സി ആർ ജോസ് പ്രകാശ്

February 14, 2020, 5:05 am

കേന്ദ്ര സർക്കാരും കേരളത്തിന്റെ സമ്പദ്ഘടനയും

Janayugom Online

2018 ലും 19ലും ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ തീവ്രത ലോകത്തിനാകെ ബോധ്യപ്പെട്ടതാണ്. കേന്ദ്രത്തിൽ മറ്റേതൊരു സർക്കാരായിരുന്നെങ്കിലും ദുരന്തനിവാരണത്തിനുവേണ്ടി വരുന്ന തുകയുടെ 50 ശതമാനമെങ്കിലും ഏറ്റെടുക്കുമായിരുന്നു. ഇവിടെ അത് ഉണ്ടായില്ല എന്നു മാത്രമല്ല, മനുഷ്യസ്നേഹത്തോടെ വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത വലിയ തുകകൾ വാങ്ങാൻ അനുവദിച്ചതുമില്ല. 2019 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഏഴു സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപ അനുവദിച്ചപ്പോൾ, കേരളത്തിന് ഒരു രൂപ പോലും നൽകിയില്ല. നെല്ല് സംഭരിച്ചതിന്റെ കേന്ദ്രവിഹിതമായി കിട്ടേണ്ട 1035 കോടി രൂപ ഇനിയും നൽകിയിട്ടില്ല. ഇവിടെ പറഞ്ഞ കാര്യങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്.

ക്രൂരതയും അസഹിഷ്ണുതയും കഴിവുകേടും ഭരണഘടന ഉറപ്പാക്കുന്ന ഫെഡറൽ സംവിധാനത്തോടുള്ള പരമപുച്ഛവും ശിരസിലേറ്റിയ ഒരു സർക്കാരല്ല കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ, കേരളത്തിന്റെ സമ്പദ്ഘടന നിലവിലുള്ള സ്ഥിതിയെക്കാൾ എത്രയോ മെച്ചപ്പെട്ടതായി മാറുമായിരുന്നു. എങ്കിൽ ഫെബ്രുവരി ഏഴിന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തിൽ വൻ കുതിപ്പ് സൃഷ്ടിക്കുന്ന ഒന്നായി മാറുമായിരുന്നു. കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക വിലക്കുകൾക്കുള്ളിൽ നിന്നാണെങ്കിലും കേരളത്തെയും ജനജീവിതത്തെയും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ പ്രതിസന്ധികൾക്കിടയിലും വളർച്ചനിരക്കിൽ 7.5 ശതമാനം വർദ്ധനവുണ്ടായി എന്നത് ഒരു രജതരേഖ തന്നെയാണ്. ദേശീയതലത്തിൽ ഒരാളുടെ വാർഷികവരുമാനം 93,655 രൂപയായിരിക്കുമ്പോൾ, കേരളത്തിൽ അത് 1,48,078 രൂപയാണ് എന്നത് പ്രധാനപ്പെട്ട സംഗതിയാണ്. രാജ്യത്ത് പൊതുമേഖലാസ്ഥാപനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ, ഇവിടെ പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റുവരവിൽ 17.9 ശതമാനം വർധനവ് കൈവരിക്കുകയും പകുതിയിലധികം സ്ഥാപനങ്ങൾ (48) ലാഭത്തിലാവുകയും ചെയ്തിരിക്കുന്നു. മരണനിരക്ക് കുറയുകയും ദീർഘായുസ് സാധ്യമാകുകയും ചെയ്തിരിക്കുന്നു. എന്നാൽ 2013–14 മുതൽ 2018–19 വരെയുള്ള കാലയളവിൽ ശരാശരി റവന്യൂ വരുമാനത്തിൽ 13.26 ശതമാനം വർധനവുണ്ടായപ്പോൾ, ശരാശരി ചെലവിൽ 16.13 ശതമാനം വർദ്ധനവുണ്ടായി എന്നത് ആരോഗ്യകരമായ കാര്യമല്ല എന്നത് വസ്തുതയാണ്.

എന്നാൽ അതിന്റെ കാരണങ്ങൾ നമ്മൾ കണ്ടതാണ്. 2020‑ൽ തന്നെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നും മൂന്ന് മാസങ്ങൾക്കകം ക്ഷാമബത്ത കുടിശ്ശിക നൽകുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. 2020–21 ലെ നികുതി വരുമാനം 67,420 കോടിയും നികുതിയിതര വരുമാനം 14,587 കോടിയും കേന്ദ്രവിഹിതം 32,628 കോടിയും ഉൾപ്പെടെ ആകെ 1,14,635 കോടി രൂപയാണ് വരവ്. കടം വാങ്ങുന്നതിലൂടെയും മറ്റുമുള്ള വരവ് 29,575 കോടി രൂപവരും. ഇതുകൂടി കണക്കാക്കിയാൽ മൊത്തം വരവ് 1,42,210 കോടി രൂപയായി മാറും. റവന്യൂ ചെലവും മൂലധന ചെലവും ഉൾപ്പെടെ ആകെ ചെലവ് 1,44,265 കോടി രൂപയാണ്. അതിൽ ശമ്പളത്തിന് 33,024 കോടിയും പെൻഷന് 20, 970 കോടിയും പലിശ്ശക്കു 19,850 കോടിയും ഗ്രാന്റ് ഇൻ എയ്ഡ്ന് 3201 കോടിയും സബ്സിഡിക്ക് 2054 കോടിയും ചെലവഴിക്കും. സർക്കാരിന്റെ ആഭ്യന്തരകടം 1,92,871 കോടിയും കേന്ദ്രത്തിൽ നിന്നുള്ള ലോൺ 9,842 കോടിയും പ്രൊവിഡന്റ് ഫണ്ട് ഇനത്തിലുള്ള 34,216 കോടിയും ട്രഷറി ഡെപ്പോസിറ്റായ 47,257 കോടിയും (ഈ തുകക്കെല്ലാം പലിശ കൊടുക്കേണ്ടതാണ്) ഉൾപ്പെടെ മൊത്തം കടം 2,92,086 കോടി രൂപയാണ്. മൊത്തം ചെലവിന്റെ 18 ശതമാനം ഇതിന് പലിശയായി നൽകണം.

ഈ സാഹചര്യത്തിൽ നിന്നുകൊണ്ടു തന്നെ ഒട്ടേറെ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ക്ഷേമപെൻഷന് 100 രൂപയുടെ വർദ്ധനവ്, പ്രവാസി ക്ഷേമത്തിന് 90 കോടി, ഗ്രാമീണ റോഡിന് 1000 കോടി, നെൽക്കൃഷിക്ക് 40 കോടി, വനിതാക്ഷേമത്തിന് 1509 കോടി, പച്ചക്കറി വിതരണത്തിന് 500 കോടി, കശുവണ്ടി മേഖലയ്ക്ക് 135 കോടി, കുട്ടനാട് പാക്കേജിന് 750 കോടി, 25 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കൽ, ഒരു ലക്ഷം പേർക്കുകൂടി വീടു നൽകൽ, കാൻസർ ചികിത്സക്കുള്ള മരുന്ന് വിലകുറച്ചു നൽകൽ, ജില്ലകളിൽ ഷി’ ലോഡ്ജുകൾ ആരംഭിക്കൽ, കിഫ്ബി പദ്ധതികൾ വ്യാപകമാക്കൽ, കേരളബാങ്ക് പ്രവർത്തനമാരംഭിക്കൽ, ജലപാത തുറക്കൽ തുടങ്ങി സമസ്ത മേഖലകളിലും വളർച്ചയും വികാസവും ഉറപ്പാക്കുന്ന നൂറ് കണക്കിന് പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. 1103 കോടി രൂപയുടെ വിഭവസമാഹരണ നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ട്. കഴിഞ്ഞ നാലു വർഷത്തെ അനുഭവം വിലയിരുത്തിയാൽ, ഈ പ്രഖ്യാപനങ്ങളിൽ 70–80 ശതമാനം യഥാസമയം നടപ്പിലാകും എന്ന് ഉറപ്പിക്കാനാകും. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും കലവറയില്ലാത്ത കോർപ്പറേറ്റ് താൽപര്യങ്ങളും ഇടതുപക്ഷ സർക്കാരിനോടുള്ള അസഹിഷ്ണുതയും അതിന്റെ ഭാഗമായുള്ള സാമ്പത്തിക വീർപ്പുമുട്ടിക്കലും രൗദ്രഭാവത്തിൽ ആർത്തിരമ്പി വരുമ്പോൾ, സാധാരണ ഗതിയിൽ ഒരു സംസ്ഥാനസർക്കാർ ആടിയുലഞ്ഞ് നിലംപതിക്കേണ്ടതാണ്. എന്നാൽ ഇവിടെ ഉറച്ച ചുവടുകളോടെ, ബദൽ വഴികൾ കണ്ടെത്തി, ചുറ്റും കട്ടപിടിച്ചു നിൽക്കുന്ന പ്രതിസന്ധികളെ ശക്തമായി മറികടക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നത്.

അവസാനിച്ചു

Eng­lish sum­ma­ry: The Cen­tral Gov­ern­ment and the Econ­o­my of Kerala