28 March 2024, Thursday

സഹകരണ ബാങ്കുകൾക്കുമേൽ കേന്ദ്രം പിടി മുറുക്കുന്നു

Janayugom Webdesk
കൊച്ചി
August 16, 2021 10:25 pm

രാജ്യത്തെ സഹകരണബാങ്കുകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇതിനായി ദേശീയതലത്തിൽ ‘അപ്പെക്സ് ബോഡി’ രൂപവത്കരിച്ചു. ‘അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് ആന്റ് ഡെവലപ്മെന്റ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ സാമ്പത്തിക സഹായം ഇതുവഴി ആക്കാനാണ് ആലോചന. നിലവിൽ കേരള ബാങ്ക് വഴി കാർഷിക വായ്പയ്ക്കായി ലഭിക്കുന്ന റീ ഫിനാൻസ് ഉൾപ്പെടെ ഇതിലേക്കു മാറും. ഫലത്തിൽ ഫിനാൻസ് കമ്പനി സഹകരണ ബാങ്കുകളുടെ ‘കേന്ദ്രബാങ്ക്’ ആയി മാറും. അർബൻ ബാങ്കുകൾ, സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ, വായ്പാ സഹകരണ സംഘങ്ങൾ, കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവയാണ് അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ ഭാഗമാകുന്നത്. തുടക്കത്തിൽ അർബൻ ബാങ്കുകളുടെ അംബ്രല്ല ഓർഗനൈസേഷനായി ഇതിനെ മാറ്റാനാണു തീരുമാനം. സഹകരണ ബാങ്കുകൾക്ക് സാമ്പത്തികസഹായവും സാമ്പത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ വ്യക്തമാക്കുന്നു.

ഒരേസമയം, സഹകരണ ബാങ്കുകൾക്ക് സാമ്പത്തിക‑സാമ്പത്തികേതര സഹായം നൽകുന്ന കേന്ദ്രസ്ഥാപനമായും റിസർവ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജൻസിയായും ഈ കമ്പനി പ്രവർത്തിക്കും. വാണിജ്യ ബാങ്കുകൾക്ക് ബാങ്കേഴ്സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജൻസി. സഹകരണ ബാങ്കുകൾക്കായി ഇനി ഈ കമ്പനിയായിരിക്കും നിയന്ത്രണ ഏജൻസി. 100 കോടിയുടെ പ്രവർത്തന മൂലധനമാണ് പുതിയ കമ്പനിക്കുള്ളത്. പത്തുരൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും നൽകുക. അർബൻ ബാങ്കുകളോട് ഓഹരിയെടുക്കാൻ നിർദ്ദേശം ലഭിച്ചെങ്കിലും കേരളത്തിലെ അർബൻ ബാങ്ക് അസോസിയേഷൻ അത് അംഗീകരിച്ചിട്ടില്ല. അർബൻ ബാങ്കുകൾക്കു പുറമേ, പ്രാഥമിക സഹകരണ ബാങ്കുകളെ ഇതിന്റെ ഭാഗമാക്കിയാൽ അത് സംസ്ഥാനത്തിന്റെ സഹകരണ മേഖലയിൽ വലിയ പ്രശ്നങ്ങൾക്കു വഴിവെക്കും.

പ്രത്യേകിച്ച്, കേരളബാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടിയാകും. സാമ്പത്തികസഹായം സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും റീഫിനാൻസ് ഫെസിലിറ്റിയും മൂലധന സഹായവും ഉറപ്പാക്കുകയെന്നതാണ് സാമ്പത്തികസഹായത്തിൽ ഉൾപ്പെടുന്നത്. നിലവിൽ ശരാശരി 2500 കോടിയോളം രൂപ കേരള ബാങ്കിന് നബാർഡിന്റെ റീഫിനാൻസ് സഹായം ലഭിക്കുന്നുണ്ട്. കേരളബാങ്ക് വഴി ഇത് പ്രാഥമിക സഹകരണ ബാങ്കുകൾക്കും കാർഷികസംഘങ്ങൾക്കും വിതരണം ചെയ്യുന്നതാണ് രീതി. ഈ സഹായം ഉൾപ്പെടെ ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങൾക്കുള്ള റീഫിനാൻസ് അപ്പെക്സ് കോ-ഓപ്പ് ഫിനാൻസ് കമ്പനിയിലൂടെ നൽകാനാണു സാധ്യത.

Eng­lish sum­ma­ry; The Cen­ter is tight­en­ing its grip on co-oper­a­tive banks

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.