Friday
13 Dec 2019

കുടുംബത്തെ കൊന്ന് ബിസിനസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു

By: Web Desk | Friday 16 August 2019 6:40 PM IST


ബംഗളൂരു: കടക്കെണിയിലായ വിഷമത്തില്‍, ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു. ഗുണ്ടല്‍പേട്ടിലെ ചാമരാജ് നഗര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു.  ഓം പ്രകാശ് (38),ഭാര്യ നികിത (30), മകന്‍ ആര്യ കൃഷ്ണ (4),ഓം പ്രകാശിന്റെ അച്ഛന്‍ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു മരിച്ചത്.

ബിസിനസില്‍ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നു കുടുംബത്തോടെ  ജീവനൊടുക്കാന്‍ ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.  എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും മരിച്ചെന്നുറപ്പാക്കി വായില്‍ നിറയൊഴിച്ചാണു ഓം പ്രകാശ് ജീവനൊടുക്കിയത്.

ആരും എതിര്‍ത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭ്യമായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാമരാജ്‌പേട്ട് എസ്പി എച്ച് ഡി അനന്തകുമാര്‍ അറിയിച്ചു.  മൈസൂരുവില്‍നിന്ന് എസ്‌യുവി വാഹനത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വ്യാഴാഴ്ച രാത്രിയാണു ഗുണ്ടല്‍പേട്ടിലേക്കു പോയത്. പുലര്‍ച്ചെ മൂന്നോടെ ഓംപ്രകാശും കുടുംബവും കൃഷിയിടത്തിലേക്കു മാറി. അവിടെയാണ് കൂട്ടമരണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പൊലീസ് വിശദീകരിച്ചു.

Related News