സ്വന്തം ലേഖകൻ

 ന്യൂഡല്‍ഹി

February 03, 2020, 10:17 pm

ശബരിമല; വിശാലബെഞ്ച് വനിതാ പ്രവേശനം പരിഗണിക്കില്ല

ഒമ്പതംഗ ബെഞ്ചിന്റെ സാധുത ചോദ്യംചെയ്ത് അഭിഭാഷകർ
Janayugom Online

ശബരിമല യുവതീ പ്രവേശനത്തിൽ ഒമ്പതംഗ വിശാല ബെഞ്ചിന്റെ രൂപീകരണം ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകര്‍. പരിഗണനാ വിഷയങ്ങള്‍ കോടതിതന്നെ തീരുമാനിക്കും. പുനഃപരിശോധനാ ഹര്‍ജികളില്‍ അഞ്ചംഗ ബെഞ്ച് വിധി പറയുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ല്‍ പറയുന്ന വിശ്വാസവും 26ല്‍ പറയുന്ന മൗലികാവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതയാകും ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കുക. അതേസമയം ശബരിമല സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള അറുപതോളം ഹര്‍ജികളില്‍ വിശാലബെഞ്ച് വിധി പുറപ്പെടുവിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് അഭിഭാഷകര്‍ക്കിടയില്‍ സമവായം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് കോടതിതന്നെ നിശ്ചയിക്കും.

വാദം കേള്‍ക്കുന്നതിനുള്ള സമയക്രമവും കോടതി നിശ്ചയിച്ച് അറിയിക്കും. കേസ് പത്തു ദിവസമേ വാദം കേള്‍ക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിലപാടെടുത്തിരുന്നു. വ്യാഴാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ പരിഗണനാ വിഷയങ്ങളും സമയ ക്രമവും സംബന്ധിച്ച തീരുമാനങ്ങളില്‍ വ്യക്തമാകും. ശബരിമല കേസില്‍ 2019 നവംബര്‍ 14ലെ വിധിയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചിലവിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചത്. അതേസമയം ഈ വിഷയം പരിഗണിക്കാന്‍ രൂപീകരിച്ച ഒമ്പതംഗ വിശാല ബെഞ്ചിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നാടകീയ രംഗങ്ങളായിരുന്നു ശബരിമല വിഷയത്തില്‍ ഇന്നലെ സുപ്രീം കോടതിയില്‍ അരങ്ങേറിയത്.

you may also like this video;

മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനാണ് വിശാലബെഞ്ചിന്റെ ഭരണഘടനാ സാധുത വിഷയം ഉന്നയിച്ചത്. ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നില്ലെന്നും അഞ്ചംഗ ബെഞ്ചിന്റെ വിധി ശരിയോ തെറ്റോ എന്നതു മാത്രമാണ് പുനഃപരിശോധിക്കേണ്ടതെന്നും അതിനാല്‍ വിശാലബെഞ്ച് രൂപീകരണം അപ്രസക്തമാണെന്നും അദ്ദേഹം വാദിച്ചു. നരിമാന്റെ വാദം കേട്ട ബെഞ്ച് ഈ ഘട്ടത്തില്‍ പരിഗണനയിലുള്ള മറ്റു ചില കേസുകളിലും ശബരിമലയ്ക്ക് സമാനമായ വിഷയങ്ങള്‍ പരിഗണിക്കേണ്ടതിനാലാണ് വിശാല ബെഞ്ച് രൂപീകരിച്ചതെന്നു മറുപടി നല്‍കി. വിശാലബെഞ്ച് രൂപീകരിക്കാനുള്ള കോടതിയുടെ പരമാധികാരത്തെയല്ല മറിച്ച് ഈ വിഷയത്തില്‍ രൂപീകരിച്ചതിന്റെ സാധുതകളെയാണ് ചോദ്യം ചെയ്യുന്നതെന്നും നരിമാന്‍ വ്യക്തമാക്കി.

മൂന്നംഗ ബെഞ്ച് പരിഗണിച്ച ശബരിമല കേസ് അഞ്ചംഗ ബെഞ്ചിനു വിട്ടു. ആ ബഞ്ചാണ് വിധി പറഞ്ഞത്. അത് പുനഃപരിശോധിക്കാന്‍ ഒമ്പതംഗ ബെ­ഞ്ചെന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. നരിമാന്റെ വാദത്തെ ഇന്ദിരാ ജയ്സിങ്, ശ്യാം ദിവാൻ, കപില്‍ സിബൽ, അഭിഷേക് മനു സിംഘ്‌വി, രാകേഷ് ദ്വിവേദി തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരും പിന്തുണയ്ക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാര്‍ മേത്തയ്ക്കൊപ്പം കെ പരാശരന്‍ മാത്രമാണ് മറിച്ച് നിലപാടെടുത്തത്.

Eng­lish Sum­ma­ry: The broad bench does not con­sid­er wom­en’s entry in shabarimala.

you may also like this video;