അജിത് കൊളാടി

July 31, 2021, 4:36 am

ലോകത്തിന്റെ കേന്ദ്രസ്ഥാനം വ്യക്തികളല്ല

Janayugom Online

ളരെ ഏറെ മനുഷ്യരുടെയും വിശ്വാസം, തങ്ങളാണ് ലോകത്തിന്റെ കേന്ദ്രസ്ഥാനം എന്നതാണ്. തങ്ങളുടെ സമൂഹത്തിന്റെ, ദേശത്തിന്റെ സംസ്കാരം ആണ് മനുഷ്യചരിത്രത്തിന്റെ അച്ചാണി എന്നും അവർ വിശ്വസിക്കുന്നു. ഗ്രീക്കുകാർ വിശ്വസിക്കുന്നത്, ചരിത്രം തുടങ്ങുന്നത് സോക്രട്ടീസ്, സോഫിക്കിൾസ്, ഹോമർ, പ്ലാറ്റോ എന്നിവരിൽ നിന്നാണ്. പ്രമുഖ ചിന്തകളും കണ്ടുപിടിത്തങ്ങളും ഏതൻസ്, സ്പാർട്ട, അലക്സാണ്ഡ്രിയ എന്നിവിടങ്ങളിൽ ജനിച്ചുവെന്ന വിശ്വാസവും അവരിലുണ്ട്. ചൈനീസ് ദേശീയവാദികൾ കരുതുന്നത് ചരിത്രം തുടങ്ങുന്നത്, ഷിയ, ഷാങ് വംശങ്ങളിൽ നിന്നാണ്. മാത്രമല്ല പാശ്ചാത്യരും, ഇസ്‌ലാമിക ലോകവും ഇന്ത്യക്കാരും നേടിയ നേട്ടങ്ങളും ചൈനീസ് കണ്ടുപിടിത്തങ്ങളുടെ ഒരു പകർപ്പ് മാത്രമാണത്രെ.
ഇന്ത്യയിലും ഇത്തരം ചിന്താഗതികൾ ഉയർന്നുവന്നു, വന്നുകൊണ്ടിരിക്കുന്നു. വിമാനവും ന്യൂക്ലിയർ ബോംബും കണ്ടുപിടിച്ചത് പൗരാണിക ഋഷിമാരാണത്രെ. അവരെല്ലാം, കൺഫൂഷ്യസ്, ഐൻസ്റ്റീൻ, റൈറ്റ് ബ്രദേഴ്സ്, അരിസ്റ്റോട്ടിൽ എന്നിവർക്കൊക്കെ മുമ്പെ ജീവിച്ചവർ. ഋഷികളിൽ നിന്നാണ് എല്ലാ ആശയങ്ങളും പ്രവഹിച്ചതത്രെ. മഹാഭാരത യുദ്ധവും രാമരാവണയുദ്ധവും കാണിക്കുന്നത്, ആധുനിക ലോകത്തിലെ ആറ്റംബോംബും ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസെെൽസും സബ്മറൈൻ ലോഞ്ച് ബാലിസ്റ്റിക് മിസെെൽസും എയർ സർഫസ് മിസൈലും ആ യുദ്ധങ്ങളിൽ പ്രയോഗിച്ചിരുന്നു എന്ന് ആധുനിക ഇന്ത്യയിലെ ഫാസിസ്റ്റുകൾ പ്രചരിപ്പിക്കുന്നു, വിശ്വസിക്കുന്നു. ബ്രഹ്മാസ്ത്രം, നാഗാസ്ത്രം, വരുണാസ്ത്രം, പാശുപതാസ്ത്രം, വജ്രായുധം അങ്ങിനെ പലതും അതിന് ഉദാഹരണമാണത്രെ. ദൈവഭക്തിയുള്ള മുസ്‌ലിങ്ങൾ, വിശ്വസിക്കുന്നതോ, പ്രവാചകനു മുമ്പുള്ള ചരിത്രമെല്ലാം അപ്രസക്തമാണ് എന്നതാണ്. പരിശുദ്ധ ഖുറാന്റെ വെളിപ്പെടുത്തലിന്റെ ശേഷമുള്ള ചരിത്രവും മുസ്‌ലിം സമുദായ വിശ്വാസത്തെ ആസ്പദമാക്കിയുള്ളതാണ്. പക്ഷെ, തുർക്കി, ഇറാൻ, ഈജിപ്ത്യൻ ദേശീയ വാദികൾ അംഗീകരിക്കുന്നില്ല. അവർ പറയുന്നത് പ്രവാചകനു മുൻപും തങ്ങളുടെ രാജ്യങ്ങൾ, മനുഷ്യരാശിയുടെ എല്ലാ നന്മകളുടെയും ഉറവിടം ആയിരുന്നു എന്നു പറയുന്നു. വിശുദ്ധ ഖുറാന്റെ വെളിപ്പെടുത്തലിനു ശേഷം, അവരുടെ ജനങ്ങളാണ് ഇസ്‌ലാമിന്റെ പരിശുദ്ധി കാത്തുസൂക്ഷിച്ചതും അതിന്റെ മാഹാത്മ്യം പ്രചരിപ്പിച്ചതും എന്നാണ്.

അമേരിക്കയും പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളായ ഇംഗ്ലണ്ടും ജർമനിയും ഫ്രാൻസും റഷ്യയും ജപ്പാനും ഊറ്റം കൊള്ളുന്നത് തങ്ങളുടെ കണ്ടുപിടിത്തങ്ങളും താത്വിക ചിന്തകളും മറ്റും ഉണ്ടായിട്ടില്ലെങ്കിൽ മാനവരാശി ഒട്ടുംതന്നെ മുന്നോട്ടു പോവുകയില്ലായിരുന്നു എന്ന് അവർ നൂറ്റാണ്ടുകളായി സ്വയം അഭിമാനിക്കുന്നു. പക്ഷെ, ഈ ധാരണകൾ ഒക്കെ അബദ്ധമല്ലെ. ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയാണ് അത്. മാത്രമല്ല, അത് വംശീയമായ യാഥാസ്ഥിതികത്വത്തെ ചൂണ്ടിക്കാണിക്കലുമായി കണക്കാക്കാം. കാരണം, മാനവരാശിയുടെ, ദേശാന്തരഗമനത്തിന്റെ കാലത്ത്, മനുഷ്യൻ ചെടികളെയും മൃഗങ്ങളെയും ശുശ്രൂഷിക്കാനും വളർത്താനും തുടങ്ങിയ കാലത്ത്, ആദ്യ നഗരങ്ങൾ ഉണ്ടായ കാലത്ത്, ഒരു മതവും ഉണ്ടായിരുന്നില്ല, ദേശവും ഉണ്ടായിരുന്നില്ല.

ധർമ്മശാസ്ത്രവും കലയും ആദ്ധ്യാത്മികതയും സർഗാത്മകതയും മനുഷ്യനിൽ തനതായി കുടികൊള്ളുന്നു. മനുഷ്യന്റെ ഉല്പത്തി ശിലായുഗത്തിലെ ആഫ്രിക്കയിലായിരുന്നു. അതുകൊണ്ടു തന്നെ മേൽപ്പറഞ്ഞ ധാരണകൾ ഈ കാലത്തും പറയുന്നത് തീർത്തും അഹംഭാവമാണ്. വ്യക്തിപരമായ സ്വാർത്ഥതയിൽ നിന്നാണ് ഈ ധാരണകൾ ഉയരുന്നത്. ഇത്തരം സമീപനങ്ങൾ ഉണ്ടാകുന്നത് തങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന ധാരണ, തികച്ചും ദൃഢമായ “ഞാൻ” എന്ന ഭാവത്തിൽ നിന്നാണ്. ഇതേ മനുഷ്യൻ തന്നെയാണ് എല്ലാ കാര്യത്തിലും ദൈവത്തെ വലിച്ചിഴയ്ക്കുന്നത്. ചിലപ്പോൾ നമ്മൾ ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ദൈവം വിസ്മയാവഹമായ സമസ്യയായി, കരുതി സംസാരിക്കുന്നു. മാത്രമല്ല, പ്രപഞ്ചത്തിന്റെ നിഗൂഢ വസ്തുക്കളെക്കുറിച്ച് വിശദീകരിക്കാൻ നമ്മൾ അജ്ഞേയമായ ദൈവത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നു. പല ചോദ്യങ്ങളും നമ്മൾ ചോദിക്കുന്നു. എന്താണ് ബോധം, എന്താണ് സ്വയം അറിവ്, അത് എവിടെ നിന്നു വരുന്നു, എന്തുകൊണ്ട്, ഇങ്ങനെ പല ചോദ്യങ്ങളും. പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങൾ അനന്തമാണ്, അവയെ ഇനിയും മനസിലാക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ഇതിന്റെ ഒന്നും ഉത്തരം സ്പഷ്ടമായി അറിയില്ല. നമ്മുടെ അജ്ഞത പറയിപ്പിക്കുന്നു എല്ലാം ദൈവത്തിനറിയാം എന്ന്. ഇപ്പോഴും മൂർത്തമായി ദൈവത്തെക്കുറിച്ച് നമുക്ക് പറയാനാവില്ല. ഇപ്പോഴും പലവിധ വിശ്വാസങ്ങളിലൂടെ, തത്വചിന്തകളിലൂടെ, ആചാരങ്ങളിലൂടെയാണ് ദൈവത്തെ അറിയുന്നത്. അവസാനം, എന്താണ് ജീവിതം എന്ന് ചിന്തിക്കുന്നു, ചോദിക്കുന്നു. ചില ഘട്ടങ്ങളിൽ നമ്മൾ വിശ്വസിക്കുന്നു, അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുന്നു എന്ന്. പല ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ ഇഷ്ടമെന്താണെന്നും ഇഷ്ടമില്ലാത്തത് എന്താണെന്നും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ മനസിലാക്കാൻ പറ്റാത്ത പ്രതിഭാസങ്ങളെക്കുറിച്ചും മനുഷ്യന്റെ പരിമിതമായ അറിവുകളെക്കുറിച്ചും അവ പറയുന്നു. അതേ ദൈവത്തിന്റെ പേരിൽ നമ്മൾ ആചാരങ്ങളും അനാചാരങ്ങളും അടിച്ചേല്പിക്കുന്നു. ഇവ തമ്മിൽ യുക്തിപരമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, അവ പരസ്പരവിരുദ്ധവുമാണ്. പ്രപഞ്ചത്തിന്റെ നിഗൂഢതകൾ എത്രത്തോളം അഗാധമാണോ, വിവരിക്കപ്പെടാൻ സാധിക്കാത്തതാണോ, അത്തരം പ്രതിഭാസങ്ങളെ ദൈവം എന്നു വിശേഷിപ്പിക്കുന്നു എങ്കിൽ, ആ ദൈവം എങ്ങിനെ സാധാരണ ആചാരങ്ങളിൽ ഇടപെടും. സാമാന്യ ബോധമുള്ളവർക്കു മനസിലാകും, ആ ദൈവത്തെ, പിന്നീടു വന്ന സ്വാർത്ഥമതികളായ പൗരോഹിത്യം ദുർവ്യാഖ്യാനിച്ചു എന്ന്. അവർ കരുതുന്നു അവരാണ് ലോകത്തിന്റെ കേന്ദ്രബിന്ദു എന്ന്.

പ്രപഞ്ചസംബന്ധിയായ രഹസ്യങ്ങൾ, അതിന്റെ നിഗൂഢാത്മകമായ കാര്യങ്ങൾ, നമ്മുടെ സാമൂഹ്യ നിയമങ്ങൾ നിലനിർത്താൻ സഹായകമാകില്ല. മനുഷ്യൻ പറയുന്നത്, ദൈവവിശ്വാസം ഇല്ലെങ്കിൽ, ധർമ്മനീതി അപ്രത്യക്ഷമാകുമെന്നും സമൂഹം, പ്രാകൃതമായ കലാപത്തിലേക്ക് കൂപ്പുകുത്തുമെന്നും വിശ്വസിക്കുന്നു. വ്യത്യസ്തമായ സാമൂഹ്യവ്യവസ്ഥകളിൽ ദൈവവിശ്വാസം പ്രധാനമായിരിക്കാം. ചിലപ്പോൾ അത് ഗുണാത്മകമായ അനന്തരഫലങ്ങൾ ഉണ്ടാക്കിയേക്കും. പക്ഷെ അതേസമയം, സ്നേഹവും അനുകമ്പയും സാഹോദര്യവും പ്രചരിപ്പിക്കുന്ന മതങ്ങൾ തന്നെ, ചില സമയത്ത് വിദ്വേഷവും മതഭ്രാന്തും പ്രകടിപ്പിക്കുന്നു.

ദൈവവിശ്വാസം നമ്മളിൽ സ്നേഹവും അനുകമ്പയും,ഉണ്ടാക്കാൻ പ്രചോദകമാകാമെങ്കിലും, മതവിശ്വാസം സാന്മാർഗികമായ സ്വഭാവം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. സദാചാരബോധത്തോടെ ജീവിക്കാൻ, പ്രകൃത്യാതീത ശക്തിയുടെ അന്ത്യമുണ്ടെന്ന് വന്നാൽ, നമ്മുടെ ധാർമ്മികതയ്ക്ക് എന്തോ കുഴപ്പമുണ്ട്. വ്യത്യസ്ത ദൈവങ്ങളിൽ വിശ്വസിക്കുന്ന മതങ്ങൾ സ്വഭാവശുദ്ധിയെക്കുറിച്ച് പറയുന്നു. മതങ്ങളുടെ ഉന്നതങ്ങളിൽ മൂല്യങ്ങൾ ഉണ്ട്, എന്നാൽ അതിന്റെ താഴെക്കിടയിൽ അതില്ല, സംഘർഷങ്ങളാണ്.

ധാർമ്മികത അദൃശ്യശക്തിയിൽ നിന്നു വരേണ്ടതല്ല. അത് സഹജീവി സ്നേഹമാണ്. അടുത്തിരിക്കുന്നവന് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കലാണ്. സഹനത്തെ ബഹുമാനിക്കലാണ്. മനുഷ്യൻ സാമൂഹ്യ ജീവിയായതുകൊണ്ട് തന്നെ, മനുഷ്യരുടെ സന്തോഷം യഥാർത്ഥത്തിൽ ഉണ്ടാകുന്നത്, മറ്റുള്ളവരുമായുള്ള ആരോഗ്യപരമായ ബന്ധത്തിൽ നിന്നാണ് എന്നറിയണം.

മനുഷ്യൻ ജീവിക്കുന്ന പ്രപഞ്ചത്തിൽ ഒരു ചെറിയ ബിന്ദുവാണ്. എന്നിട്ടും കീഴടക്കാനുള്ള മനുഷ്യന്റെ ആസക്തി വർധിക്കുന്നു. മനുഷ്യന്റെ നിർമ്മിതികളിൽ പലതും പ്രകൃതിയുടെ വിഭവങ്ങളിലൂന്നിയും, പ്രകൃതിയെ നശിപ്പിച്ചും ഉണ്ടാക്കിയെടുത്തതാണ്. താനാണ് കേന്ദ്രബിന്ദു എന്ന ധാരണയിൽ അതിമാനുഷധാരണയാണ് പലർക്കും. ആസക്തിയുടെയും നിരാശയുടെയും അന്തരീക്ഷത്തിൽ ഏതു കപടവേഷധാരിയും സ്ഥാനം ഏറ്റെടുക്കും. അങ്ങനെയാണ് പണ്ട് ഹിറ്റ്ലർ സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പതനത്തിനു ശേഷവും മറ്റുള്ളവർ അതിനുള്ള മത്സരത്തിലാണ്. വ്യക്തികളിൽ ഹിറ്റ്ലർ കുടികൊള്ളുന്നു. ഗാന്ധിജി അന്ന് എഴുതി “ഹിറ്റ്ലർ വരും പോകും. എന്നാൽ ഹിറ്റ്ലറുടെ മരണത്തോടെ അദ്ദേഹം പുലർത്തിയിരുന്ന ആശയം മരിക്കുമെന്ന് വിചാരിക്കുന്നവർ കഠോരമായ തെറ്റു ചെയ്യുന്നു”. ഇന്നും ചുറ്റുംനോക്കിയാൽ ഇത്തരം ഹിറ്റ്ലർ സ്വഭാവമുള്ളവരെ കാണാം. അതിമാനുഷ സ്വഭാവം നമ്മുടെ നാട്ടിൽ ഇന്നും കാണാം. ഈ ആശയത്തിന്റെ പിതാവ് ചിന്തകൻ നീത് ഷെയാണ്. അതിമാനുഷരെ ”സ്വതന്ത്രാത്മാക്കൾ” എന്നാണ് അദ്ദേഹം പറഞ്ഞത്. ഫാസിസത്തിൽ അവരെ കാണാം. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം. സ്വാർത്ഥതയെയും ദുർബലരെ അടിച്ചമർത്താനും, അടക്കിഭരിക്കാനും പീഡിപ്പിക്കാനുള്ള ആഗ്രഹത്തെയും കയറൂരിവിടാം. ഇതാണ് ഫാസിസത്തിൽ കാണുക. തങ്ങളാണ് എല്ലാം എന്നു കരുതുന്നവർ ചെയ്യുക. ഇത്തരക്കാർ രാഷ്ട്രത്തിലും പ്രസ്ഥാനങ്ങളിലും സമൂഹത്തിലും ധാരാളം ഉണ്ട്.

സുഖവും ആശയും നൈരാശ്യവും കണ്ണുചിമ്മുന്നതുപോലെ വരികയും പോകുകയും ചെയ്യുന്നു. സാമുഹിക പുരോഗതിക്കും ലോക നന്മയ്ക്കും നീതിക്കും സാഹോദര്യത്തിനും പ്രതിരോധം സൃഷ്ടിക്കുന്ന വ്യക്തിപരമായ സ്ഥാർത്ഥത്തിന് പ്രാധാന്യം കൊടുക്കരുത്. മനുഷ്യന്റെ പുനരുത്ഥാനമാണ് എന്നും ആവശ്യം. തിന്മയുടെ ശക്തികളെ ധ്വംസിക്കുകയും, സാങ്കല്പികമായ ഒരു ധാർമ്മിക ക്രമം ഉണ്ടാക്കാൻ സാധിക്കും എന്നു പറയുന്ന, വ്യാജ രക്ഷകരെയല്ല ആവശ്യം, മറിച്ച് ഭാവിയെ കിരാതത്വത്തിൽ നിന്ന് ലോകത്തെ വേർതിരിച്ചു നിർത്തുന്ന യുക്തിവിചാരത്തിന്റെയും, ശാസ്ത്രവിജ്ഞാനത്തിന്റെയും, സൗന്ദര്യബോധത്തിന്റെയും ആശയപ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലുള്ള മതേതര ധാർമ്മികതയുടെതായ ഒരു വ്യവസ്ഥ പടുത്തുയർത്താനുള്ള ധീരതയും കഴിവും ഉള്ള ധർമ്മബോധമുള്ള മനുഷ്യരെയാണ്. അത്തരക്കാരാണ് സാമൂഹിക പരിണാമത്തിന് എക്കാലത്തും നേതൃത്വം നൽകിയതും പ്രവർത്തിച്ചതും.