അടിമലത്തുറ കടൽത്തീരത്ത് തിരയിൽപ്പെട്ട് കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ടാമത്തെയാളുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു. കോട്ടുകാൽ പുന്നവിള റോഡരികത്ത് വീട്ടിൽ പെരുമ്പഴുതൂർ ഗവ: പോളിടെക്‌നിക്കിലെ ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളായ ശരണ്യയുടെ (20) മൃതദേഹമാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അടിമലത്തുറ കടലിൽ നിന്നും കിടാരക്കുഴി കിടങ്ങിൽവീട്ടിൽ പരേതനായ സുരേന്ദ്രന്റേയും സരോജിനിയുടേയും മകൾ നിഷ (19) യുടെ മൃതദേഹം പെൺകുട്ടികളെ കാണാതായ വെള്ളിയാഴ്ച രാത്രി 9 മണിയോടെ അടിമലത്തുറ കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള കോട്ടുകാൽ പുന്നക്കുളം എസ്. എം.വീട്ടിൽ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ആഫീസറായ ഷമ്മി- മായ ദമ്പതികളുട മകൾ ഷാരു (17) വിനായുളള തിരച്ചിൽ തുടരുകയാണ്. കളിയിക്കവിള മലങ്കര കത്തോലിക്കാ കോളേജിലെ രണ്ടാവർഷ ബിബിഎ വിദ്യാർഥിനികളാണ് മരണമടഞ്ഞ ശരണ്യയും വർഷയും.
ശരണ്യയുടെ അയൽവാസിയായ ഷാരു ഷമ്മി കോട്ടുകാൽ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് കൂട്ടുകാരികളായ മൂന്ന് പെൺകുട്ടികളെയും കാണാതായത്. പനിബാധിതയായ ഷാലുവിന് ആശുപത്രിയിൽ പോകാൻ കൂടെ പോയതായിരുന്നു അയൽവാസി കൂടിയായ ശരണ്യ. ഉച്ചക്ക് രണ്ട് മണിയോടെ ഷാലുവിന്റെ സ്കൂട്ടറിൽ കോട്ടുകാലിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി മരുന്നു വാങ്ങിയ ശേഷം ഇരുവരും നിഷയുടെ വീട്ടിലെത്തി നിഷയെയും കൂട്ടി ഇടക്കിടെ പോകാറുള്ള അടിമലത്തുറ തീരത്തെത്തി. തീരത്ത് അമലോത്ഭവ മാതാ ദേവാലയത്തിന് സമീപം സ്കൂട്ടർ വച്ച ശേഷം മൂവരും കടൽ തിരയിലേക്ക് ഇറങ്ങിയാണ് അപകടത്തിൽപെട്ടതെന്നാണ് കരുതുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്കൂട്ടറിന്റെ ബോക്സിൽ ഭദ്രമായി സൂക്ഷിച്ച നിലയിലും ചെരുപ്പുകളും സമീപത്ത് ഊരി വച്ച നിലയിലുമായിരുന്നു. കടുത്തവേനലും വേലിയേറ്റവുമായതിനാൽ കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നു. വീശിയടിക്കുന്ന ശക്തമായതിരയടിയിൽ ഒളിഞ്ഞിരിക്കുന്ന അപകടമയറിയാതെ കടൽപ്പരപ്പിലേക്ക് ഇറങ്ങിയ മൂന്ന് പേരും ശക്തമായതിരയിൽ പെട്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
you may also like this video;
കനത്ത വെയിലും കടൽക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികൾ ഇല്ലാതിരുന്ന വിജനമായ തീരത്ത് അപകടം നടന്നത് ആരുമറിഞ്ഞില്ല. അടിമലത്തുറ കടൽതീരത്തേക്ക് പോകുകയാണെന്ന് ഇവരിൽ ഒരാൾ വീട്ടിൽ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. സന്ധ്യയായിട്ടും ഇവരെ കാണാതായതോടെ വീട്ടുകാരും സുഹൃത്തുക്കളും അടിമലത്തുറ തീരത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറും അതിനുള്ളിൽ ബെല്ലടിക്കുന്ന മൊബൈൽഫോണും ചെരുപ്പുകളും കണ്ടതോടെയാണ് പെൺകുട്ടികൾ കടലിൽ പെട്ടതാകും എന്ന സംശയമുയർന്നത്. തുടർന്ന് ബന്ധുക്കൾ കുട്ടികളെ കാണാനില്ല എന്ന് വിഴിഞ്ഞം പോലീസിൽ പരാതിയും നൽകി. അന്വേഷണം നടക്കുന്നതിനിടെ തീരത്തോടടുത്ത് ഒരു മൃതദേഹം കണ്ടതായി വിദേശ വിനോദസഞ്ചാരി നാട്ടുകാരെ അറിയിച്ചു. വിവരമറിഞ്ഞ് തീരദേശ പൊലീസ് നടത്തിയ തെരച്ചിലിൽ രാത്രിയോടെ കണ്ടെത്തി. ബോട്ടിൽ വിഴിഞ്ഞം തുറമുഖത്തടുപ്പിച്ച നിഷയുടെ മൃതദേഹംബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വീട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കളുടെയും കോളേജിലെ സഹപാഠികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. എം.വിൻസെന്റ് എം.എൽ.എ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. വർഷ നിഷയുടെ ഏക സഹോദരിയാണ്. കോസ്റ്റൽ സി.ഐ.വി.അശോക് കുമാറിന്റെ നേത്യത്തിലുളള പൊലീസ് ഇന്നലെ മൂന്ന് മണിയോടെ വിഴിഞ്ഞം തീരത്തെത്തിച്ച ശരണ്യയുടെ മൃതദേഹം സഹോദരൻ സനിൽ എത്തി തിരിച്ചറിഞ്ഞശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.