സ്വന്തം ലേഖകൻ

December 15, 2019, 9:34 pm

ഇൻഷുറൻസ് രംഗവും കേന്ദ്രസർക്കാർ തീറെഴുതുന്നു

Janayugom Online

ന്യൂൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട ഇൻഷുറൻസ് കമ്പനികളെ വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളുമായി മോഡി സർക്കാർ. ഇതിനായി പരമാവധി 74 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ 49 ശതമാനമാണ് ഇൻഷുറൻസ് മേഖലയിലെ പരമാവധി വിദേശ നിക്ഷേപം. 2020ലെ വാർഷിക ബജറ്റിൽ ഈ തീരുമാനം പ്രഖ്യാപിക്കാനാണ് മോഡി സർക്കാരിന്റെ നീക്കം. പുതിയ തീരുമാനം നടപ്പാകുമ്പോൾ എൽഐസി ഉൾപ്പെടെയുള്ള കമ്പനികളുടെ നിയന്ത്രണം വിദേശ കോർപ്പറേറ്റുകളുടെ കൈകളിലെത്തും.

ജനറൽ ഇൻഷുറൻസ് മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണൽ ജനറൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ്, ഓറിയെന്റൽ ഇൻഷുറൻസ് എന്നീ കമ്പനികളെ ലയിപ്പിച്ച് സ്റ്റോക്ക് എക്സേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനുള്ള നടപടികളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിനായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി.

you may also like this video;

വിദേശ നിക്ഷേപത്തിന്റെ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി മണി ബില്ലായി അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം, രാജ്യസഭയിലെ എതിർപ്പ് ഒഴിവാക്കാനാണ് ഈ തീരുമാനം. വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നിർദ്ദേശം ആരാഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലെപ്പ്മെന്റ് അതോറിറ്റി ഈ മാസം രണ്ടിന് കത്തയച്ചിരുന്നു. നേരത്തെ വിദേശ നിക്ഷേപങ്ങളുടെ പരിധി 26 ശതമാനമായിരുന്നത് 2015ലാണ് 49 ശതമാനമായി വർധിപ്പിച്ചത്.

അപ്പോഴും കമ്പനികളുടെ ഉടമസ്ഥാവകാശം ഇന്ത്യൻ കമ്പനികൾക്കോ വ്യക്തികൾക്കോ ആകണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇൻഷുറൻസ് മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ‌ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപ പരിധി ഉയർത്തി നിയന്ത്രണാവകാശം വിദേശ കമ്പനികൾക്ക് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് പോളിസികളുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിൽ പ്രതിസന്ധികളുണ്ടാകം. കൂടാതെ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകും.

കൂടാതെ വിവിധ പോളിസികളിലായുള്ള സഹസ്രകോടികളുടെ ആഭ്യന്തര നിക്ഷേപം വിദേശ കോർപ്പറേറ്റുകളുടെ കൈകളിലെത്തും. നിലവിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ഇൻഷുറൻസ് കമ്പനികളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ തോത് 74 ശതമാനത്തോളമാണ്. പുതിയ ചട്ടം നിലവിൽ വരുന്നതോടെ അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ പോളിസി ഉടമകൾക്ക് ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

you may also like this video;