Web Desk

February 07, 2021, 6:04 am

സാധാരണക്കാരോട് പുറംതിരിഞ്ഞ കേന്ദ്രബജറ്റ്

Janayugom Online

ക്ഷതങ്ങൾ പരിഗണിക്കുകയും മുറിവുണക്കാൻ പരിഹാര വഴികൾ കണ്ടെത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മഹാമാരി നാശംവിതച്ച വർഷം. ജനസഹസ്രങ്ങളുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എല്ലാ തൊഴിൽ നിയമങ്ങളും നാലു ലേബർ കോഡുകളിൽ ഒതുക്കി അധ്വാന വർഗ്ഗം രക്തം ചീന്തി നേടിയ അവകാശങ്ങൾ പിച്ചിചീന്തി. ഒടുവിലായി മൂന്നു കാർഷിക നിയമങ്ങളിലൂടെ കർഷകരുടെ അവകാശങ്ങളെല്ലാം കവർന്നെടുത്തു. സകല കാട്ടുനീതികളും വീണ്ടെടുത്തുള്ള പുതിയ ദിശാപിറവിയിൽ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം അതിവേഗം വർധിക്കുകയും ചെയ്യുന്നു. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റാകട്ടെ സമ്പദ്ഘടനയെ ശൂന്യമാക്കിയ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നില്ല. പോയവർഷം മഹാമാരിയുടെ കെടുതിയിൽ പതിനായിരങ്ങൾ നരകിക്കുകയും അനിയന്ത്രിതമായ കണക്കിൽ ജീവഹാനി സംഭവിക്കുകയും ചെയ്തവേളയിലും യാതൊരു ആശ്വാസവും ഭരണകൂടം ജനങ്ങൾക്ക് നൽകിയില്ല.

ധനപരമായ യാഥാസ്ഥിതികത തുടരുകയായിരുന്നു അവർ. 13.4 ശതമാനത്തിൽ നിന്നും നേരിയ തോതിലുള്ള ഉയർച്ച മാത്രമാണ് ചെലവുകളിൽ പ്രകടമായത്. ജനങ്ങളുടെ ദുരിതങ്ങളെ നേരിടാൻ ഈ നാമനാത്ര വർധനവിന് കഴിയുമായിരുന്നില്ല. എന്നാൽ ഓഹരിവിപണിയിലെ സൂചികകൾ തിളങ്ങിനിന്നു. ഇതിൽ ആദ്യശ്രേണികളിലുള്ള കമ്പനികളുടെ വിപണി മൂല്യം മൂന്നു ലക്ഷം കോടി രൂപയിൽ അധികമായി. പിന്നാക്കാവസ്ഥയിലുള്ള കമ്പനികൾക്കായി പണം കുത്തിയൊഴുക്കാൻ കേന്ദ്രവും ബാങ്കുകളും തയ്യാറായി നിന്നു. സാമ്പത്തിക മൂലധനത്തിന്റെ വളർച്ചയ്ക്ക് വളക്കൂറേറ്റി സാഹചര്യങ്ങൾ. കുത്തകകളും ബാങ്കുകളും ഒന്നിച്ചുചേർന്ന് ഓഹരിസൂചികകളിൽ സൃഷ്ടിക്കുന്ന റെക്കോഡ് ഉയർച്ച സമ്പത്ത് ഏതാനും കൈകളിൽ സമാഹരിക്കപ്പെടുന്നു എന്ന് വ്യക്തമാക്കി. വായ്പാ മോറട്ടോറിയവും കടം ഉറപ്പാക്കിയുള്ള പദ്ധതികളും കുത്തകകൾക്കായി ക്രമീകരിച്ചു. അവരുടെ ലാഭ വർധനവിനും ഋണമുക്തിക്കും ഇത് വഴിയൊരുക്കി. ഏതാനും കുത്തകകളെ സഹായിക്കുന്നതിന് ഉറപ്പാക്കിയ പണലഭ്യത ദുരിതം അനുഭവിക്കുന്ന പതിനായിരങ്ങൾക്ക് സഹായമാകുമായിരുന്നു.

അടിസ്ഥാന വേതനം ഉറപ്പാക്കിയുള്ള തൊഴിൽ ഇവിടെ പരിഗണനയിൽ എത്തിയതുമില്ല. സാധാരണക്കാരന്റെ വാങ്ങൽ ശേഷി ഉയർത്താനുള്ള നടപടികളുമുണ്ടായില്ല. ഉല്പാ­ദനം വർധിപ്പിക്കാനുള്ള താ­ല്പര്യങ്ങൾ ഓഹരി വിപണിയുടെ വർണ്ണങ്ങളിൽ ഇരുളടഞ്ഞു. മാനവക്ഷേമം കേന്ദ്ര സർക്കാർ പട്ടികയിലെ അ­വ­സാന കണ്ണിയായി. അ­­തുകൊണ്ടു തന്നെ ആ­രോഗ്യ സംവിധാനം മെ­ച്ചപ്പെടുത്തുക സർക്കാർ പരിഗണനയ്ക്കു വെളിയിലായി. പൊതുവിതരണം പൊളിച്ചടുക്കി. വിദ്യാഭ്യാസ മേഖല എല്ലാ പരിഗണനകളുടെയും താ­ഴേ തട്ടിലായി. ജനാധിപത്യ സം­വിധാനം തന്നെ തച്ചുടച്ചു. നികുതി വരവുമായി ബന്ധപ്പെട്ടാകട്ടെ 2019ൽ നടപ്പിലാക്കിയ നിരവധി തീരുമാനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കി. കോർപ്പറേറ്റ് നികുതിയിൽ വരുത്തിയ വലിയ കുറവും ജിഎസ്‌ടി നടപ്പിലാക്കിയതും ചിലതുമാത്രം. ഓഹരിവിറ്റഴിക്കൽ ഉദ്ദേശിച്ച ഫലങ്ങൾ നൽകിയതുമില്ല. എംഎൻആർഇജിഎ(മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി)യിൽ ചെലവ് 1,11,500 കോടി ലക്ഷ്യമിടുമ്പോൾ ബജറ്റ് വിഹിതം 61,500 കോടിയിലവസാനിക്കുന്നു. 2019–20 ലെ കണക്കുകൾ അനുസരിച്ച് യഥാർത്ഥ ചെലവ് 71,687 കോടിമാത്രമായി ഒതുങ്ങുന്നു. പ്രതിസന്ധി കാലത്ത് രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടവരിൽ സ്കൂൾ അധ്യാപകരും ചെറുകിട നാമമാത്ര കച്ചവടക്കാരും ചെറുകിട ഉല്പാദകരും അനവധിയാണ്. പൂട്ടിപ്പോയ വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിലുമേറെയാണ്. 2021–22ല്‍ തൊഴിലിനായുള്ള ആവശ്യം 53 ശതമാനം അധികരിച്ചിരിക്കുന്നു. 35 ദശലക്ഷം തൊഴിൽരഹിതരാണ് അപേക്ഷകളുമായി കാത്തിരിക്കുന്നത്. എംഎൻആർഇജിഎ വിഹിതം കുത്തനെ വെട്ടിക്കുറച്ചിരിക്കുന്നു.

ഭക്ഷ്യ സബ്സിഡികളുടെ കാര്യത്തിലും ഇതേ സമീപനം തന്നെ. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഡിസംബർ മുതൽ ക്രമാതീതമായി ഉയരുകയാണ്. കുറഞ്ഞത് 12 ദശലക്ഷം തൊഴിലാളികളാണ് തൊഴിലിടങ്ങളിൽ നിന്നും പുറത്തായിരിക്കുന്നത്. ഔപചാരിക തൊഴിൽ മേഖലകളിലും തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നിരിക്കുന്നു. ഉപഭോക്തൃ വില സൂചികയിലുള്ള വർധനവും സംഭവിച്ചിരിക്കുന്നു. അസാധാരണമായ വില വർധനവും ഉപഭോക്തൃ വില സൂചികയിലുള്ള പെരുക്കം വേഗത്തിലാക്കുന്നു. നിക്ഷേപത്തിലുള്ള കുറവ് തൊഴില്ലായ്മ നിരക്കും വർധിപ്പിക്കുന്നു. വേതനത്തിലുള്ള വെട്ടിക്കുറയ്ക്കൽ വാങ്ങൽ ശേഷിയെ പിന്നോട്ടടിച്ചിരിക്കുന്നു. സ്ഫോടനാത്മകമാണ് രാജ്യത്തുള്ള സാഹചര്യം. അതിലേക്ക് നയിച്ചത് നശീകരണത്തിന്റെയും മുടിവിന്റെയും നയങ്ങളാണ്. കാർഷിക നിയമങ്ങൾ കർഷകരെ മാത്രമല്ല സമൂഹത്തെ ഒട്ടാകെ പട്ടിണിയിലേക്ക് നയിക്കും. അപകടകരമായ ചൂതാട്ടങ്ങളുടെ കാലമാണിത്. ഇല്ലാതാകുന്ന ഒരു സംവിധാനത്തെക്കുറിച്ചും മറ്റൊന്നിന്റെ തുടക്കത്തെയും ഇത് ചൂണ്ടിക്കാട്ടുന്നുമുണ്ട്.