August 9, 2022 Tuesday

കേന്ദ്ര സർക്കാരും കേരളത്തിന്റെ സമ്പദ്ഘടനയും

സി ആർ ജോസ് പ്രകാശ്
February 13, 2020 4:20 am

ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ ധനസംബന്ധമായ ആവശ്യങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു സാമ്പത്തിക രൂപരേഖ എന്നാണ് ബജറ്റിനെ നിർവ്വചിച്ചിരിക്കുന്നത്. സർക്കാരിന്റെ പണമിടപാടുകളെ സംബന്ധിച്ച് പൂർണമായതും ശരിയായതുമായ ഒരു ചിത്രീകരണം ബജറ്റിൽ ഉണ്ടാകണം. ബജറ്റ് വെറും വരവു ചെലവുകണക്കാക്കരുത്. മറിച്ച് സാമൂഹ്യ, സാമ്പത്തിക മണ്ഡലങ്ങളിൽ അടിസ്ഥാന പരിവർത്തനം നടത്തുന്ന ശക്തമായ ഒരു സാമ്പത്തിക ഉപകരണമായി ആധുനിക ബജറ്റ് മാറണം എന്നതാണ് ജനാധിപത്യയുഗത്തിലെ അടിസ്ഥാന പ്രമാണം. ഈ അർത്ഥത്തിൽ പരിശോധിച്ചാൽ, 2020–21 സാമ്പത്തിക വർഷത്തേക്ക് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ അടിത്തറയോ പൂർണതയോ ഉള്ള ഒരു ബജറ്റായി കണക്കാക്കാനാകില്ല.

അതിന്റെ ഉള്ളടക്കം നേരത്തെ ചർച്ച ചെയ്തിട്ടുള്ളതിനാൽ അതിലേക്കുകടക്കുന്നില്ല. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികവും സാമ്പത്തികേതരവുമായ എല്ലാ കാര്യങ്ങളും ഏറ്റവും കൂടുതൽ വിലയിരുത്തപ്പെടുക ബജറ്റ് കാലയളവിലായിരിക്കുമെന്നത് സ്വാഭാവികം. ഈ രണ്ടു ബജറ്റുകളും അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞ ഈ പ്രത്യേക സാഹചര്യത്തിൽ, കഴിഞ്ഞ ആറു വർഷമായി കേന്ദ്രഭരണം നടത്തുന്ന ബിജെപി സർക്കാരിന്റെ നടപടികൾ, കേരളത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നു വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ബിജെപി സർക്കാരിന് മുൻപ് രാജ്യം ഭരിച്ച, കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ, എല്ലാ കാര്യത്തിലും കേരളത്തോട് നീതി പുലർത്തി എന്ന അർത്ഥത്തിലല്ല ഇവിടെ കാര്യങ്ങൾ വിലയിരുത്തുന്നത്. എ കെ ആന്റണിയും വയലാർ രവിയും ഉൾപ്പെടെയുള്ളവർ ക്യാബിനറ്റ് മന്ത്രിമാരായിരുന്ന ഘട്ടങ്ങളിൽ പോലും കേരളം അവഗണന ഏറ്റുവാങ്ങിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ബിജെപി ഭരണകാലഘട്ടം, സമാനതകളില്ലാത്ത ദുരന്തത്തിൽ കേരളത്തെ കൊണ്ടുചെന്നെത്തിച്ചു എന്നതാണ് വസ്തുത. ഇത് ചരിത്രത്തിൽ ആദ്യമാണ്. നോട്ടുനിരോധനം രാജ്യത്തെയാകെ പ്രതികൂലമായി ബാധിച്ചുവെങ്കിലും അതേറ്റവും കൂടുതൽ കെടുതികൾ സൃഷ്ടിച്ചത് കേരളത്തിലാണ്. അതിൽ നിന്നുള്ള മോചനം ഇന്നും സാധ്യമായിട്ടില്ല.

2017 ജൂലൈ മാസത്തിലാണ് ജിഎസ്‌ടി നടപ്പിലാക്കിയത്. ലോകത്ത് ജിഎസ്‌ടി നടപ്പിലാക്കിയ രാജ്യങ്ങളുടെ അനുഭവം വച്ചാണെങ്കിൽ, അത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് വലിയ കരുത്തേകേണ്ടതായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്‌ടി വലിയ കരുത്താകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടും ഗൃഹപാഠമില്ലായ്മയും ദീർഘവീക്ഷണമില്ലായ്മയും കൊണ്ട് എല്ലാം താളം തെറ്റി. 2019–20‑ൽ ജിഎസ്‌ടി വരുമാനത്തിൽ 17 ശതമാനം വർധനവ് പ്രതീക്ഷിച്ചു. എന്നാൽ ലഭിച്ചത് 1.94 ശതമാനം മാത്രം. കേന്ദ്രസർക്കാരിനു മാത്രമല്ല, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും ഇത് തിരിച്ചടിയായി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ നികുതി വരുമാനത്തിൽ ഓരോ വർഷവും 18–20 ശതമാനം വരെ വർദ്ധനവുണ്ടായിക്കൊണ്ടിരുന്നു. എന്നാൽ, ജിഎസ്‌ടി വന്നപ്പോൾ സംസ്ഥാനം നിസ്സഹായമായി മാറി. ജിഎസ്‌ടി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ 20–22 ശതമാനം വരെ വളർച്ച കൈവരിക്കാൻ കഴിയുമായിരുന്നു. ജിഎസ്‌ടി വരുമാനത്തിൽ സംസ്ഥാനത്തിന് 14 ശതമാനം വർദ്ധനവ് ഉണ്ടാകുന്നില്ലെങ്കിൽ കേന്ദ്രസർക്കാർ അതിന് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും ബിജെപി സർക്കാർ അത് കൃത്യതയോടെ ചെയ്യുന്നില്ല. 3000 കോടി രൂപ ഇപ്പോഴും കേരളത്തിന് കുടിശ്ശികയാണ്. ജിഡിപി വളർച്ച രണ്ടക്ക സംഖ്യയിൽ (10%) എത്തിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം.

എന്നാൽ വളർച്ചനിരക്ക് 4.55 ശതമാനത്തിലേക്ക് തകർന്നുവീണു. ഇത് കേരളത്തേയും ബാധിച്ചു. ജനങ്ങളുടെ ക്രയശേഷിയിൽ എല്ലാ വർഷവും വർധനവുണ്ടാകുമായിരുന്നു. എന്നാൽ അതിൽ 8.86 ശതമാനം കുറവുണ്ടായിരിക്കുന്നു. വാഹനവിൽപ്പന, വസ്തുവിൽപ്പന, കെട്ടിട നിർമ്മാണം തുടങ്ങി എല്ലാ കാര്യത്തിലും മാന്ദ്യം അനുഭവപ്പെട്ടപ്പോൾ കേരളത്തിന്റെ വരുമാനത്തിലും അത് കുറവ് സൃഷ്ടിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും ഒരുമിച്ചുണ്ടായത് കേരളത്തെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 2.77 ശതമാനം ജീവിക്കുന്നത് കേരളത്തിലാണ്. സ്വാഭാവികമായും ജനസംഖ്യാനുപാതികമായി കേന്ദ്രവിഹിതം നിശ്ചയിക്കുമ്പോൾ, കേരളത്തിന് 22,212 കോടി രൂപ കിട്ടണമായിരുന്നു. എന്നാൽ പുതിയ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്, 15,236 കോടി രൂപ മാത്രമാണ്. 6976 കോടി രൂപയാണ് നഷ്ടമായത്. കഴിഞ്ഞ വർഷം നൽകിയ തുകയിൽ (16,401 കോടി രൂപ) പോലും 1164 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. അതേസമയം മിക്ക ബിജെപി സർക്കാരുകൾക്കും ജനസംഖ്യാനുപാതികമോ അതിൽ കൂടുതലോ തുക വകയിരുത്തുകയും ചെയ്തു.

പ്രളയത്തിന്റേയും സാമ്പത്തിക മാന്ദ്യത്തിന്റേയും പ്രത്യേക സാഹചര്യത്തിൽ കേരളത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടുവന്നതാണ്. എന്നാൽ അങ്ങനെ ചെയ്തില്ല എന്നു മാത്രമല്ല, 2018–19 ൽ 24,915 കോടി രൂപ വായ്പയായി കിട്ടിയ സ്ഥാനത്ത്, 2019–20 ൽ 5325 കോടി രൂപയുടെ കുറവ് വരുത്തുകയും ചെയ്തു. തൊഴിലുറപ്പു പദ്ധതിയിൽ 13 ശതമാനം വെട്ടിക്കുറവുവരുത്തുകയും കുടിശ്ശിക നൽകാതിരിക്കുകയും ചെയ്തത് കേരളത്തിന് വിനയായി മാറി.

കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തത് കേരളത്തിന് ദോഷമായി മാറി. ഭക്ഷ്യസാധനങ്ങൾ, വളം, മണ്ണെണ്ണ, പാചകഗ്യാസ് എന്നിവയുടെ സബ്സിഡി വെട്ടിക്കുറച്ചപ്പോൾ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ അതു ബാധിച്ചു. കേന്ദ്രസർക്കാരിന്റെ തെറ്റായ ഇറക്കുമതിനയം മൂലമാണ് റബറിന്റെ വില ഇടിഞ്ഞത്. അതുമൂലം കർഷകർക്ക് ഒരു കിലോ റബറിന് 150 രൂപയെങ്കിലും കിട്ടാൻ 500 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടി വന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഉയരത്തിൽ (7.2 ശതമാനം) എത്തിയത് കേരളത്തെയും പ്രതികൂലമായി ബാധിച്ചു. കേന്ദ്രസർവീസിൽ 7.26 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതിൽ നിയമനം നടന്നിരുന്നെങ്കിൽ 50,000‑ൽ അധികം മലയാളികൾ കേന്ദ്രസർവ്വീസിൽ എത്തുമായിരുന്നു. അവരിലൂടെ കോടിക്കണക്കിന് രൂപ മാർക്കറ്റിലും എത്തുമായിരുന്നു. പുതിയ കേന്ദ്രപദ്ധതികൾ നിഷേധിക്കുക, റയിൽവേയ്ക്ക് ആവശ്യമായതിന്റെ 20 ശതമാനം തുകപോലും അനുവദിക്കാതിരിക്കുക, എയിംസ് പരിഗണിക്കാതിരിക്കുക, ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി വരുന്ന തുകയുടെ 50 ശതമാനം സംസ്ഥാനത്തിന്റെ ബാധ്യതയായി മാറ്റുക ഇതിലൂടെയെല്ലാം ശോഷിക്കുന്നത് സംസ്ഥാനത്തിന്റെ ഖജനാവാണ്. അവസാനിക്കുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.