Web Desk

ചെന്നെെ

October 18, 2020, 8:51 pm

ശ്രമിക് ട്രെയിനുകൾക്ക് കേന്ദ്രം ധനസഹായം നൽകിയില്ല

Janayugom Online

ലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാൻ സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകൾക്ക് കേന്ദ്രം ധനസഹായം നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകൻ ആർ പാണ്ഡ്യരാജ സതേൺ റയിൽവേയ്ക്ക് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്രമിക് ട്രെയിൻ സർവീസ് നടത്തുന്നതിനാവശ്യമായ ധനസഹായം കേന്ദ്രം നൽകിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. ലോക്ഡൗണിന്റെ സമയത്ത് 3.54 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളിലെ വീടുകളിൽ എത്തിക്കാൻ സഹായിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 34.5 കോടി ചെലവിൽ 265 ശ്രമിക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. 264 ട്രെയിനുകളിലെ എല്ലാ യാത്രക്കാരുടെയും നിരക്ക് തമിഴ്‌നാട് നൽകി. ഒരു ട്രെയിനിലെ യാത്രക്കാർക്ക് ഉത്തരാഖണ്ഡ് സർക്കാർ നിരക്ക് നൽകി. തമിഴ്‌നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കണമെന്ന ഉത്തരാഖണ്ഡ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് അത് പ്രവർത്തിച്ചതെന്ന് മറുപടിയിൽ പറയുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 26 റയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയത്. എം‌ജി‌ആർ ചെന്നൈ സെൻ‌ട്രൽ സ്റ്റേഷനിൽ നിന്ന് 77 ട്രെയിനുകൾ സർവീസ് നടത്തി. ഏറ്റവും കൂടുതൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയത് ഇവിടെ നിന്നാണ്. തിരുപ്പൂർ, കോയമ്പത്തൂർ (34 വീതം), തിരുവല്ലൂർ (22), ചെന്നൈ എഗ്‌മോർ (15) എന്നിങ്ങനെയാണ് ട്രെയിനുകൾ സർവീസ് നടത്തിയത്.