ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള മോഡി സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സ്ഥാപനം വാങ്ങാനായി കോർപ്പറേറ്റുകൾ കാണിക്കുന്ന നിസംഗതയാണ് സർക്കാരിന് തിരിച്ചടിയായത്. ഇതേതുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ( ഒഎൻജിസി) എന്നീ സ്ഥാപനങ്ങൾക്ക് കൂടി ലേലത്തിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയതായാണ് റിപ്പോർട്ട്. കൂടാതെ സ്വാകാര്യ കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കാനുള്ള നടപടികൾ ഏറെ സങ്കീർണമായതുകൊണ്ട് നടപ്പ് സാമ്പത്തിക വർഷം ധനക്കമ്മി കുറയ്ക്കാൻ കഴിയില്ല. 1.05 ലക്ഷം കോടി രൂപയാണ് സ്വകാര്യവൽക്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ബിപിസിഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിറ്റഴിക്കേണ്ടത് അനിവാര്യമാണ്. ആദ്യഘട്ടതിൽ വിറ്റഴിക്കൽ നടപടികളിൽ പങ്കെടുക്കാൻ ഐഒസി, ഒഎൻജിസി എന്നീ സ്ഥാപനങ്ങളെ അനുവദിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്ന 51.11 ശതമാനം ഓഹരികൾ ഒഎൻജിസി ഏറ്റെടുത്തിരുന്നു. 36,915 കോടി രൂപയാണ് ഇതിനായി ഒഎൻജിസി നിക്ഷേപിച്ചത്. ഇതിലുപരിയായി രാജ്യത്തെ 25 കോടിയോളം വരുന്ന തൊഴിലാളികളാണ് മോഡി സർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും മോഡി സർക്കാരിന്റെ നിലപാടുകളെ വിമർശിക്കുന്ന സമീപങ്ങളാണ് ബിഎംഎസ് ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകളും സ്വീകരിക്കുന്നത്.
you may also like this video;
മൊത്തം ആഭ്യന്തര ഉൽപ്പാദനവും 4.5 ശതമാനമായി പരിമിതപ്പെട്ടു. 2019 നവംബർ 20നാണ് ബിപിസിഎല്ലിന്റെ കേന്ദ്ര സർക്കാർ അധീനതയിലുള്ള 53.29 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്, കണ്ടൈനർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തേരി ഹൈഡ്രോ ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ ഇന്ത്യാ ലിമിറ്റഡ്, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നടപടികൾക്കും അംഗീകാരം നൽകിയിരുന്നു.
English Summary: The central decision to write off the public sector was a setback.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.