ഫാത്തിമയുടെ മരണം; സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Web Desk
Posted on November 17, 2019, 8:56 am

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ചെന്നൈ സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷണം തുടങ്ങി. ഫാത്തിമയുടെ പിതാവ് ലത്തീഫില്‍നിന്ന് മൊഴിയെടുത്തു. സിസിബി അഡീഷണല്‍ കമ്മിഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കെ.ടി.ഡി.സി. ഹോട്ടലില്‍ ശനിയാഴ്ച രാവിലെ 7.45‑ന് തുടങ്ങിയ മൊഴിയെടുക്കല്‍ മൂന്നരമണിക്കൂര്‍ തുടര്‍ന്നു. ഫാത്തിമയുടെ സഹോദരി ആയിഷയുടെ മൊഴിയെടുക്കാനും ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ടാബ് എന്നിവയിലെ വിവരങ്ങള്‍ ശേഖരിക്കാനുമായി അന്വഷണ സംഘം കൊല്ലത്തുള്ള വീട്ടിലേക്ക് പോകും.

സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും അന്വേഷണസംഘം ഉറപ്പുനല്‍കിയതായി ലത്തീഫ് പറഞ്ഞു. ഫാത്തിമയെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ്ചെയ്യണമെന്നാണ് ലത്തീഫിന്റെ ആവശ്യം. നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് ശനിയാഴ്ച ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എകെ വിശ്വനാഥനെയും കണ്ടു. സ്വന്തം മകള്‍ക്ക് സംഭവിച്ച ദുരന്തമായിക്കണ്ട് അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കി.

ഐഐടിയിലെ ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തില്‍ കേസന്വേഷിച്ച കോട്ടൂര്‍പുരം പോലീസും ആത്മഹത്യാക്കുറിപ്പ്‌ നശിപ്പിച്ചുവെന്ന് സംശയിക്കുന്നതായും ലത്തീഫ് ആരോപിച്ചു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ കൃത്യമായി എഴുതിവെക്കുന്ന ശീലം ഫാത്തിമയ്ക്കുണ്ടായിരുന്നു. ചെറിയപ്രായംമുതല്‍ അപ്രധാന സംഭവങ്ങള്‍പോലും എഴുതിവെക്കും. മരിക്കുന്നതിനു മുമ്പ് 28 ദിവസത്തെ കാര്യങ്ങള്‍ കൃത്യമായി മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ സിസിബിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. ഫാത്തിമ താമസിച്ച ഹോസ്റ്റല്‍മുറി സിറ്റി പോലീസ് പോലീസ് കമ്മിഷണറും സിസിബി അഡീഷണല്‍ കമ്മിഷണറും വ്യക്തമായി പരിശോധിച്ചിരുന്നു.