ബി പി എൽ വിഭാഗം കുട്ടികൾക്കുള്ള യൂണിഫോം വിതരണം മുടങ്ങാൻ കാരണം കേന്ദ്ര സർക്കാരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും, സംസ്ഥാനം ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2023–24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്ന് സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) വഴി ലഭിക്കേണ്ടിയിരുന്ന ഫണ്ട് ലഭ്യമാകുന്നില്ല. സർക്കാർ ഹൈസ്കൂളിനോടും ഹയർ സെക്കൻഡറി സ്കൂളിനോടും ചേർന്നുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും, എസ്സി., എസ് ടി, ബി പി എൽ വിഭാഗങ്ങളിലെ എല്ലാ ആൺകുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ് എസ് കെ മുഖേന ബി ആർ സി വഴി അതത് സ്കൂളുകൾക്ക് നൽകിവന്നിരുന്നു. എന്നാൽ, ഈ തുക 2023–24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്ന് എസ് എസ് കെയ്ക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഒറ്റയ്ക്ക് നിൽക്കുന്ന എൽ പി, യു പി സർക്കാർ സ്കൂളുകളിലെയും എയിഡഡ് എൽ പി സ്കൂളുകളിലെയും 10 ലക്ഷം കുട്ടികൾക്ക് കൈത്തറി വകുപ്പ് വഴി പൊതുവിദ്യാഭ്യാസ വകുപ്പ് 2 സെറ്റ് കൈത്തറി യൂണിഫോം നൽകുന്നുണ്ട്. ഇത് നിലവിൽ നടന്നുവരികയാണ്. കൂടാതെ, സർക്കാർ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും 1 മുതൽ 8 വരെ ക്ലാസുകളിലെ എ പി എൽ വിഭാഗം കുട്ടികൾക്കും എയിഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നൽകുന്നുണ്ട്. ഈ ഇനത്തിൽ സംസ്ഥാന സർക്കാരിന് നിലവിൽ കുടിശ്ശികയില്ല. ഈ ഇനത്തിൽ 2025–26 വർഷത്തേക്കാവശ്യമായ 80.34 കോടി രൂപ നൽകുന്നതിനുള്ള ഭരണാനുമതിയും നൽകിയിട്ടുണ്ട്.
നിലവിൽ കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞുവെച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി യൂണിഫോം തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.