November 29, 2022 Tuesday

Related news

November 28, 2022
November 27, 2022
November 27, 2022
November 25, 2022
November 25, 2022
November 25, 2022
November 25, 2022
November 22, 2022
November 22, 2022
November 20, 2022

ആരോഗ്യ സേതു: ക്ഷമാപണം നടത്തി കേന്ദ്ര സർക്കാർ

Janayugom Webdesk
ന്യൂഡൽഹി
December 8, 2020 9:34 pm

ആരോഗ്യ സേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും കൈമാറുന്നതിൽ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും (സിപിഐഒ), വിവിധ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും വീഴ്ച വരുത്തിയ സംഭവത്തിൽ വിവരാവകാശ കമ്മിഷനു മുൻപാകെ നിരുപാധികം ക്ഷമാപണം നടത്തി കേന്ദ്ര സർക്കാർ.

നേരത്തെ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന വിവരാവകാശ ഹർജിക്ക് ഉത്തരം നൽകാൻ സർക്കാരിന് കഴിയാതെ വന്ന സാഹചര്യത്തിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ വിശദീകരണം നൽകാനാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് നോട്ടീസ് നൽകിയിരുന്നു. സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ആപ്പ് നിർമ്മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങൾ, നിർമ്മിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സർക്കാർ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ്ലിക്കേഷൻ നിർമ്മിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ്പ് നിർമ്മിച്ചതെന്ന് അറിയിച്ചു. ആപ്പ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്ന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററും അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ–ഗവേണൻസ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി.

ഇത്തരത്തിൽ അധികൃതർ വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വിവരാവകാശ മന്ത്രാലയം അറിയിച്ചു. തുടർന്ന് gov.in എന്ന ഡൊമെയ്ൻ നാമം ഉപയോഗിച്ച് വെബ്സൈറ്റ് എങ്ങനെ സൃഷ്ടിച്ചുവെന്നും വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചവരുത്തിയത് സംബന്ധിച്ചും നവംബർ 24 നകം വിശദീകരണം നൽകാൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നാഷണൽ ഇ‑ഗവേണൻസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവയുടെ സിപിഐഒകൾക്ക് കമ്മിഷൻ നോട്ടീസ് നൽകുകയായിരുന്നു.

സംഭവം വിവാദമായ സാഹചര്യത്തിൽ ആപ്പുമായി ബന്ധപ്പെട്ടവരുടെ പേരുകൾ ഇതിനോടകം തന്നെ പൊതുമണ്ഡലത്തിൽ ഉണ്ടെന്ന് കാട്ടി സർക്കാർ പ്രതികരണവുമായി രംഗത്തുവന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി 21 ദിവസത്തോളമെടുത്ത് റെക്കോഡ് സമയംകൊണ്ട് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം, പൊതു-സ്വകാര്യ സഹകരണത്തോടെ ഏറ്റവും സുതാര്യമായ രീതിയിലാണ് ആരോഗ്യസേതു ആപ്പ് നിർമ്മിച്ചെടുത്തതെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ അവകാശപ്പെട്ടിരുന്നു.

പിന്നീട് ഹർജിയിൽ വാദം കേൾക്കുന്ന ദിവസം നിരുത്തരവാദപരമായ ഇടപെടൽ നടത്തിയതിന് ബന്ധപ്പെട്ട സിപിഐഒകൾക്കുവേണ്ടി ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് നിരുപാധികം ക്ഷമാപണം നടത്തുകയായിരുന്നു. ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന വിഷയം പ്രാധാന്യമുള്ളതാണെന്നും ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷ ഉദ്യോഗസ്ഥർ മോശമായി കൈകാര്യം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും ആപ്പ് വഴി സ്വീകരിക്കുന്ന വിവരങ്ങൾ അങ്ങേയറ്റം സുരക്ഷിതമാണെന്നും, വിവരാവകാശ ഹർജിയുമായി ബന്ധപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ കമ്മിഷനുമുൻപാകെ ക്ഷമാപണത്തോടെ അറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Cen­tral Gov­ern­ment has apol­o­gized on Aro­gya setu app issue
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.