പാലാ ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉരകല്ല്

Web Desk
Posted on September 10, 2019, 10:25 pm

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലാ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് കേരളാ കോണ്‍ഗ്രസി (എം) ലെ ചേരിപ്പോരാണ്. പി ജെ ജോസഫും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മാണി കേരളാ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു എങ്കിലും അതൊരിക്കലും സുഗമമായ ദാമ്പത്യമായിരുന്നില്ല. മാണിയുടെ നിര്യാണത്തോടെ ഇരുഗ്രൂപ്പുകളും തമ്മിലുളള വേര്‍പിരിയല്‍ പൂര്‍ണമായി. ഇനി അവശേഷിക്കുന്നത് ഔപചാരികമായ പിളര്‍പ്പ് മാത്രമാണ്. കേരളാ കോണ്‍ഗ്രസിലെ ചേരിപ്പോര് ഏറെ അസ്വസ്ഥമാക്കുന്നത് യുഡിഎഫിനെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റിനുവേണ്ടി ജോസഫ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ മുറിവുണക്കാന്‍ മാണിക്കോ യുഡിഎഫിനോ കഴിഞ്ഞിരുന്നില്ല. നിയമസഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ പദവി കൊണ്ട് ജോസഫ് ഒരിക്കലും തൃപ്തനായിരുന്നില്ല.

കോട്ടയം ലോക്‌സഭാ സീറ്റുനിഷേധത്തിനു പുറമെ പാലാ സീറ്റും കൂടി നിഷേധിക്കപ്പെട്ടത് ജോസഫിനു താങ്ങാവുന്നതില്‍ ഏറെയാണ്. നിലവിലുണ്ടായിരുന്ന കോട്ടയം സീറ്റ് കാലാവധി പൂര്‍ത്തിയാകും മുമ്പ് കൈവിട്ട് രാജ്യസഭാ സീറ്റിന്റെ സുരക്ഷിത്വം ഉറപ്പുവരുത്തിയ ജോസ് കെ മാണി ഭാര്യക്കുവേണ്ടി പാലാസീറ്റ് ആഗ്രഹിച്ചതില്‍ ആരും തെറ്റുകാണില്ല. മാണി ഗ്രൂപ്പെന്നാല്‍ മാണിയും കുടുംബവും അടുത്ത സില്‍ബന്തികളും ഉള്‍പ്പെട്ട ഒരു ‘അധ്വാനവര്‍ഗ’ ഇടപാടാണെന്ന് അറിയാത്തവരായി ആരും ഭൂമിമലയാളത്തില്‍ ഉണ്ടാവില്ലല്ലോ. പാലാസീറ്റ് കുടുംബത്തിനുള്ളില്‍ ഉറപ്പിക്കാനുള്ള ജോസ് കെ മാണിയുടെ എല്ലാ ശ്രമങ്ങളും തകര്‍ക്കുന്നതില്‍ ജോസഫ് വിജയിച്ചു. എന്നാല്‍ കുടുംബത്തിന്റെ നഷ്ടം ഗ്രൂപ്പിന്റെ നേട്ടമാക്കി മാറ്റാന്‍ ജോസിനു കഴിഞ്ഞു. രണ്ടില കൈവിടാതെ പിടിച്ചുവയ്ക്കുന്നതില്‍ ജോസഫ് വിജയിച്ചുവെങ്കിലും മാണിപക്ഷ സ്ഥാനാര്‍ഥി കൈതച്ചക്ക ചിഹ്നത്തിലും തന്റെ മാണി കുടുംബ വിധേയത്വത്തിലും സംതൃപ്തനാണ്.

യുഡിഎഫിന് പാലാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന് അപ്പുറം കടന്ന് രാഷ്ട്രീയ വ്യവഹാരത്തിന് സമയമില്ലെന്നതാണ് അവസ്ഥ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയലഹരിക്ക് എന്നേ നിറം മങ്ങിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്യാഗം മുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മറുകണ്ടം ചാടലും തരൂര്‍ ഉയര്‍ത്തുന്ന വിവാദമടക്കം സംഭവ പരമ്പരകളും ബിജെപി സര്‍ക്കാര്‍ അവര്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളും പാര്‍ട്ടി നേതാക്കളെയും അണികളെയും ഒരുപോലെ തളര്‍ത്തിയിരിക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ പാളയമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. മുസ്‌ലിം ലീഗിന്റെ അവസ്ഥയും മറിച്ചല്ല. അവിടെയും പാളയത്തില്‍ പട സജീവമാണ്. ബിജെപിക്കാവട്ടെ പാലായില്‍ നിന്നോ കേരളത്തില്‍ നിന്നോ തല്‍ക്കാലം ഏറെ ഒന്നും പ്രതീക്ഷിക്കാനുമില്ല. ജോസഫിന്റെയും അനുയായി വൃന്ദത്തിന്റെയും നാളിതുവരെയുള്ള പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന സൂചന നല്‍കുന്നുണ്ട്. പാലാ പഴയ പാലാ അല്ലെന്നും വോട്ടര്‍മാര്‍ മാറിചിന്തിക്കാന്‍ സന്നദ്ധരാണെന്നുമുള്ള വ്യക്തമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നല്‍കിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറിയ ഘടകങ്ങള്‍ ഏതാണ്ടെല്ലാം ഉപതെരഞ്ഞെടുപ്പില്‍ അപ്രസക്തമാണ്. രണ്ടു പ്രളയത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച കേരളത്തെ, ദേശീയ സമ്പദ്ഘടനയെ ഗ്രസിച്ചിരിക്കുന്ന കടുത്ത മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ശരിയായ ദിശയില്‍, നയിക്കാന്‍ കഴിയുന്നുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന് മണ്ഡലവുമായുള്ള ദീര്‍ഘകാല ബന്ധവും സ്വീകാര്യതയും തെരഞ്ഞെടുപ്പു ഫലത്തെ തീര്‍ച്ചയായും സ്വാധീനിക്കുകതന്നെ ചെയ്യും.

എല്ലാ തെരഞ്ഞെടുപ്പുകളും അതില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ ശക്തികളുടെ മാറ്റുരയ്ക്കുന്ന ഉരകല്ലുകളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്‍ക്കാവുന്ന വികസനത്തിന്റെയും സാമൂഹിക‑സാമ്പത്തിക നീതിയുടെയും രാഷ്ട്രീയമാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടുന്നത്. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളും കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്തിപ്പിടിക്കുന്ന അവസരവാദത്തിന്റെയും ജീര്‍ണതയുടെയും രാഷ്ട്രീയത്തെ പാലായില്‍ നിലംപരിശാക്കുക എന്നത് ഓരോ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്. ബിജെപിയും സംഘ്പരിവാറും മുന്‍വയ്ക്കുന്ന വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിനും അവര്‍ നേതൃത്വം നല്‍കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്. അതോടൊപ്പം അവരിരുവരും പ്രതിനിധീകരിക്കുന്ന അധാര്‍മിക രാഷ്ട്രീയത്തിനും വോട്ടുകച്ചവടത്തിനും എതിരെ നിതാന്ത ജാഗ്രതയും കൂടിയെ തീരു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കനത്ത വെല്ലുവിളികളുടെ ദിനങ്ങളില്‍ കേരളത്തിന്റെ ഈ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ അജയ്യത ഉറപ്പുവരുത്തും.