മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ട പരിഹാരമല്ല: സിപിഐ

Web Desk
Posted on October 30, 2019, 10:50 pm

തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടി വനത്തിനുള്ളിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം നടുക്കമുളവാക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് സിപിഐ യോജിക്കുന്നില്ല. എന്നാൽ അവർ ഉയർത്തുന്ന വിഷയങ്ങൾക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണേണ്ടതുണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം. ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ ഉന്മൂലനം ചെയ്യാനിറങ്ങുന്നതും വെടിവച്ച് കൊല്ലുന്നതും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല, വെടിയുണ്ടകൊണ്ട് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണ്.
വടക്കേഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാജങ്ങളായിരുന്നു എന്ന് തെളിഞ്ഞത് വിസ്മരിക്കരുത്. പല സംസ്ഥാനങ്ങളിലും അമിതാധികാരം ലഭിച്ച പൊലീസും ഭരണകൂടങ്ങളും സൃഷ്ടിക്കുന്ന വ്യാജ ഏറ്റുമുട്ടലുകൾപോലെയൊന്നും കേരളത്തിൽ ഉണ്ടാവാൻ പാടില്ല. മാവോയിസ്റ്റുകളെ അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്. ഇന്ത്യയിലെ നിരവധിയിടങ്ങളിൽ ആ ശ്രമങ്ങൾ ഫലം കണ്ടതും ഓർക്കേണ്ടതാണ്. മാവോയിസ്റ്റ് എന്ന് മുദ്രകുത്തി നടത്തിയ വേട്ടയാടലുകൾക്ക് എതിരെ ഉന്നത കോടതികൾ സ്വീകരിച്ച നിലപാടും വിസ്മരിക്കാൻ പാടില്ല. അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചാൽ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്. അല്ലാതെ തണ്ടർബോൾട്ട് ഉടനടിതന്നെ വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.
പൊലീസ് ശിക്ഷാവിധി നടപ്പിലാക്കാനിറങ്ങുന്നത് നിയമവാഴ്ചയെ അട്ടിമറിക്കലാണ്. ഇത് കാടത്തവുമാണ്. ഈ രീതി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാലും കേരള പൊലീസ് സ്വീകരിക്കാൻ പാടില്ലാത്തതാണ്. പാലക്കാട് മഞ്ചക്കണ്ടി വനത്തിലുണ്ടായ മാവോയിസ്റ്റുകളുടെ കൊലപാതകം സംബന്ധിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും സിപിഐ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
സി എൻ ജയദേവന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിച്ചു. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.

ആ പ്രതികരണം അറിവില്ലാത്തതുകൊണ്ട്

തിരുവനന്തപുരം: അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി സെൻകുമാർ മാവോയിസ്റ്റുകളുടെ കേന്ദ്രങ്ങളിലേക്ക് കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തിനെയും അയക്കാമെന്ന് പറഞ്ഞത്, ഉത്തരേന്ത്യയിൽ നടന്ന പല സംഭവങ്ങളെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടാണെന്ന് കാനം പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി ഉണ്ടാകുമ്പോൾ അവയെ നേരിടാനും ചെറുത്തു നിൽക്കാനും സിപിഐ നേതാക്കൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഐഎഎസ് ഉദ്യോഗസ്ഥനായ അലക്സ് പോളിനെ മാവോയിസ്റ്റുകൾ ബന്ധിയാക്കിയപ്പോൾ ഘോരവനത്തിനുള്ളിൽ പോയി അദ്ദേഹത്തെ മോചിപ്പിച്ചത് സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ അഖിലേന്ത്യാ നേതാവുമായ മനീഷ് കുഞ്ചാമാണ്. അദ്ദേഹത്തെക്കൊണ്ട് മാത്രമേ അലക്സ് പോളിനെ മോചിപ്പിക്കാൻ കഴിയൂവെന്ന് ഗവൺമെന്റിനോട് പറഞ്ഞത് അവിടത്തെ ഉയർന്ന ഉദ്യോഗസ്ഥരാണ്. മനീഷ്‌കുഞ്ചാമിന്റെയും കാനം രാജേന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും കയ്യിലുള്ളത് ഒരേ പാർട്ടി കാർഡാണ്.
ബിജെപിയുടെ പുത്തൻ കൂറ്റുകാരനായ ടി പി സെൻകുമാർ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനായി സിപിഐ നേതാക്കളുടെമേൽ കുതിരകയറേണ്ടതില്ല. അദ്ദേഹം കുറേ എഴുത്തും വായനയും ശീലമുള്ള ആളാണെന്നാണ് കരുതുന്നത്. അതുകൊണ്ട് കമ്മ്യുണിസ്റ്റ് പാർട്ടി ചരിത്രം ഒന്ന് വായിച്ചു നോക്കി അഭിപ്രായ പ്രകടനം നടത്തുന്നത് നന്നായിരിക്കുമെന്ന് കാനം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. പൊലീസിന്റെ കയ്യിൽ അമിതാധികാരം നൽകുന്നത് ശരിയല്ലെന്നതാണ് സിപിഐ നിലപാടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.