സമാധാന കാർട്ടൂണുകളുമായി റെക്കോർഡ് ശ്രമം നടത്തി കാർട്ടൂൺമാൻ

എ എ സഹദ്

ആലുവ

Posted on September 20, 2020, 3:09 pm

ലോക സമാധാന ദിനത്തോടനുബന്ധിച്ച് നൂറ് സമാധാന കാർട്ടൂണുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ റെക്കോർഡ് ശ്രമം നടത്തി. 42.20 മിനിറ്റ് കൊണ്ടാണ് കാർട്ടൂൺമാൻ 100 കാർട്ടൂണുകൾ വരച്ചത്.

സമാധാനത്തിന്റെ പ്രതീകമായ പ്രാവാണ് കാർട്ടൂണുകളിലെ പ്രധാന കഥാപാത്രം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഥാപാത്രമാകുന്ന കാർട്ടൂണും ഇതിലുൾപ്പെടുന്നുണ്ട്. തുടർച്ചയായ മൂന്ന് വർഷങ്ങളിലും സമാധാന ദിനത്തോടനുബന്ധിച്ച് സമൂഹത്തിന് സമാധാന സന്ദേശം പകരുന്ന പരിപാടികൾ ബാദുഷ സംഘടിപ്പിച്ചിട്ടുണ്ട്. യുദ്ധങ്ങൾക്കെതിരെയും അക്രമങ്ങൾക്കെതിരെയും ശബ്ദമാവുന്ന ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ ശ്രദ്ധേയമാണ്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് റെക്കോർഡ് ശ്രമ പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്രതലത്തിൽ റെക്കോർഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനായുള്ള മുന്നൊരുക്കമായാണീ റെക്കോർഡ് ശ്രമത്തെ കാണുന്നതെന്നും കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ പറഞ്ഞു.