കാന്റർബറിയിൽ വധിക്കപ്പെട്ട സെന്റ് തോമസ് ബക്കറ്റിന്റെ സമാധിസ്ഥലത്തേക്ക് തീർത്ഥാടനത്തിനു പുറപ്പെട്ട കുറച്ചുപേർ ലണ്ടൻ നഗരത്തിനടുത്തുള്ള സൗത്ത് വാർക്കിലെ റ്റബാർഡ് സത്രത്തിൽ ഒത്തുചേരുന്ന സന്ദർഭത്തിലൂടെ ഒരു മഹാകഥ രൂപാന്തരപ്പെടുകയായിരുന്നു- കാന്റർബറി ടെയിൽസ്. ഇംഗ്ലീഷ് ഭാഷയ്ക്കും സാഹിത്യത്തിനും പുതുമയും ഉണർവും പകർന്ന, ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവ് എന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ജെഫ്രിചോസർ എന്ന ബഹുമുഖ പ്രതിഭയുടെ സംഭാവനയായിരുന്നു കാന്റർബറി ടെയിൽസ്.
കാന്റർബറിയിൽ ഒത്തുചേർന്ന ഇരുപത്തിയൊൻപത് തീർത്ഥാടകരിൽ ചോസറും ഉണ്ടായിരുന്നു. ഹാരിബയ്ലി എന്ന സത്രമുടമ തീർത്ഥാടകർക്ക് വിശിഷ്ടമായ സദ്യ ഒരുക്കി അവരെ തൃപ്തിപ്പെടുത്തി. അവിടെനിന്നുള്ള തിരിച്ചുപോക്ക് ആസ്വാദ്യകരമാക്കാൻ ഓരോ തീർത്ഥാടകനും ഈ രണ്ടു കഥകൾ വീതം പറയണമെന്നുള്ള ഒരു നിർദ്ദേശം ഹാരിബയ്ലി വർത്താമാനത്തിനിടയിൽ എടുത്തിട്ടു. ഏറ്റവും സുഗമവും സുന്ദരവുമായ നല്ല ഒരു കഥ പറയണം. ആൾക്ക് എല്ലാവരും കൂടി ഒരു വിരുന്നൊരുക്കി കൊടുക്കണം. ഏവർക്കും ആ നിർദ്ദേശം അംഗീകരിച്ചു.
പക്ഷേ, ഇരുപത്തിനാല് കഥകളേ ചോസർക്ക് എഴുതാനായുള്ളു. ആമുഖ പ്രസ്താവനയും, തീർത്ഥാടകരെ പരിചയപ്പെടുത്തലുമാണ് ആദ്യഭാഗത്ത്. അടുത്ത ഭാഗം കഥകൾ പറയലാണ്. തീർത്ഥാടകരെക്കുറിച്ച് പലതരം വർണനകളും കാന്റർബറികഥകളെ ആകർഷണീയമാക്കുന്നുണ്ട്. സമൂഹത്തിലെ ഓരോ വിഭാഗം ആളുകളെ ഓരോരുത്തർ പ്രതിനിധാനം ചെയ്യുന്നു. ഇവരിൽ പ്രധാനികൾ നെെറ്റ് പാർഡനർ, നൺ പ്രീസ്റ്റ് തുടങ്ങിയവരാണ്. പ്രഭുസ്ഥാനീയനായ സെെനികോദ്യോഗസ്ഥനാണ് നെെറ്റ്. പണം വാങ്ങിക്കൊണ്ട് പാപമോചനം നല്കാൻ പ്രാപ്തിയുള്ള വ്യക്തിയാണ് പാർഡനർ. പുരോഹിതയായ കന്യാസ്ത്രീയാണ് നൺ പ്രീസ്റ്റ്. പിന്നെയുമുണ്ട് ചിലർ. വെെദികവൃത്തിയെ പ്രതിനിധാനം ചെയ്യുന്ന പ്രീസ്റ്റ്, വെെദിക വിദ്യാർത്ഥി, സേവകർ, വ്യവഹാര പണ്ഡിതൻ, പുരയിടത്തിന്റെ മേൽനോട്ടക്കാരൻ, നെയ്ത്തുകാരൻ, മരപ്പണിക്കാരൻ, യവനിക നിർമ്മാതാവ്. എന്തിനധികം പറയുന്നു മാൻസിപ്പൾ കോളജിലെ അടുക്കള വിചാരിപ്പുകാരനും തനിക്കു പറയാനുള്ള കഥയുമായി കാന്റർബറി കഥയിൽ സജീവമാകുന്നുണ്ട്.
എല്ലാവരും രസകരവും നാടകീയവുമായ കഥകളാണ് അവതരിപ്പിക്കുന്നത്. കഥ പറയുന്നവരുടെ സാമൂഹികനില, അഭിരുചി, വിദ്യാഭ്യാസം എന്നിവക്ക് യോജിച്ച തരത്തിലുള്ള ഭാഷയും പ്രമേയവും അവതരണവുമാണ് ചോസർ സ്വീകരിച്ചിരിക്കുന്നത്. സമകാലിക ജീവിതത്തിലെ ഇംഗ്ലീഷുകാരുടെ രസികത്തരങ്ങളും ആചാരങ്ങളും വ്യവഹരിക്കപ്പെട്ടിരിക്കുന്നത് ആസ്വാദ്യതയോടെയാണ്. ചോസറുടെ പാണ്ഡിത്യത്തിന്റെയും ഭാവനയുടെയും ഉത്തമോദാഹരണമാണ് കാന്റർബറി കഥകൾ എന്ന് ഡ്രെെസൻ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. ഓരോ കഥാപാത്രവും അവരവരുടെ വ്യക്തിത്വങ്ങൾ ഉറപ്പിച്ചു നിറുത്തിക്കൊണ്ടാണ് കഥകളിൽ സന്നിവേശിച്ചിരിക്കുന്നത്. തങ്ങളുടെ തൊഴിൽ സംസ്കാരങ്ങളിൽ വേണ്ടത്ര മാന്യത പുലർത്തുന്നുമുണ്ട്.
14-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഭാഷയ്ക്കും സാഹിത്യത്തിനും പുതിയ മാനം നല്കുകയായിരുന്നു ജെഫ്രി ചോസർ. ആംഗലേയ സാഹിത്യത്തിലെ പഞ്ചമഹാകവികളായി കണക്കാക്കപ്പെടുന്നവർ- ചോസർ, ഷേക്സ്പിയർ, മിൽട്ടൺ, സ്പെൻസർ, വേഡ്സ്വർത്ത് എന്നിവരിൽ ചോസർ ഒന്നു മുൻപിലായത് ഇംഗ്ലീഷ് സാഹിത്യചരിത്രത്തിന് അദ്ദേഹം ഉചിതമായ തുടക്കമിട്ടതുകൊണ്ടാണ്. സമകാലികരെയെല്ലാം പിൻതള്ളിക്കൊണ്ടാണ് പതിനാലാം നൂറ്റാണ്ടിൽ ആ സാഹിത്യകാരൻ ഭാഷയില്‍ നിറഞ്ഞുനിന്നത്.
ചോസർയുഗത്തിലാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു ക്രമം ഉണ്ടാവുന്നത്. ഓക്സ്ഫഡ്, കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റികളിലും ഇംഗ്ലീഷനു പ്രാധാന്യമേറി. മൗലികമായ ഒരു ഗദ്യവും ഇതോടെ ഉദയം ചെയ്തു. ചോസർ യുഗത്തിലെ ആംഗലേയ സാഹിത്യത്തിന്റെ പ്രത്യേകത ഹ്യൂമനിസം തന്നെയാണ്. ആ കാലഘട്ടത്തിന്റെ അസമത്വപരവും പ്രശ്നപരവുമായ സംഭവങ്ങൾ തന്റെ രചനകളിൽ അദ്ദേഹം ആവിഷ്കരിച്ചു. പലയിടത്തുനിന്നും ആശയങ്ങൾ ഉൾക്കൊണ്ടുവെങ്കിലും സ്വന്തം ഭാവനയിലൂടെ കാന്റർബറി കഥകൾ ഒരു ക്ലാസിക്ക് കൃതിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കാന്റർബറി കഥകളിൽ അത്യുദാത്തവും വീരോചിതവും എന്നു എടുത്തുപറയാവുന്ന കഥ നെെറ്റ്സ് തന്നെയാണ്. പാലമൺ, ആർസെെറ്റ് എന്നീ രണ്ടുപേർ എമിലി എന്ന ഒരു സുന്ദരിപ്പെണ്ണിനെ പ്രണയിക്കുകയും, അവളെ സ്വന്തമാക്കാൻ ഇരുവരും യുദ്ധത്തിൽ ഏർപ്പെടുകയും പാലമൺ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു. തന്റെ വിജയം അതിന്റെ ഉന്മാദത്തിൽ എത്തുന്നതിനു മുൻപേ ആർസെെറ്റ് കുതിരപ്പുത്തുനിന്നു വീണുമരിക്കുന്നു. തന്റെ സുഹൃത്തിന്റെ മരണത്തിൽ വല്ലാതെ വിഷമിച്ചുപോയ പാലമൺ ഒടുവിൽ എമിലിയെ വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ ആ കഥാഭാഗം കാല്പനികതയുടെ കനകവർണമാകുന്നു. അങ്ങനെ മറ്റു കഥകളും.
‘ട്രോയ്ലസ് ആന്റ് ക്രസിഡ്, ദ ഹൗസ് ഓഫ് ഫെയിം, ദ സ്റ്റോറി ഓഫ് ഗ്രിസെൽഡ, ദ ലജന്റ് ഓഫ് ഗുഡ് വിമൺ എന്നീ ചോസർ കൃതികളിലൂടെ കടന്നുപോകുമ്പോൾ, ചിലതിലൊക്കെ ഇറ്റാലിയൻ എഴുത്തുകാരുടെ സ്വാധീനം വല്ലാതാകുന്നുണ്ട്. പക്ഷേ, സ്വതസിദ്ധമായ ഒരു ശെെലിയും ശില്പഭംഗിയും ആ എഴുത്തുകാരൻ കാഴ്ചവച്ചിട്ടുണ്ട്. എന്തു പോരായ്മകൾ ചോസറിൽ ചൂണ്ടിക്കാണിച്ചാലും ആംഗലേയ സാഹിത്യത്തിന്റെ ഒരു മഹാസിദ്ധൻ എന്ന് അദ്ദേഹത്തെ വിളിക്കാതിരിക്കാൻ ആവില്ലല്ലോ.
1340ൽ ജെഫ്രി ചോസർ ജനിച്ചതെന്ന് ചില രേഖകളുണ്ട്. 1386ലാണ് എന്നും പറയപ്പെടുന്നുണ്ട്. പിതാവായ ജോൺ ചോസർ ഒരു വെെൻ വ്യാപാരിയും അമ്മ ആഗ്നസ് ഏറെ സ്വത്തിന് അവകാശിയുമായിരുന്നു. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകളിൽ ചോസറിനു പാണ്ഡിത്യവുമുണ്ടായിരുന്നു. ശാസ്ത്രം, തർക്കം, വ്യാകരണം എന്നിവയിലും ചോസര്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു.
റിച്ചാർഡ് രണ്ടാമന്റെ കാലഘട്ടത്തിൽ ഫ്രാൻസിലെയും ഇറ്റലിയിലെയും നയതന്ത്ര വിദഗ്ധനായിരുന്നു അദ്ദേഹം. 1366ൽ ഫിലിപ്പ എന്ന ധാനാഢ്യയും സുന്ദരിയുമായ പെണ്ണിനെ വിവാഹം കഴിക്കുക കൂടി ചെയ്തപ്പോൾ അദ്ദേഹത്തിന് സമൂഹത്തിൽ സ്ഥാനമാനങ്ങളുമായി. രാജസദസിലെ ക്ലാർക്കായും കസ്റ്റംസ് കൺട്രോളറായും അദ്ദേഹം പ്രവർത്തിച്ചു. റോയൽ ഫോറസ്റ്റിയിൽ ഡെപ്യൂട്ടി പോസ്റ്റർ പദവിയിൽ വരെ ചോസർ എത്തി. ലെവിഡും തോമസും രണ്ടാൺമക്കളായിരുന്നു.
1400ൽ സാഹിത്യത്തിന്റെ ആ ലെജന്റ് മരിച്ചപ്പോൾ ഔദ്യോഗിക ബഹുമതികളോടെ വെസ്റ്റ് മിൻസ്റ്റർ അബ്ബെയിൽ സംസ്കരിച്ചു.