ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിക്കുന്ന 2020–21 സാമ്പത്തികവര്‍ഷത്തെ ബജറ്റ്, സത്യവുമായി നീതിപുലര്‍ത്തുന്ന ഒന്നാണെങ്കില്, ഇന്ത്യ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെ സാക്ഷ്യപത്രമായി മാറും. സമഗ്രമായ ഒരു ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക നിലയെ മാത്രമല്ല, സകല മേഖലകളെയും അത് ആഴത്തില്‍ സ്വാധീനിക്കും. ചരിത്രത്തില്‍ ആദ്യമായി, പ്രത്യക്ഷ നികുതിവരുമാനം മുന്‍വര്‍ഷം ലഭിച്ചതിനേക്കാള്‍ കുറഞ്ഞിരിക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം പ്രത്യക്ഷ നികുതിവരുമാനം 13.50 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2020 ജനുവരി 25 വരെയുള്ള കണക്കുപ്രകാരം ഇതുവരെ ലഭിച്ചത് 7.32 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയതിനേക്കാള്‍ 6.52 ശതമാനം കുറവാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 10 ലക്ഷം കോടി രൂപ കടക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നല്കുന്ന സൂചന. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ ഇനത്തില്‍ ഖജനാവില്‍ എത്തിയത് 11.53 ലക്ഷം കോടി രൂപയായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ ആഴം മനസിലാകുന്നത്.
പ്രത്യക്ഷ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത്, അതിനേക്കാള്‍ താഴെപോകുന്ന അവസ്ഥ എങ്ങനെയുണ്ടായി എന്ന് രാജ്യത്തോട് പറയാന്‍ നരേന്ദ്രമോഡിക്കും നിര്‍മ്മലാ സീതാരാമനും ഉത്തരവാദിത്തമുണ്ട്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 78 ശതമാനം പ്രത്യക്ഷനികുതി വരുമാനത്തില്‍ നിന്നാണ് ലഭിക്കുന്നത്. വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളര്‍ച്ചാനിരക്ക് നിര്‍ണായകമാണ്. അത് മനസിലാക്കികൊണ്ടാണോ എന്നറിയില്ല, ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വളര്‍ച്ചാനിരക്ക് രണ്ടക്ക സംഖ്യയില്‍ എത്തിക്കുമെന്നായിരുന്നു. എന്നാല്‍ സംഭവിച്ചത് വിപരീതദിശയിലാണ്. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ വളര്‍ച്ചാനിരക്ക് 8.7 ശതമാനം ആയിരുന്നു. പിന്നീട് 8, 7, 6.6, 5.8, 5 ശതമാനം എന്നീ ക്രമത്തില്‍ ഇടിഞ്ഞു. ഇപ്പോള്‍ 4.55 ശതമാനത്തില്‍ എത്തി. നികുതി വരുമാന വളര്‍ച്ച 17–18ല്‍ 16 ശതമാനം ആയിരുന്നത് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞു. ബജറ്റ് കമ്മി 3.5 ശതമാനത്തില്‍ നിയന്ത്രിച്ചുനിര്ത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിപ്പോള്‍ 5.6 ശതമാനമായി ഉയര്‍ന്നു. കയറ്റുമതി 17–18ല്‍ ജിഡിപിയുടെ ഒമ്പതു ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ ഒരു ശതമാനം ആയി. കണ്‍സ്യൂമര്‍ ഉല്പന്നങ്ങളുടെ ഉല്പാദനം അഞ്ച് ശതമാനം ആയിരുന്നത് 1.21 ശതമാനത്തിലെത്തി. വെെദ്യുതി ഉല്പാദന വര്‍ധനവ് 10.2 ശതമാനം ആയിരുന്നത് 1.83 ശതമാനം ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്.
2017 ജൂലെെ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നത്. അന്ന് നികുതി വരുമാനം 94,063 കോടി രൂപയായിരുന്നു. എന്നാല്‍ 2020 ജനുവരി ഒന്നിന് ഇത് 95,380 കോടി രൂപ മാത്രമാണ്. രണ്ടര വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ് 1.4 ശതമാനം മാത്രം. വികസിത രാജ്യങ്ങളില്‍ നികുതി വരുമാനത്തില്‍ ഓരോ വര്‍ഷവും 15–20 ശതമാനം വര്‍ധനവ് ഉണ്ടാകേണ്ടതാണ്. ഈ തോതിലുള്ള വളര്‍ച്ച ഇന്ത്യയിലും ഉണ്ടായിരുന്നു. ഈ അര്‍ത്ഥത്തില്‍, ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം ഉള്ള കാലയളവില്‍ നികുതിപിരിവില്‍ 30–35 ശതമാനം വര്‍ധനവ് ഉണ്ടാകേണ്ട സ്ഥാനത്താണ് വര്‍ധനവ് വെറും 1.4 ശതമാനം മാത്രമായി നില്‍ക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ഒരു രാജ്യത്തും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല. അവിടെയെല്ലാം ജിഎസ്ടി പരിഷ്ക്കാരം സമ്പദ്ഘടനയ്ക്ക് താങ്ങായി മാറുകയായിരുന്നു. ഒരു ഭരണകൂടത്തിന്റെ കഴിവുകേടിന്റെ സാക്ഷ്യപത്രമാണ് ജിഎസ്ടിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇന്ന് കാണുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ സ്രോതസുകള്‍ ഉല്പാദന വര്‍ധനവ്, ഉപഭോഗ വര്‍ധനവ്, ഉയര്‍ന്ന നിക്ഷേപം, കയറ്റുമതിയില്‍ ഉയര്‍ച്ച, ജനങ്ങളുടെ വരുമാനത്തിലെ വര്‍ധനവ്, വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന്റെ ഒഴുക്കില്‍ സംഭവിക്കുന്ന ഉന്നതി, പുതിയ കാലഘട്ടത്തില്‍ ശാസ്ത്ര‑സാങ്കേതികരംഗത്തെ കുതിപ്പുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തല്‍ എന്നിവയാണ്. ബജറ്റുപയോഗപ്പെടുത്തിയുള്ള ബിജെപി സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ എന്തെങ്കിലും പുരോഗതി കെെവരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ രാജ്യത്തെ പ്രതിശീര്‍ഷവരുമാനം 1.21 ലക്ഷം രൂപയാണ്. വികസിതരാജ്യങ്ങളില്‍ ഇത് 8.69 ലക്ഷം രൂപയാണ്.
ഇതിനര്‍ത്ഥം ശരാശരി ഇന്ത്യക്കാരന്റെ വരുമാനത്തിന്റെ ഏഴു മടങ്ങ് വരുമാനമുണ്ട് വികസിത രാജ്യങ്ങളിലെ മനുഷ്യര്‍ക്ക്. ഇന്നത്തെ നിലയില്‍ 50 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്ക് വികസിത രാജ്യങ്ങള്ക്കൊപ്പമെത്താനാകില്ല. വിദേശ രാജ്യങ്ങളില്‍ ചെന്നുനിന്ന് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍, ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ ഈ ദയനീയമായ അവസ്ഥ മോഡിയുടെ മനസില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മോഡി അധികാരത്തില്‍ എത്തിയ ഉടന്‍ ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കി. അധികാരങ്ങള്‍ മുഴുവന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിക്കുന്നു എന്നുറപ്പുവരുത്തി. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ഇതിന്റെ ഫലമായി രാജ്യത്തെ സംബന്ധിച്ച സത്യസന്ധമായ കണക്കുകള്‍ അപ്രത്യക്ഷമായി. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണ സ്വഭാവം ഇല്ലാതാക്കി. ഏകപക്ഷീയമായി നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പിലാക്കി. ജിഡിപിയുടെ 50 – 55 ശതമാനം സംഭാവന ചെയ്യുന്ന സ്വകാര്യ ഉപഭോഗം കുത്തനെ ഇടിഞ്ഞു. മൂലധന നിക്ഷേപം 2011‑ല്‍ 35 ശതമാനം ആയിരുന്നത് ഇപ്പോള്‍ 27 ശതമാനം ആയി കുറഞ്ഞു. ഗ്രാമീണ മേഖലയില്‍ വേതന വളര്‍ച്ച 27 ശതമാനം വരെ ആയിരുന്നത് മൂന്ന് ശതമാനം മാത്രമായി. കോര്‍പ്പറേറ്റുകള്‍ വേതന വര്‍ധനവ് നടപ്പിലാക്കുന്നില്ല എന്നു മാത്രമല്ല, കുറവു വരുത്തുകയും ചെയ്യുന്നു. തൊഴിലില്ലായ്മ 2019ല്‍ 7.6 ശതമാനം ആയി കുതിച്ചുയര്‍ന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, 2019‑ല്‍ വെെദ്യുതിയുടെ ഉപയോഗത്തില്‍ പോലും കുറവുണ്ടായി. ആരോഗ്യമേഖലയുടെ സ്ഥിതി ദയനീയമാണ്.
19–20ല്‍ ഈ മേഖലയ്ക്ക് വകയിരുത്തിയത് 62,398 കോടി രൂപയാണ്. ഇത് ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. മിക്ക രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ തുക ആരോഗ്യ മേഖലയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നുണ്ട്. 137 കോടി ജനങ്ങളുടെ ചികിത്സയ്ക്ക് 62,398 കോടി രൂപ മാറ്റിവച്ച സര്‍ക്കാരാണ്, ഒരു ശതമാനത്തിന് താഴെ മാത്രം വരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് 2019ല്‍ ബജറ്റിനു പുറത്ത് 1.45 ലക്ഷം കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ചത്. ഈ നയം മൂലം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ ജീവിതം വീര്‍പ്പുമുട്ടുമ്പോഴും രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും കോര്‍പ്പറേറ്റുകളുടെ ആസ്തി കുതിച്ചുയരുന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി 18–19 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനേക്കാള്‍ (24.42 ലക്ഷം കോടി രൂപ) കൂടുതലാണെന്നാണ്. 2019‑ല്‍ അതിസമ്പന്നരുടെ ആസ്തിയില്‍ 46 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം സാധാരണക്കാരുടെ ആസ്തിയില്‍ ഉണ്ടായ ശരാശരി വര്‍ധനവ് വെറും മൂന്ന് ശതമാനമാണ്. 30 ശതമാനം ഉണ്ടായിരുന്ന കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി വെട്ടിക്കുറച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ മറച്ചുവയ്ക്കുവാന്, ജനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്.
ഏകപക്ഷീയമായ ഈ നീക്കം മോഡിയും അമിത്ഷായും നിര്‍മ്മലാ സീതാരാമനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. മൂന്ന് ലക്ഷ്യമാണ് അവര്‍ക്കുള്ളത്. ഒന്ന്- സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാം. രണ്ട്- ഒപ്പം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി കൂടുതല്‍ തുക കെെമാറാം. മൂന്ന്- കേന്ദ്രനയങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി കൂടുതല്‍ വീര്‍പ്പുമുട്ടിക്കാം. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരിക കേരളമായിരിക്കും. കൂടുതല്‍ കടമെടുത്തും കൂടുതല്‍ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും നികുതി വീണ്ടും കൂട്ടിയും ഉള്ള സബ്സിഡി തന്നെ വെട്ടിക്കുറച്ചും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കുറവ് വരുത്തിയും പദ്ധതി ചെലവുകള്‍ വെട്ടിക്കുറച്ചും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പു പദ്ധതി ഇവയ്ക്കുള്ള വിഹിതത്തില്‍ കുറവു വരുത്തിയും ഇനി എത്രകാലം സര്‍ക്കാരിന് മുന്നോട്ടു പോകാനാകും? ഇതു തുടർന്നാൽ ബജറ്റിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും.
ബജറ്റില്‍ പറയുന്ന വരവും ചെലവും കമ്മിയും യാഥാര്‍ത്ഥ കണക്കുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെ എല്ലാ നടപടികളുടെയും അനന്തരഫലം ഏറ്റുവാങ്ങുന്നത് സാധാരണ ജനങ്ങളാണ്. അവരുടെ കെെയില്‍ കൂടുതല്‍ പണമെത്താനുള്ള ഒരു നടപടിയും ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല. തൊഴിലുറപ്പു പദ്ധതിക്ക് നിലവിലുള്ളതിന്റെ മൂന്നിരട്ടി തുകയെങ്കിലും അനുവദിക്കണമെന്നും വേതനം ഇരട്ടിയാക്കണമെന്നും കൂടുതല്‍ തൊഴില്‍ ദിനം നല്‍കണമെന്നും സാമ്പത്തികമാന്ദ്യം മറികടക്കുന്നതില്‍ ഈ മേഖലക്ക് വലിയ സംഭാവന ചെയ്യാനുണ്ടെന്നും ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതൊന്നും പരിഗണിക്കാതെ, സാമ്പത്തിക തകര്‍ച്ചയെയും മറ്റു പ്രതിസന്ധികളെയും വര്‍ഗീയതയിലൂന്നിയ നിലപാടുകളിലൂടെ മറികടക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അത് സാധ്യമാണെന്ന് ആറ് വര്‍ഷത്തെ അനുഭവം പഠിപ്പിക്കുന്നു. ബജറ്റിലൂടെ അധികമൊന്നും പൊതിഞ്ഞുവയ്ക്കാന്‍ ഇനി കഴിയില്ല. കാരണം കാര്യങ്ങള്‍ കെെവിട്ടുപോയിരിക്കുന്നു. രാജ്യം നേരിടുന്ന തകര്‍ച്ചയുടെ സാക്ഷ്യപത്രമായി ആ ബജറ്റ് മാറാനാണ് സാധ്യത.
English Summary:The central budget will become a testament to the economic downturn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.