March 26, 2023 Sunday

ബുണ്ടസ് ലിഗ പുനരാരംഭിക്കുന്നു

Janayugom Webdesk
ബെർലിൻ
May 7, 2020 12:12 pm

കൊറോണ വൈറസിന്റെ വ്യാപനത്തോടെ ആഴ്ചകളോളം മുടങ്ങിക്കിടന്ന ജർമ്മനിയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗ ആരംഭിക്കാൻ സാധ്യത. സർക്കാർ നിർദ്ദേശ പ്രകാരം മെയ് പകുതിയോടെയാകും ബുണ്ടസ് ലിഗ പുനരാരംഭിക്കുകയെന്ന് സാധ്യതയെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ക്ലബ്ബുകൾക്ക് കൊറോണ കാരണം ഉണ്ടായിട്ടുള്ള സാമ്പത്തിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ബുണ്ടസ് ലിഗയുടെ ഒന്നും രണ്ടും ഡിവിഷനുകളിലായി കളി പുനരാരംഭിക്കുന്നതിൽ തെറ്റില്ലെന്നതാണ് സർക്കാരിന്റെ വാദം. ചാൻസലർ ഏഞ്ചല മെർക്കലും സംസ്ഥാന പ്രീമിയർമാരുമായി മത്സരങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ലിഗ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കളിക്കാർ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പായി രണ്ടാഴ്ചത്തെ ക്വാറന്റൈന് വിധേയമായിരിക്കണം. ഇതിനുള്ള സൗകര്യങ്ങൾ അതാത് പരിശീലന ക്യാമ്പിൽ ഒരുക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. ജർമ്മനിയിലെ ജനങ്ങൾക്കിടയിൽ ഏറെ പ്രീതിയുള്ള ഫുട്‌ബോൾ ലീഗ് 56,000 ആളുകൾ ജോലി ചെയ്യുന്ന ഒരു മേഖലകൂടിയാണ്. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം.
കൊറോണ വൈറസ് പരിശോധനകൾ ശക്തിപ്പെടുത്തി കർശനമായ അണുബാധ നിയന്ത്രണ പദ്ധതി നടപ്പാക്കുമെന്നാണ് ലിഗ സംഘാടകർ അധികാരികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ സഘാടകരുടെ നീക്കത്തെ പ്രശംസിച്ചു. ഡിഎഫ്എൽ തുടങ്ങാൻ മുന്നോട്ടുവച്ചിരിക്കുന്ന പദ്ധതിക്ക് അർത്ഥമുണ്ടെന്നും മറ്റ് പ്രൊഫഷണൽ കായിക വിനോദങ്ങൾക്ക് ഒരു മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു.

ബുണ്ടസ് ലിഗ സീസണിൽ അവശേഷിക്കുന്ന ഒമ്പത് മത്സര ദിവസങ്ങളിൽ മത്സരിക്കാൻ സാധിച്ചാൽ ജർമ്മൻ ക്ലബ്ബുകൾക്ക് ടിവി സംപ്രേഷണത്തിൽ നിന്നും 300 ദശലക്ഷം യൂറോ കണ്ടെത്താൻ സാധിക്കും. ഇത് അവരുടെ സാമ്പത്തിക നഷ്ടങ്ങളിൽ ഒരു പരിധിവരെ ചെറുക്കാൻ അവരെ സഹായിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 36 ഫസ്റ്റ്, സെക്കൻഡ് ഡിവിഷൻ ടീമുകളിൽ ഒരു ഡസനിലധികം പാപ്പരാകുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

അതിനിടെ ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ കളിക്കാർ ടീമിന്റെ കായിക കേന്ദ്രത്തിൽ പരിശീലനത്തിനായി മടങ്ങിയെത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങിയ ശേഷം രണ്ടാഴ്ചത്തെ കൊറോണ വൈറസിനെതിരായ ക്വാറന്റൈൻ ആരംഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ലിയോനാർഡോ ബോനൂച്ചി, ആരോൺ റാംസെ, മിറാലെം പിജാനിക്, ജുവാൻ ക്വാഡ്രാഡോ, മാറ്റിയ ഡി സിഗ്ലിയോ, ഫെഡറിക്കോ ബെർണാഡെഷി, ഡാനിയേൽ റുഗാനി എന്നിവരും പരിശീലനത്തിനായി ഇറ്റലിയിലെത്തി.
ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള പരിശീലന സെഷനുകളാണ് ക്ലബ്ബുകൾ നടത്തുക. പരിശീലനം പുനരാരംഭിക്കുന്നതിനുള്ള മെഡിക്കൽ പ്രോട്ടോക്കോൾ ചർച്ച ചെയ്യുന്നതിനായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനും (എഫ്ഐജിസി) സർക്കാരിന്റെ സാങ്കേതിക ശാസ്ത്ര സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം യോഗം ചേർന്നിരിന്നു.

Eng­lish sum­ma­ry; The Bun­des Liga, Ger­many’s first divi­sion foot­ball league, is like­ly to start after a week-long stale­mate with the spread of the coro­na virus.

you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.