സരിത കൃഷ്ണൻ

കോട്ടയം:

April 03, 2020, 10:33 am

കൊറോണയിൽ മിഴിയടഞ്ഞ് ക്യാമറക്കണ്ണുകൾ

Janayugom Online

കല്യാണങ്ങൾ കൊറോണ കവർന്നതോടെ മിഴിയടഞ്ഞ് ക്യാമറക്കണ്ണുകൾ. നിശ്ചയവും, സേവ് ദ ഡേറ്റും, കല്യാണവും, കല്യാണശേഷം ഔട്ട് ഡോർ ചിത്രീകരണങ്ങളും ഒക്കെയായി സജീവമായിരുന്ന കാലമാണ് കൊറോണയുടെ കടന്നുവരവോടെ നിശ്ചലമായത്. കൊറോണയും നിയന്ത്രണങ്ങളും മൂലം കല്യാണങ്ങളും സമ്മേളനങ്ങളും മാറ്റിവച്ചതോടെ സ്റ്റുഡിയോകളുടെയും കഷ്ടകാലം ആരംഭിച്ചെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു. ഹിന്ദു ക്രിസ്ത്യൻ വിവാഹങ്ങൾക്ക് പുറമേ വിവിധ സമ്മേളനങ്ങളുടെയും കാലമാണ് മാർച്ച് മുതൽ ജൂൺവരെയുള്ള സമയം. കൊറോണ വ്യാപനകാലമായതോടെ പലരും വിവാഹം മാറ്റി. ചിലർ ആർഭാടം കുറച്ചു നടത്താൻ തീരുമാനിച്ചതോടെ വീഡിയോകളും ഫോട്ടോ ആൽബങ്ങളും ഒഴിവാക്കി. ഇതോടെ ഫോട്ടോ വീഡിയോഗ്രാഫർമാർക്ക് പണിയില്ലാതായ സ്ഥിതിയായി.

കോട്ടയം ജില്ലയിൽ മാത്രം അഞ്ഞൂറിലേറെ സ്റ്റുഡിയോകളുണ്ട്. ഫോട്ടോഗ്രാഫർമാരുടെ സംഘടനകളിൽ അംഗത്വമുള്ളവർ 2000 വരും. ഇതിന് പുറമെ ഫോട്ടോഗ്രാഫി കോഴ്സ് പഠിച്ചിറങ്ങുന്നവരടക്കം ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാർ നിരവധിയാണ്. സാധാരണ ഒരു സ്റ്റുഡിയോയിൽ 5 മുതൽ 10 ജീവനക്കാർ വരെ ഉണ്ടെങ്കിൽ ഒരു കളർലാബിൽ സാങ്കേതിക വിദഗ്ദ്ധരും ഡിസൈനർമാരും ഉൾപ്പെടെ എണ്ണം ഇതിന്റെ പല മടങ്ങു വരും. ഇവർക്കെല്ലാം ഇനി മാസങ്ങളോളം വരുമാന നഷ്ടമുണ്ടാകുന്നതിനാൽ നൂറ് കണക്കിന് കുടുംബങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത്. ശമ്പളം കൊടുത്ത് ജീവനക്കാരെ മാസങ്ങളോളം സംരക്ഷിച്ചു നിറുത്താൻ കഴിയുന്നവർ ഈ രംഗത്ത് വിരലിലെണ്ണാവുന്നവരാണ്. വിദേശമലയാളികളാണ് ഫോട്ടോ ആൽബത്തിനും വീഡിയോയ്ക്കും മറ്റും കൂടുതൽ പണം ചെലവഴിക്കുന്നത്.

സിനിമാഷൂട്ടിംഗിനെ വെല്ലുന്നതരത്തിൽ വീഡിയോ ആൽബമടക്കം വിവിധ ലൊക്കേഷനിൽ ഷൂട്ടിംഗ് നടത്തുന്ന ‘സേവ് ദ ഡേറ്റ്‘വഴി ഫോട്ടോ, വീഡിയോഗ്രാഫർമാർക്കും വലിയ വരുമാനം ലഭിച്ചിരുന്നു. കൊറോണ കാരണം വിദേശത്തുള്ളവർക്ക് നാട്ടിലെത്താൻ കഴിയാത്തതിനാൽ അടുത്ത നാല് മാസത്തെ വിവാഹാഘോഷങ്ങൾ മാറ്റിവച്ചു. നാട്ടിലുള്ള വിദേശ മലയാളികൾക്കും ആളെക്കൂട്ടി ആർഭാടപൂർണമായ രീതിയിൽ വിവാഹം നടത്താൻ കഴിയുന്നില്ല. മദ്ധ്യവേനലവധിയിൽ സ്കൂൾ കോളജ് അടയ്ക്കലും, ജീവനക്കാരുടെ റിട്ടെയർമെന്റുമെല്ലാം ഗ്രൂപ്പ് ഫോട്ടോ എടുക്കൽ കാലമായിരുന്നു. ഇതും കൊറോണ ഇല്ലാതാക്കിയിട്ടുണ്ട്.

ENGLISH SUMMARY: The cam­era glances at Corona

YOU MAY ALSO LIKE THIS VIDEO