ഫാത്തിമ ജീവനൊടുക്കാനിടയായ സംഭവം സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും

Web Desk
Posted on November 14, 2019, 9:43 pm

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫ് ജീവനൊടുക്കാനിടയായ സംഭവം സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. അഡീഷനൽ ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഓഫീസറുമായ മേഘാലിന, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എസ് പ്രഭാകരൻ എന്നിവർ സംഘത്തിലുണ്ടാവും. നിലവിൽ കോട്ടൂർപുരം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനെതിരേ വ്യാപകവിമർശനമുയർന്നിരുന്നു.

കേസിൽ സമഗ്രാന്വേഷണമാവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ കുടുബം ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഫാത്തിമയുടെ കുടുംബം കേരള മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. കൂടാതെ ഫാത്തിമയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരേ നടപടിയാവശ്യപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പ്രതിഷേധങ്ങളുമുണ്ടായി. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. ഇതിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈ ഐഐടിയിൽ സന്ദർശനം നടത്തിയതായും നിരവധി ആളുകളിൽനിന്ന് മൊഴിയെടുത്തതായും ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ കെ വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇത് ഗൗരവമായൊരു കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്.

അഡീഷനൽ പൊലീസ് കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം മരണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് സത്യം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. തന്റെ മരണത്തിനു കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്ന് ആത്മഹത്യാ കുറിപ്പിൽ ഫാത്തിമ വ്യക്തമാക്കിയിരുന്നു. ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരുടെ മാനസികപീഡനമുണ്ടായതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ സുദർശൻ പത്മനാഭൻ ഒളിവിലാണ്. ഫാത്തിമയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അതിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

ഫാത്തിമയുടെ മൊബൈൽ ഫോൺ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം പൊലീസ് നൽകാൻ തയാറായിയില്ല. പിന്നീട് മൊബൈൽ ഫോൺ വാങ്ങി നോക്കിയപ്പോഴാണു സുദർശൻ പത്മനാഭനെതിരേയുള്ള പരാമർശം കണ്ടത്. സുദർശൻ പത്മനാഭൻ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതിൽ 13 മാർക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാർക്കിനു കൂടി യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകീട്ടാണു ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉൾപ്പടെ 13 പേരെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളത്.

കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാർഥിനിയായിരുന്നു ഫാത്തിമ.

സുതാര്യമായ അന്വേഷണം വേണം: എംകെ സ്റ്റാലിൻ (ബോക്സ്)

ചെന്നൈ: മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഫാത്തിമയുടെ മരണത്തിൽ ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണമാണ് വേണ്ടത്. എം കെ സ്റ്റാലിൻ പറഞ്ഞു. വിദ്യാർഥിനിയുടെ മരണത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം. കാമ്പസുകളിലെ കാവിവത്ക്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകൾ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിസിഐഡി (ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ്) അന്വേഷണം വേണമെന്ന് മനിതനേയ മക്കൾകച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസിൽ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സിബിസിഐഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കൾ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി.