Friday
06 Dec 2019

കേരളത്തിലെ വാട്ടർഫ്രണ്ട്‌ സമുച്ഛയങ്ങൾ അത്യാഹിതം ക്ഷണിച്ചുവരുത്തുമെന്ന് ഡോ. സുനിൽ ദുബെ 

By: Web Desk | Monday 17 September 2018 6:33 PM IST


 

 
സംസ്കാരത്തിനനുസരിച്ചുള്ള ചെലവ്കുറഞ്ഞ നിർമാണമാണ് അഭികാമ്യമെന്ന് അടൂർ ഗോപാലകൃഷ്ണ
കൊച്ചി: കേരളത്തിലെ നദീതട പ്രദേശങ്ങളിലെ വൻകിട സമുച്ഛയങ്ങൾ (വാട്ടർഫ്രണ്ട്‌ കെട്ടിടങ്ങൾ) അത്യാഹിതം ക്ഷണിച്ചു വരുത്തുന്നവയെന്ന് സിഡ്‌നി സർവകലാശാല പ്രൊഫസറും സിഡ്‌നി നഗരവികസന പദ്ധതി സീനിയർ ഉപദേശകനും കോർഡിനേറ്ററുമായ ഡോ. സുനിൽ ദുബെ. വാട്ടർഫ്രണ്ട് സമുച്ഛയങ്ങൾ പൊതു സ്‌ഥലം കയ്യേറുന്നതിന് തുല്യമാണ്. കേരളത്തിലെ വാട്ടർഫ്രണ്ട് സമുച്ഛയങ്ങൾ അത്ഭുതപ്പെടുത്തിയെന്നും ജനീവ ഫൗണ്ടേഷൻ ഫോർ ഗവെർണൻസ് ആൻഡ് പബ്ലിക് പോളിസി സ്‌ഥാപക അംഗം കൂടിയായ സുനിൽ പറഞ്ഞു. കേരളത്തിലെ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് നദീതട പ്രദേശങ്ങളിൽ നടക്കുന്നത്. സർക്കാർ ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാട്ടർ ഫ്രണ്ടിൽ ചെറിയ കെട്ടിടങ്ങളും അകലേക്ക് മാറ്റി വൻകിട കെട്ടിടങ്ങളും ആണ് കേരളത്തിന് ചേരുന്നത്. ലഭ്യമായ പരിമിത വിഭവശേഷി പ്രയോജനപ്പെടുത്തി ഗുണമേന്മയും സുസ്‌ഥിരവും ഉറപ്പുള്ളതുമായ നിർമിതികളാണ് കേരളത്തിന് അഭികാമ്യമെന്നും സുനിൽ ദുബെ ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്കാരത്തിന് അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളല്ല കേരളത്തിൽ നടക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരാൾ നിര്മിക്കുന്നതിനേക്കാൾ വലിയ വീട് വേണമെന്ന ചിന്ത ഒഴിവാക്കണം. ചെറിയ ചെലവിൽ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വീടുകളാണ് നിർമ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പാഠമാകണമെന്നും കേരളത്തിന് അനുയോജ്യമായ നിർമാണ രീതികൾ മാത്രമേ അനുവദിക്കാവൂ എന്നും പുഴയോരങ്ങളിലും നദീതീരങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും ആസ്ട്രേലിയൻ പ്ളാനിങ് ഇൻസ്റ്റിറ്റ്യൂട്ട് അംഗം പ്രൊഫ. ക്രിസ് ജോൺസൺ, സാഹിത്യകാരൻ ഡോ. ഡാവിന ജാക്സൺ, ലാറ്റിൻ അമേരിക്കൻ ഡെവലപ്മെൻറ് ബാങ്ക് കൺസൾട്ടന്റ് എലിസ സിൽവ എന്നിവർ പറഞ്ഞു.
ആർക്കിടെക്റ്റ് പ്രൊഫ. ബി. ആർ അജിത്തിൻറെ നേതൃത്വത്തിലുള്ള ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസ് (ആസാദി) ൻറെ രാജ്യാന്തര ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുകൾ കൊച്ചിയിൽ  ഒത്തു ചേർന്നത്. ആസാദിയെ രാജ്യാന്തര ആർക്കിടെക്ച്ചർ ബൗദ്ധിക കേന്ദ്രമാക്കാനും ഗവേഷണ കേന്ദ്രമാക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പ്രൊഫ. ബി ആർ അജിത് പറഞ്ഞു.
Related News