വത്സൻ രാമംകുളത്ത്

February 12, 2020, 4:50 am

ദേശീയ രാഷ്ട്രീയത്തിന്റെ ഉജ്ജ്വല സന്ദേശം

Janayugom Online

മതേതര ഭാരതത്തിൽ സംഘപരിവാറിന്റെ ല­ക്ഷ്യവും അതിലേക്കുള്ള അവരുടെ യത്നവും ഇന്ന് ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും അധികാര വഴിയും ആശ്ചര്യത്തോടെ കാണുന്നവരുണ്ട്. ഏറ്റവുമൊടുവിൽ ഇന്നലെ പൂർത്തിയായ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽപ്പോലും നരേന്ദ്രമോഡി ഭരണകൂടത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ (ഇവിഎം) ഉള്ള സ്വാധീനം വലിയ ചർച്ചയായിരുന്നു.

ഇവിഎം സംവിധാനം അവസാനിപ്പിച്ച് ബാലറ്റുകളിലേക്ക് തിരിച്ചുപോകണമെന്ന രാജ്യത്തിന്റെ പൊതുവികാരം ആവർത്തിക്കപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഡൽഹി ഭരണത്തിലും ഇലക്ട്രോണിക് മെഷിനിൽ കൃത്രിമങ്ങൾ അരങ്ങേറിയേക്കാമെന്ന ആശങ്കയാണ് ജനങ്ങളിലുണ്ടായത്. ഇന്ത്യ മാത്രമല്ല, ലോകമെമ്പാടും ഡൽഹിയിലെ ഇവിഎമ്മുകളെ കണ്ണും കാതും ഉപയോഗിച്ച് നിരീക്ഷിച്ചു. ഒടുവിൽ ഡൽഹിയിൽ ജനങ്ങളുടെ വോട്ട് അവർക്കുതന്നെ ലഭിച്ചിരിക്കുന്നു. ആംആദ്മിയിലൂടെ ദേശീയതയുടെ കരുത്താർജ്ജിച്ച വിജയം. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമിങ്ങോട്ട് ബിജെപിക്കും മോഡി സർക്കാരിനും തിരിച്ചടികൾ തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെയും അടിസ്ഥാനം. ലോകസഭാ തെരഞ്ഞെടുപ്പി­നേക്കാൾ 17 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഡൽഹിയുടെ ഭരണത്തിലേക്ക് മൂന്നാം തവണയാണ് ആംആദ്മി നേ­താവ് അരവിന്ദ് കെജ്‌രിവാൾ വിജയിച്ചെത്തുന്നത്.

തുടക്കത്തിൽ വിവരിച്ചതുപോലെ ദേശീയ രാഷ്ട്രീയത്തിന്റെ അടയാളമായിട്ടേ കെജ്‌രിവാളിന്റെ മൂന്നാം വരവിനെ വിലയിരുത്താനാവൂ. ഡൽഹിയുടെ ജീവിതം അങ്ങിനെയാണ്. ‘മിനി ഇന്ത്യ’ എന്ന വിശേഷണമുള്ള ഡൽഹിക്ക് വികസനത്തേക്കാൾ രാഷ്ട്രീയത്തിനാണ് പ്രധാന്യം. എന്നിരുന്നാലും വിദ്യാഭ്യാസ രംഗത്തും വനിതാ ശിശുക്ഷേമത്തിനും വൈദ്യുതി മേഖലയിലും നടത്തിയ കെജ്‌രിവാൾ സർക്കാരിന്റെ ഇടപെടലുകൾ വോട്ടർമാർ പാടെ അവഗണിക്കുന്ന ഒന്നല്ല താനും. കേന്ദ്ര ഭരണപ്രദേശമായിട്ടും കേന്ദ്ര സർക്കാരിന് എടുത്തുപറയാൻ യാതൊന്നും ഉണ്ടായതുമില്ല. സംസ്ഥാന ഭരണത്തോടുള്ള രാഷ്ട്രീയ വൈര്യം വച്ചാണ് ഡൽഹിയെയും അവിടത്തെ ജനതയെയും നരേന്ദ്രമോഡി ഭരണകൂടം കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പിൽപ്പോലും ജനങ്ങളെ വിഭജിക്കാനും തമ്മിലടിപ്പിക്കാനും അത് മുതലെടുത്ത് ജയിച്ചുകയറാനുമാണ് ബിജെപി തന്ത്രം മെനഞ്ഞത്. അത് തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമാകുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യത്തിന് കിട്ടിയ തിരിച്ചടിയായാണ് സംഘപരിവാർ ഇതിനെ വിലയിരുത്തിക്കാണുക. തോൽവിയെ ഏതുവിധേന കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചാണ് ഇനിയുണ്ടാകേണ്ട ആശങ്ക. ജനകീയ പ്രക്ഷോഭങ്ങളെയും ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പുകളെയുമാണ് സംഘപരിവാറും നരേന്ദ്രമോഡിയും ശത്രുവായി കാണുന്നത്. ഡൽഹിയെ ഇന്നും സമരാവേശത്തിൽ നിർത്തുന്ന ഷഹീൻ ബാഗിനെ മോഡിയും അമിത്ഷായും ബിജെപി നേതൃത്വങ്ങളാകെയും വിലയിരുത്തുന്നതും നേരിട്ടുകൊണ്ടിരിക്കുന്നതും ഭരണഘടനയെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലാണ്.

പൗരത്വ നിയമ ഭേദ​ഗതിയെ ആയുധമാക്കിയാണ് നരേന്ദ്രമോ‍ഡി ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലികളിൽ 35 ഇടങ്ങളിൽ അമിത് ഷാ നേരിട്ടെത്തി. ഉത്തർപ്രേദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉൾപ്പെടെ ബിജെപിയിലെ മുതിർന്ന നേതാക്കളിൽ പലരും തെര‍ഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിച്ചു. എന്നിട്ടും ജനങ്ങൾ നരേന്ദ്ര മോഡി ഭരണകൂടത്തെ തിരിച്ചറിഞ്ഞുതന്നെ വോട്ടുകുത്തി. ഷഹീൻ ബാഗിലേത് മുസ്‌ലീം വർഗീയ സമരമെന്ന വിമർശനമാണ് ബിജെപിയും ആർഎസ്എസും വിളിച്ചുപറഞ്ഞത്. വസ്ത്രം നോക്കി പ്രതിഷേധങ്ങളെയും പ്രതിഷേധക്കാരെയും തിരിച്ചറിയണമെന്ന് ആഹ്വാനം ചെയ്ത മതേതര രാജ്യത്തെ ലോകത്തിനുമുന്നിൽ നാണം കെടുത്തിയ പ്രധാനമന്ത്രിക്കും സംഘപരിവാറിനും പക്ഷെ ഡൽഹി തെരഞ്ഞെടുപ്പോടെ അടിപതറി. ഷഹീൻ ബാഗിലെ സമരവും വികാരവും ഭരണഘടനയെ സംരക്ഷിക്കുന്നവർക്ക് കാവലേകുന്നതാണെന്ന് ഓഖ്ല നിയമസഭാ മണ്ഡലത്തിലെ വോട്ടുകൾ എടുത്തുപറയുന്നു. മസ്‌ലിംങ്ങൾ തിങ്ങിപ്പാർക്കുന്ന ഓഖ്‌ലയിൽ എസ്‍ഡിപിഐ സ്ഥാനാർത്ഥി തസ്‌ലിം അഹമ്മദ് റെഹ്മാനിക്ക് ലഭിച്ചത് വെറും 47 വോട്ടുകളാണ്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാ-മതേതരത്വ‑ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളുടെ സന്ദേശമാണ് ഷഹീൻ ബാഗ് ഉൾപ്പെടുന്ന ഓഖ്‌ലയിലെ ആംആദ്മി വിജയം. രേഖപ്പെടുത്തിയതിന്റെ 63 ശതമാനം വോട്ടും നേടി ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനാണ് ഇവിടെ നിന്നും വിജയിച്ചത്. ബിജെപിയുടെ ബ്രഹാം സിങ്ങിന്റെ പരാജയം, ആർഎസ്­എസിന്റെയും ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും മനസിലെ കറ മാറ്റുമെന്ന് കരുതുന്നവർ ആരുമില്ല. പക്ഷെ, ഇതൊരു മുന്നറിയിപ്പായി സംഘപരിവാർ കാണമെന്നാണ് ഷഹീൻ ബാഗും രാജ്യത്തെ ജനങ്ങളാകെയും ഇവരെ ഓർമ്മപ്പെടുത്തുന്നത്.

ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വിജയത്തോടും ബിജെപിയുടെ തോൽവിയോടുമൊപ്പം വിലയിരുത്തപ്പെടേണ്ട ഒന്നാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ പരിപൂർണ പതനം. രാജ്യം രാഷ്ട്രീയമായി അഭയക്കുന്ന തീവ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനം രാജ്യതലസ്ഥാനത്ത് പട്ടടയിലമരുമെന്ന് ആരും കരുതിയില്ല. ബിജെപിയെന്ന ആപത്തിന് ആര് ബദൽ എന്ന ചർച്ചയാണ് ഡൽഹി തെരഞ്ഞെടുപ്പിനുശേഷവും ജനങ്ങൾ ചർച്ചചെയ്യുന്നത്. ഒരുപക്ഷെ മോഡിപ്പേടിയാൽ കേരളം ലോകസഭലേക്ക് ചെയ്ത മഹാഭൂരിപക്ഷ വോട്ടുകളും ഒരിക്കൽക്കൂടി പാഴായി എന്നതാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആകെത്തുക. അങ്ങനെ പറയേണ്ടിവരുന്നതിന്റെ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ അതിലേറെ പ്രസക്തിയുമുണ്ട്. ഡൽഹി നിയമസഭയിലെ ആറ് സീറ്റുകളിലേക്കാണ് ഇടതുപാർട്ടികൾ മത്സരിച്ചത്. ആറിടത്തും പരാജയം സമ്മതിച്ചു. എന്നാൽ ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ആശയത്തിനും നിലപാടുകൾക്കും തോൽവിയുണ്ടായില്ലെന്ന് ആംആദ്മി വിജയത്തെ വിലയിരുത്തിക്കൊണ്ടുതന്നെ പറയാം. എന്നാൽ കോൺഗ്രസിന്റെ പരാജയത്തിന്റെ പശ്ചാത്തലം അതല്ല. 66 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്.

ഇതിൽ 63 സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച പണം നഷ്ടമായെന്നതാണ് അമ്പരിപ്പിച്ചത്. ഡൽഹി പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. പ്രാദേശിക പാർട്ടി പോലും ചെയ്യാൻ മടിക്കുന്ന കോമാളിത്തത്തിലേക്ക് പാർട്ടി അധ്യക്ഷപദവിയുടെ നിലവാരത്തെ കൊണ്ടെത്തിച്ചു. അധ്യക്ഷനില്ലാതെ നീണ്ടനാൾ കഴിഞ്ഞുകൂടേണ്ടിവന്ന കോൺഗ്രസിൽ സോണിയാ ഗാന്ധി വീണ്ടും ചുമതലയേറ്റെടുക്കേണ്ടിവന്നെങ്കിലും അത് പൂർണ അർത്ഥത്തിൽ വിജയിച്ചിട്ടില്ല. കോൺഗ്രസുകാരെല്ലാം പ്രതീക്ഷയോടെ കണ്ടിരുന്ന രാഹുൽ ഗാന്ധി പാർട്ടിയിലും പാർലമെന്റിലും ഉണ്ടോ എന്നുപോലും ചില ഘട്ടങ്ങളിൽ സംശയിക്കേണ്ടിവന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി രാഹുൽ, സോണിയാ, പ്രിയങ്കാ ഗാന്ധിമാർ നടത്തിയ ഇടപെടലുകൾ തന്നെ ഈ സംശയങ്ങൾക്കെല്ലാം അടിവരയിടുന്നു. ജനങ്ങളെ നേരിടാൻ പോലും മടിക്കുന്ന നിലയിലേക്കാണ് കോൺഗ്രസ് നേതൃത്വം എത്തിപ്പെട്ടിരിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഒരു സ്ഥാനാർത്ഥിയെപ്പോലും അണിനിരത്താൻ കോ­ൺഗ്രസിനായില്ല. അരവിന്ദ് കെജ്രിവാളിനൊപ്പം നിർത്താനോ ബിജെപിയിലെ മനോജ് തിവാരിയെ നേരിടാനോ കെല്പുള്ള ഒരാൾപ്പോലും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികകളിൽ കണ്ടില്ല. ഇക്കാരണങ്ങളാൽ തന്നെയാവാം 66 മണ്ഡലങ്ങളിൽ കെട്ടിവച്ച പണം നഷ്ടമായത്.

ബദ്ലിയിലും കസ്തൂർബ നഗറിലും ഗാന്ധി നഗറിലും തോറ്റുവെങ്കിലും അവിടത്തുകാർ ഭേദപ്പെട്ട വോട്ടുനൽകി കോൺഗ്രസ് സ്ഥാനാർത്ഥികളുടെ മാനം രക്ഷിച്ചു. അഞ്ച് ശതമാനം വോട്ടാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. തീർച്ചയായും ഇന്ത്യ ഇന്ന് കൈകാര്യം ചെയ്യുന്ന ദേശീയ വിഷയത്തിൽ കോൺഗ്രസിന്റെ സമീപനവും സാന്നിധ്യവുമാണ് ഡൽഹിത്തോൽവിയുടെ ആധാരമെന്ന് പറയേണ്ടിവരും. കേന്ദ്ര നയങ്ങൾക്കെതിരെ രാജ്യം കൈകോർക്കുമ്പോൾ കോ­ൺഗ്രസ് ആ പ്രക്ഷോഭങ്ങൾക്കൊപ്പം നിൽക്കുന്നില്ലെന്നത് വിമർശനം മാത്രമല്ല. ദേശീയ പൗരത്വ നിയമം, പൗ­രത്വ പട്ടിക, ജനസംഖ്യാ രജിസ്റ്റർ എന്നിവ­യ്ക്കെതിരെ ഇന്ത്യ തുടരുന്ന ശക്തമായ പോരാട്ടത്തിന്റെ വിജയമായി ഡൽഹിയെ കാണണം. ദേശീയതലത്തിൽ ഉയർന്നുവരുന്ന പുതിയൊരു മുന്നേറ്റത്തിന്റെ ശക്തിയായി ഡൽഹിയിലെ ബിജെപി ഇതര വോട്ടുകൾ മാറിക്കഴിഞ്ഞു. ഈ സന്ദേശം ഡൽഹി ഇതര നാടുകളിലേക്കും പ്രസ്ഥാനങ്ങളിലേക്കും വ്യാപിക്കണമെന്ന ഇടതുരാഷ്ട്രീയ ചിന്ത ഇന്ത്യ ഏറ്റെടുക്കും. ഇടതുപാർട്ടികൾ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം നൽകിയ ആഹ്വാനങ്ങളും ഇതാണ്.