Janayugom Online
loksabha

കേന്ദ്ര ബജറ്റ് ചര്‍ച്ചകൂടാതെ പാസാക്കി

Web Desk

ന്യൂഡല്‍ഹി

Posted on March 14, 2018, 10:19 pm

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ കേന്ദ്ര ബജറ്റ് ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ സര്‍ക്കാര്‍ പാസാക്കി. വിവിധ മന്ത്രാലയങ്ങളുടെ ധനാഭ്യാര്‍ഥനകളാണ് ലോക്‌സഭ ചര്‍ച്ച കൂടാതെ പാസാക്കിയത്. വിവിധ വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നതോടെ ഗില്ലറ്റിന്‍ ചെയ്ത് ബജറ്റ് പാസാക്കുകയായിരുന്നു.

ബജറ്റ് ചര്‍ച്ചയ്ക്ക് അനുവദിക്കപ്പെട്ട സമയം അവസാനിക്കുന്നതോടെ ധനാഭ്യര്‍ഥനകള്‍ ശബ്ദവോട്ടോടെ പാസാക്കാവുന്ന നടപടിക്രമമാണ് ഗില്ലറ്റിന്‍.
ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നുള്ള ചര്‍ച്ച ചെയ്തതും അല്ലാത്തവയുമായവയെല്ലാം ഒറ്റയടിക്ക് വോട്ടിനിടുകയാണ് ഗില്ലറ്റിന്‍ സമ്പ്രദായത്തില്‍ ചെയ്യുന്നത്. നികുതി നിര്‍ദ്ദേശങ്ങളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥനകളും ഉള്‍പ്പെട്ട ധനബില്‍ 2018 ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് സഭയില്‍ അവതരിപ്പിച്ചത്. ഇനി രാജ്യസഭ കൂടി ബില്ല് പാസേക്കേണ്ടതുണ്ട്. എന്നാല്‍ മണി ബില്ലാണ് എന്ന കാരണത്താല്‍ രാജ്യസഭയില്‍ നിന്നും പതിനാല് ദിവസത്തിനകം ബില്ല് തിരികെ എത്താത്ത പക്ഷം പാസായതായി കണക്കാക്കപ്പെടും സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒന്നരയാഴ്ചയായി ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പ്രയത്‌നിച്ചിട്ടും പ്രതിപക്ഷം നിസഹകരിക്കുകയാണെന്ന് പാര്‍മെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. രാജ്യസഭയിലും തുടര്‍ച്ചയായ എട്ടാംദിവസവും സഭാനടപടികള്‍ തടസ്സപ്പെട്ടു.

ഫയല്‍ ചിത്രം