട്ട നിലയിലാണ് കാണപ്പെട്ടത്. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ലിഗയെ കഴിഞ്ഞമാസമാണ് കാണാതായത്. വിദേശസ്ത്രീകള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തില്‍നിന്ന് കണ്ടെടുത്തിട്ടുള്ളത്. മൃതദേഹത്തിനു സമീപത്തനിന്ന് സിഗററ്റ് കവറുകള്‍, ലൈറ്റര്‍. വെള്ളക്കുപ്പി തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു.