കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി മുന്നേറുന്നതിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്ന ഇക്കണോമിക് സര്‍വേ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് അവതരിപ്പിക്കും.
കാര്‍ഷിക കരിനിയമങ്ങള്‍ പാസാക്കി അവസാനിപ്പിച്ച കഴിഞ്ഞ സമ്മേളനത്തിന്റെ അലയൊലികള്‍ രാജ്യമെങ്ങും വന്‍ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് പാര്‍ലമെന്റ് വീണ്ടും ബജറ്റ് അവതരണത്തിനായി ചേരുന്നത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായി നിലകൊള്ളുമെന്ന സൂചന ഇതിനോടകം വ്യക്തമാക്കി. ബജറ്റിന്റെ ആദ്യ ദിനം തന്നെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍ നിലപാടു സ്വീകരിച്ചതോടെ ബജറ്റ് സമ്മേളനം സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നടക്കുന്ന വന്‍ പോരാട്ടമാകും.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം നല്കാന് ഇരുട്ടില്‍ തപ്പുന്ന കേന്ദ്രം, പദ്ധതികളുടെ പേരും വകുപ്പും മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ കോവിഡ് പാക്കേജുകള്‍ ഫലം കാണാത്ത അവസ്ഥ, തകര്‍ച്ചയിലേക്ക് നീങ്ങുന്ന ബാങ്കുകള്‍, ഉയര്‍ന്ന വിലക്കയറ്റം, സാധാരണ ജനജീവിതത്തെ കൊലയ്ക്കു കൊടുത്ത് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ ജനവിരുദ്ധ നടപടികളെ മറച്ചുപിടിച്ച് കോവിഡിനിടയിലും രാജ്യം കുതിക്കുന്നുവെന്ന് സ്ഥാപിക്കാനുള്ള കണക്കിലെ കളികളാകും ഇക്കണോമിക് സര്‍വേയിലും പ്രതിഫലിക്കുക എന്ന വിലയിരുത്തലാണ് പൊതുവെ നിലനില്‍ക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങൾ വേണമെന്ന നിര്‍ദ്ദേശമാണ് ബജറ്റിനു മുന്നോടിയായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്ന പൊതു വികാരം. ചെലവാക്കാനുള്ള പണം പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലച്ച് നേടാനാണ് സര്‍ക്കാര്‍ നീക്കം. കോര്‍പ്പറേറ്റുകള്‍ കോവിഡില്‍ പിടിച്ചു നിന്നെങ്കിലും രാജ്യത്തെ സാധാരണക്കാരന്റെ ഉപജീവനമായ ഇടത്തരം കച്ചവടങ്ങളും ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചു പൂട്ടിയതോടെ സാധാരണ ഇടത്തരം വിഭാഗത്തിലെ ജനങ്ങളുടെ ഉപജീവനം ചോദ്യചിഹ്നമായിരിക്കുന്ന വേളയിലാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.
english summary ;The budget session of parliament begins today
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.