കേന്ദ്രത്തിന്റെ പാക്കേജ് നിരാശപ്പെടുത്തുന്നത്: എഐടിയുസി

Web Desk

ന്യൂഡൽഹി

Posted on March 25, 2020, 9:51 pm

കൊറോണ വൈറസ് ബാധയെ തുടർന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് 15,000 കോടി രൂപയുടെ പദ്ധതി ഏറെ നിരാശപ്പെടുത്തുന്നതാണെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ. എന്നാൽ ചെറിയ സംസ്ഥാനമായ കേരളം കൊറോണ പ്രതിസന്ധി മറികടക്കുന്നതിന് 20,000 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. എല്ലാ പേർക്കും രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകളും വൈദ്യശാസ്ത്ര സഹായങ്ങളും അനുവദിക്കേണ്ടത് അനിവാര്യമാണ്. മാസ്കുകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുക, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് യുദ്ധ സമാനമായ തയ്യാറെടുപ്പുകളാണ് ആവശ്യം.

കൂടാതെ ഈ യുദ്ധത്തിലെ മുന്നണി പോരാളികളായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കൊറോണ ബാധിതകരെ ചികിത്സിച്ചുവെന്ന പേരിൽ ഡോക്ടർമാർ ഉൾപ്പടെയിള്ള ആരോഗ്യ പ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഒഴിപ്പിക്കുന്ന പ്രവണത തികച്ചും അവമതി ഉളവാക്കുന്ന നിലപാചടുകളാണ്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ദിവസ വേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഗാർഹിക തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ജീവനോപാധി നഷ്ടപ്പെട്ടു. ഇവർക്ക് അടിയന്തര ധനസഹായം അനുവദിക്കണം.

സൗജന്യമായി റേഷനും പാചക വാതകവും അനുവദിക്കണം. ഇതിന് വമ്പിച്ചൊരു സാമ്പത്തിക പാക്കേജാണ് കേന്ദ്രം നടപ്പാക്കേണ്ടത്. ജിഎസ്‌ടി, ടിഡിഎസ്, ഐടി റിട്ടേണുകൾ എന്നിവ സമർപ്പിക്കുന്നതിനുള്ള തിയതി ചർച്ച ചെയ്യുന്നതിനുള്ള തിരക്കിലാണ് ധനമന്ത്രി. പാവപ്പെട്ട തൊഴിലാളികൾ നേരിടുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ അനിവാര്യമാണ്. കൊറോണ വ്യാപനം തടയുന്നതിനുള്ള കാര്യക്ഷമായ നപടികളാണ് ഇപ്പോൾ ആവശ്യമായത്. ഇപ്പോഴത്തെ വ്യാപനം തടയുന്നതിന് അഞ്ച് ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും അമർജിത് കൗർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Eng­lish Sum­ma­ry: The Cen­ter’s pack­age is dis­ap­point­ing: AITUC

You may also like this video