കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല: പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് ബിഎസ്എന്‍എല്‍

Web Desk
Posted on May 28, 2019, 10:02 pm

ബഷീര്‍ കല്ലായി

മഞ്ചേരി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ ആശങ്കയിലായിരിക്കയാണ്. നിലനില്‍പ്പിനായുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനോട് തീര്‍ത്തും അവഗണനാ മനോഭാവമാണെടുക്കുന്നഹറ. ഇത് വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സ്വയം കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതര കമ്പനികളുമായി മത്സരിക്കാനുള്ള സാമ്പത്തികശേഷിയില്ല. അതുകൊണ്ട് മറ്റു സേവനദാതാക്കളെല്ലാം ഫോര്‍ ജിയിലേക്ക് മാറിയിട്ട് നാളുകളേറെയായെങ്കിലും ബി എസ് എന്‍ എല്‍ ഇപ്പോഴും ത്രീജിയില്‍ തുടരുകയാണ്. ലേലത്തില്‍ പങ്കെടുത്ത് സ്‌പെക്ട്രം ഫോര്‍ ജി നേടിയെടുക്കാനുള്ള സാമ്പത്തിക ശേഷി ബിഎസ്എന്‍എല്ലിനില്ല. ഇതിനായി സബ്‌സിഡി നല്‍കാനോ വായ്പയെടുത്ത് ലേലത്തില്‍ പങ്കെടുക്കുന്നതിന് അനുമതി അനുമതി നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്നതിനോ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനോ തീരുമാനമെടുക്കുന്നതിനു പകരം തികഞ്ഞ അലംഭാവമാണ് വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ കിടമത്സരം നേരിടാന്‍ ബി എസ് എന്‍ എല്ലിന് കഴിയാത്തതും ഇക്കാരണം കൊണ്ടുതന്നെ.
നിലവില്‍ വായ്പാ ബാധ്യതകളൊന്നുമില്ലാതിരുന്നിട്ടു കൂടി സ്ഥാപനത്തിന് ലോണ്‍ അനുവദിക്കാത്തതിന് കാരണം, ബി എസ് എന്‍ എല്‍ മുന്നോട്ടു കുതിക്കുന്നത് മറ്റു പല കോര്‍പ്പറേറ്റുകളെയും ബാധിക്കുമെന്നതിനാലാണെന്നും ഇത് രാജ്യം ഭരിക്കുന്നവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ഥാപനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വിവരണാതീതമാണ്. വാടക കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന കാര്യാലയങ്ങളിലേറെയും മാസങ്ങളായി വാടക കുടിശിക വരുത്തിയിരിക്കയാണ്. ടവറുകള്‍ക്ക് വാടക നല്‍കാനാവുന്നില്ല. വൈദ്യുതി ബില്ല് പോലും മാസങ്ങളായി കുടിശ്ശികയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തില്‍ ശമ്പളയിനത്തില്‍ കുടിശ്ശിക വരുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ തല്‍ക്കാലം ജീവനക്കാര്‍ രക്ഷപ്പെട്ടു. എന്നാല്‍ വരും കാലങ്ങളില്‍ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പും നല്‍കാനാവില്ലെന്ന സ്ഥിതിയിലാണ്.
പണം നല്‍കാത്തതിനാല്‍ ബി എസ് എന്‍ എല്‍ കരാര്‍ ജീവനക്കാര്‍ നേരത്തെ പണി നിര്‍ത്തി വെച്ചിരുന്നു. കേരളത്തില്‍ മാത്രം കരാര്‍ ഇനത്തില്‍ നൂറു കോടി രൂപയോളം നല്‍കാനുണ്ടെന്നാണ് കണക്ക്. ഇതില്‍ 25 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ബില്ലുകളുണ്ട്. 2018 ജൂലൈ മാസത്തിനു ശേഷമുളള ബില്ലുകളാണ് കുടിശികയായിട്ടുള്ളത്. ഇത് തീര്‍ക്കാത്ത പക്ഷം കരാര്‍ ജോലി തുടരാനാകില്ലെന്ന് കാണിച്ച് കരാറുകാര്‍ മെയ് 15ന് പ്രധാന എക്‌സ്‌ചേഞ്ചുകളിലെ എ സി പ്ലാന്റ് ഓപ്പറേഷന്‍ ഒഴികെയുള്ള ജോലികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എ സി പ്ലാന്റ് ഓപ്പറേഷന്‍ നിര്‍ത്തിവെച്ചാല്‍ ഇത് രാജ്യത്തെ വാര്‍ത്താ വിനിമയം അവതാളത്തിലാകും. എന്നാല്‍ മെയ് 31നകം തീരുമാനമാകാത്ത പക്ഷം ഇതും നിര്‍ത്തിവെക്കുമെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്. മൊബൈല്‍ ടവര്‍ പരിപാലനവും നിലച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയം കനിയാതെ ഇനി ഒരടി മുന്നോട്ടു പോകാനാവില്ലെന്ന സ്ഥിതിയിലാണ് ബിഎസ്എന്‍എല്‍.